മത്സരമാവുമ്പോൾ തോൽക്കും, പക്ഷെ ഇങ്ങനെ നാണംകെട്ട് തോൽക്കരുത്. ഷാഹിദ് അഫ്രിദിയുടെ ‘പാക് അറ്റാക്’..

virat and shaheen

ഇന്ത്യക്കെതിരായ സൂപ്പർ 4 മത്സരത്തിലെ കനത്ത പരാജയത്തിനുശേഷം പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുൻ പാക് താരം ഷാഹിദ് അഫ്രിദി. തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് അഫ്രിദി രൂക്ഷമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ വിമർശിച്ചത്. പരാജയമെന്നത് മത്സരത്തിന്റെ ഭാഗമാണെന്നും, എന്നാൽ പോരാടാൻ പോലും തയ്യാറാവാതെ നിലം പതിക്കുന്നത് വളരെ മോശം കാര്യമാണെന്നും അഫ്രിദി തന്റെ ട്വിറ്ററിലൂടെ രേഖപ്പെടുത്തുകയുണ്ടായി. ഒപ്പം വിരാട് കോഹ്ലി, രാഹുൽ എന്നിവർക്ക് പ്രശംസകൾ അറിയിച്ചു കൂടിയാണ് അഫ്രിദി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

“വിജയങ്ങളും പരാജയങ്ങളും മത്സരത്തിന്റെ ഭാഗമാണ്. പക്ഷേ ഒരു പോരാട്ടം പോലും മുന്നിലേക്ക് വയ്ക്കാതെ, വിജയത്തിനായി ശ്രമിക്കുക പോലും ചെയ്യാത്തത് വളരെ മോശം കാര്യമാണ്. ഇക്കാര്യമാണ് ഞാൻ എന്റെ മുൻപിലത്തെ ട്വീറ്റിലും പറഞ്ഞിരുന്നത്. ഇന്ത്യൻ നിര മത്സരത്തിൽ ഒന്നാം നമ്പർ ടീമായി കളിച്ചു. ഫീൽഡിങ്ങിലും ബാറ്റിങ്ങിലും ബോളിങ്ങിലും അവർ മികവ് പുലർത്തി. ഏകദിന റൺസിന്റെ കാര്യത്തിൽ ഒരു നാഴിക കല്ലുകൂടി വിരാട് കോഹ്ലി പിന്നിട്ടു. ഞാൻ കോഹ്ലിയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഒപ്പം കെഎൽ രാഹുലും മികച്ച പ്രകടനം മത്സരത്തിൽ നടത്തി. എന്നിരുന്നാലും പാകിസ്ഥാൻ അടുത്ത മത്സരത്തിൽ ശക്തമായി തിരിച്ചുവരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”- അഫ്രിദി പറഞ്ഞു.

Read Also -  "അഗാർക്കാർ ഭായ്, ദയവുചെയ്ത് അവനെ ലോകകപ്പിനുള്ള ടീമിലെടുക്കൂ"- റെയ്‌നയുടെ അഭ്യർത്ഥന.

വളരെയധികം ദയനീയമായ പരാജയം തന്നെയായിരുന്നു മത്സരത്തിൽ പാകിസ്ഥാൻ നേരിട്ടത്. ശക്തമായ ബോളിങ് നിരയുമായി മത്സരത്തിലേക്കെത്തിയ പാകിസ്ഥാനെ ഇന്ത്യൻ ബാറ്റർമാർ അടിച്ചു തൂക്കുന്നതാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി വിരാട് കോഹ്ലിയും രാഹുലും അടക്കമുള്ള ബാറ്റർമാർ നിറഞ്ഞാടുന്നതാണ് കണ്ടത്. മത്സരത്തിൽ കോഹ്ലി 94 പന്തുകളിൽ 122 റൺസ് നേടിയപ്പോൾ, രാഹുൽ 106 പന്തുകളിൽ 111 റൺസ് നേടി. ഇങ്ങനെ ഇന്ത്യ 356 എന്ന ഭീമാകാരമായ സ്കോറിൽ എത്തുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് തുടക്കം മുതൽ കാര്യങ്ങൾ പിഴച്ചു. ഇന്ത്യൻ ബോളർമാർ കൃത്യമായ ലൈനും ലെങ്തും കണ്ടെത്തിയതോടെ പാകിസ്താന്റെ അസ്ഥിരമായ ബാറ്റിംഗ് നിര പരാജയം ഏറ്റുവാങ്ങി. 27 റൺസ് നേടിയ ഫക്കർ സമൻ മാത്രമാണ് പാക്കിസ്ഥാൻ നിരയിൽ അല്പസമയം പിടിച്ചുനിന്നത്. കേവലം 128 റൺസിന് പാകിസ്ഥാൻ ഓൾഔട്ട് ആവുകയായിരുന്നു. ഇന്ത്യക്കായി കുൽദീപ് 5 വിക്കറ്റുകളുമായി മികച്ച പ്രകടനം പുറത്തെടുത്തു. മത്സരത്തിൽ 228 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്. ഈ വലിയ വിജയത്തോടെ ഇന്ത്യയുടെ ഏഷ്യാകപ്പ് ഫൈനൽ സാധ്യതകൾ വർദ്ധിച്ചിട്ടുണ്ട്.

Scroll to Top