ഇന്ത്യയും പാകിസ്താനും തമ്മിൽ വൈകാതെ തന്നെ ക്രിക്കറ്റ് പരമ്പരകൾ പുനരാരംഭിക്കും എന്നാണ് ക്രിക്കറ്റ് ലോകത്തിലെ പുതിയ ചർച്ച . നേരത്തെ പാകിസ്ഥാനിലെ ഒരു പത്രത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ഉദ്ധരിച്ച് പുറത്തുവന്ന വാർത്തയാണ് ഇതിന് ആധാരം . എന്നാൽ വൈകാതെ തന്നെ ഇത്തരം വാർത്തകൾ വ്യാജം എന്നാണ് ബിസിസിയിലെ ചില ഉന്നത വൃത്തങ്ങൾ പറയുന്നത് . എങ്കിലും ഇങ്ങനെ ഒരു പരമ്പര എല്ലാവരും വളരെയേറെ ആഗ്രഹിക്കുന്നുണ്ടെന്ന് അഭിപ്രായപെടുകയാണ് പാകിസ്ഥാൻ ക്രിക്കറ്റർ ഷാഹിദ് അഫ്രീദി . ഇന്ത്യക്കും പാകിസ്താനും ഇടയിലെ ക്രിക്കറ്റ് വളരെ പ്രധാനപ്പെട്ടതെന്നാണ് അഫ്രീദി വിശേഷിപ്പിക്കുന്നത് .
ക്രിക്കറ്റ് എപ്പോഴും രാഷ്ട്രീയത്തിൽ നിന്ന് അകറ്റിനിർത്തപ്പെടണം. ക്രിക്കറ്റ് കൊണ്ട് ഒരുപരിധി വരെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാം .
രാജ്യങ്ങൾക്കിടയിലുള്ള ബന്ധം മികച്ചതാക്കി മാറ്റുവാൻ ക്രിക്കറ്റിന് കഴിയും എന്നാണ് താൻ ഉറച്ച് വിശ്വസിക്കുന്നതെന്നും ഷാഹിദ് അഫ്രീദി പറയുന്നു. സ്പോർട്സ് പല തവണ ഇങ്ങനെ സാധിച്ചതായി ഉദാഹരങ്ങൾ ഉണ്ടെന്ന് പറഞ്ഞ അഫ്രീദി ശ്രമിച്ചാൽ കാര്യങ്ങൾ വൈകാതെ മാറുമെന്നും അഭിപ്രായപ്പെട്ടു .
അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അവസാനമായി ഒരു പരമ്പര കളിച്ചത് 2012-13 കാലഘട്ടത്തിലാണ്.
ഐസിസി ടൂര്‍ണമെന്‍റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇരു ടീമുകളും ഇപ്പോൾ പരസ്പരം ഏറ്റുമുട്ടുന്നത് .ഈ വർഷം ജൂണിൽ പാകിസ്ഥാനിൽ നടക്കുവാൻ പോകുന്ന ഏഷ്യ കപ്പ് സംബന്ധിച്ചും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല .