ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളിൽ ആവേശം അലതല്ലുന്നത് ഒരു സ്വാഭാവിക സംഭവമാണ്. പലപ്പോഴും ഇരുരാജ്യങ്ങളും മൈതാനത്ത് ഏറ്റുമുട്ടുമ്പോൾ വാക്പോരുകളും വാഗ്വാദങ്ങളും മുറുകാറുണ്ട്. 2022ലെ ട്വന്റി20 ലോകകപ്പിലും ഇത് കാണുകയുണ്ടായി. 2003ലെ 50 ഓവർ ലോകകപ്പിനിടയും ഇത്തരത്തിൽ രസകരമായ ഒരു സംഭവം ഉണ്ടായിരുന്നു. അതിനെപ്പറ്റിയാണ് ഇന്ത്യയുടെ മുൻ താരം വീരേന്ദർ സേവാഗ് സംസാരിക്കുന്നത്. തന്നെ സ്ലഡ്ജ് ചെയ്യാൻ വന്ന പാക്കിസ്ഥാൻ പേസർ ഷുഐബ് അക്തറിന് താൻ നൽകിയ മറുപടിയെ പറ്റിയാണ് സേവാഗ് പറഞ്ഞുവയ്ക്കുന്നത്.
2003 ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനിടെ ഇന്ത്യയുടെ ബാറ്റിംഗ് സമയത്താണ് സംഭവം അരങ്ങേറിയത്. “ബാറ്റിംഗ് ക്രീസിലുണ്ടായിരുന്നത് ഞാനാണ്. അക്തറായിരുന്നു ബോളർ. അക്തർ പലതരത്തിലും എന്നെ പുറത്താക്കാൻ നോക്കി കുഴഞ്ഞു. ശേഷം എന്നെ സ്ലെഡ്ജ് ചെയ്ത് പ്രകോപിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ അയാൾ തുടർച്ചയായി എനിക്കെതിരെ ബൗൺസറുകൾ എറിയുകയും, ധൈര്യമുണ്ടെങ്കിൽ ഹുക്ക് ചെയ്തു കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതായിരുന്നു അക്തറിന്റെ വെല്ലുവിളി.”- സേവാഗ് പറയുന്നു.
അക്തറിന്റെ നിരന്തരമായ ഈ വെല്ലുവിളിക്ക് മറുപടി നൽകാൻ സേവാഗ് തീരുമാനിക്കുകയായിരുന്നു. “വെല്ലുവിളി കഠിനമായപ്പോൾ ഞാൻ അക്തറിന് മറുപടി നൽകി. ‘നോൺ സ്ട്രൈക്കർ എൻഡിലുള്ളത് നിന്റെ അച്ഛനാണ്. ഹൂക്ക് ഷോട്ട് കളിക്കാൻ അദ്ദേഹത്തോട് പറയൂ. അദ്ദേഹം കാണിച്ചു തരും’ എന്നാണ് ഞാൻ അക്തറിനോട് പറഞ്ഞത്. ഇതിനുശേഷം അടുത്ത ഓവറിൽ തന്നെ അക്തർ സച്ചിനെതിരെ ബൗൺസറെറിയുകയും, സച്ചിൻ സിക്സറിന് പായിക്കുകയും ചെയ്തു. ശേഷം ഞാൻ അക്തറിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘അച്ഛൻ എപ്പോഴും അച്ഛനും, മകൻ എപ്പോഴും മകനുമാണ്'”- സേവാഗ് കൂട്ടിച്ചേർക്കുന്നു.
ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങളിൽ ഇത്തരം സ്ലെഡ്ജിങ്ങുകൾ സാധാരണമാണ്. ഇത് കൂടുതലായും ഉണ്ടാവുന്നത് കളിക്കാർക്ക് പുറത്തുനിന്നുള്ള സമ്മർദ്ദങ്ങൾ കൊണ്ട് തന്നെയാണ്. എന്നിരുന്നാലും മത്സരശേഷം അത് ക്രിക്കറ്റിന്റെ സ്പിരിറ്റായി തന്നെ അവസാനിക്കാറുണ്ട്. അതാണ് ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങളുടെ ഏറ്റവും ആവേശകരമായ കാര്യം.