എം എസ് ധോണി ക്യാപ്റ്റനായിരുന്ന കാലത്ത് 2008ൽ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാനിരിക്കുകയായിരുന്നു വെളിപ്പെടുത്തലുമായി ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. അന്ന് സച്ചിനായിരുന്നു തന്റെ മനസ്സ് മാറ്റിയതെന്ന് സെവാഗ്, ക്രിക്ബസ്സിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു. 2008ൽ ഇന്ത്യ ഓസ്ട്രേലിയൻ മത്സരത്തിലാണ് സെവാഗിനെ ടീമിൽ നിന്നും ക്യാപ്റ്റനായ ധോണി ഒഴിവാക്കിയത്.
എന്നെ ടീമിൽ നിന്നും ഒഴിവാക്കിയപ്പോൾ ആദ്യം ചിന്തിച്ചിരുന്നത് വിരമിക്കുന്നതിനെ കുറിച്ചാണ്. തൊട്ട് മുമ്പായിരുന്നു ടെസ്റ്റ് ക്രിക്കറ്റിൽ തിരിച്ചു വരവ് നടത്തി 150 റൺസ് സ്വന്തമാക്കിയത്. എന്നാൽ മൂന്നോ നാലോ ഏകദിനങ്ങളിൽ എനിക്ക് തുടർച്ചയായി മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ ധോണി എന്നെ പ്ലെയിങ് ഇലവനിൽ നിന്ന് പുറത്താക്കി. ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം തുടരാമെന്നതായിരുന്നു എന്നെ ചിന്ത. എന്നാൽ ആ സമയത്ത് സച്ചിൻ എന്നെ വിരമിക്കലിൽ നിന്നും തടയുകയും ഇപ്പോൾ അതുപോലെയുള്ള തീരുമാനങ്ങൾ എടുക്കണ്ടയെന്നും നന്നായി ആലോചിച്ച് മാത്രം തീരുമാനമെടുത്താൽ മതിയെന്നായിരുന്നു പറഞ്ഞത്.
പിന്നീട് സേവാഗ് ഏകദിനങ്ങളിൽ കളിക്കുകയും സച്ചിനു ശേഷം ഡബിൾ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ കളിക്കാരനായി മാറുകയും ചെയ്തു. 2008ൽ ഓസ്ട്രേലിയക്കെതിരെയായുള്ള പരമ്പരയിൽ ആദ്യ നാല് മത്സരങ്ങളിൽ 6,33,11,14 എന്നിങ്ങനെയായിരുന്നു സ്കോർ ചെയ്തിരുന്നത്.
ഇതിനെ തുടർന്നാണ് സെവാഗിനെ ധോണി ഇലവനിൽ നിന്നും പുറത്താക്കുന്നത്. ത്രിരാഷ്ട്ര പരമ്പരയിൽ ബെസ്റ്റ് ഓഫ് ത്രീ ഫൈനലിൽ ഓസീസിനെ 2-0ന് തോൽപ്പിക്കുകയും ഇന്ത്യൻ ചരിത്ര വിജയം നേടുകയും ചെയ്തു. എന്നാൽ സേവാഗ് ഫൈനൽ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി കളിച്ചില്ല.