തിരിച്ചടി വലുതെങ്കിൽ മടങ്ങിവരവ് ഗംഭീരമാകും : പരിക്കിൽ നിന്ന് പൂർവ്വ ശക്തിയോടെ തിരിച്ചുവരുമെന്ന് ശ്രേയസ് അയ്യർ

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഏറെ വിഷമത്തിലാക്കിയ ഒന്നാണ് ഇംഗ്ലണ്ട് എതിരായ ആദ്യ ഏകദിനത്തിൽ മധ്യനിര  ബാറ്റ്സ്മാൻ ശ്രേയസ് അയ്യർക്കേറ്റ പരിക്ക് .പരിക്കിനെ തോല്‍പ്പിച്ച് വൈകാതെ താന്‍ ശക്തമായി മടങ്ങിവരുമെന്നാണ് ഇന്ത്യന്‍ മധ്യനിര താരവും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനുമായ ശ്രേയസ് അയ്യർ പറയുന്നത് .ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും പിന്മാറിയ അദ്ദേഹം വരാനിരിക്കുന്ന സീസണിലെ  ഐപിഎല്ലിലും  പൂർണ്ണമായി  കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. പൂനെയില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ആദ്യ ഏകദിനത്തിനിടെയായിരുന്നു താരത്തിന്റെ തോളിന് സാരമായി പരിക്കേറ്റത് .താരം ശസ്ത്രക്രിയക്ക്  ഏപ്രിൽ രണ്ടാം വാരം വിധേയനാകും  എന്നാണ് ലഭിക്കുന്ന സൂചനകൾ .

“പരിക്കേറ്റ്‌ ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് പോകുന്ന ചിത്രത്തിനൊപ്പമാണ്  താരം ട്വിറ്ററിൽ  വൈകാതെ മടങ്ങിവരുമെന്നും പിന്തുണച്ച എല്ലാവര്‍ക്കും എപ്പോഴും  നന്ദിയുണ്ടെന്നും അറിയിച്ചത്. ഞാന്‍ നിങ്ങളുടെ വിലയേറിയ സന്ദേശങ്ങൾ  വായിക്കുകയാണ്. നിങ്ങള്‍ നല്‍കുന്ന സ്‌നേഹവും പിന്തുണയും എന്നെ ഏറെ  ആശ്ചര്യപ്പെടുത്തുന്നു. എല്ലാവര്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി അറിയിക്കുകയാണ്. അവര്‍   ജീവിതത്തിൽ തിരിച്ചടി എത്രത്തോളം വലുതാവുന്നുവോ തിരിച്ചുവരവും അതുപോലെ ശക്തമായിരിക്കും. ഞാന്‍ വൈകാതെ മടങ്ങിവരും “താരം തന്റെ പ്രതീക്ഷകൾ പങ്കുവെച്ചു .

അതേസമയം ശ്രേയസിന്റെ ശസ്ത്രക്രിയ ബിസിസി ഐ മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.  ടി20 ലോകകപ്പ് മുമ്പായി പൂര്‍ണ്ണ കായിക ക്ഷമത വീണ്ടെടുത്ത് തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ശ്രേയസ്. നാലാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് അദ്ദേഹം. രണ്ടാം ഏകദിനത്തില്‍ ശ്രേയസിന്റെ പകരക്കാരനായി സൂര്യകുമാര്‍ യാദവിന് അവസരം ലഭിച്ചേക്കും.  എന്നാൽ ശ്രേയസിന്റെ പരിക്ക് ഏറ്റവും കൂടുതൽ  തിരിച്ചടിയായിരിക്കുന്നത് ഡല്‍ഹി ക്യാപിറ്റല്‍സിനാണ്. ശ്രേയസിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്ത് ഡല്‍ഹിയെ നയിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ഡല്‍ഹിയുടെ സഹ ഉടമ ഉള്‍പ്പെടെയുള്ളവര്‍ നല്‍കുന്ന സൂചന പ്രകാരം ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്ത്  ഡല്‍ഹിയുടെ അടുത്ത സീസണിലെ  ക്യാപ്റ്റനായേക്കും.