ഐപിൽ പതിനാലാം സീസണിൽ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ഞെട്ടിക്കുന്ന പ്രകടന മികവാണ് മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ടീം കാഴ്ചവെക്കുന്നത്.സീസണിലെ മികച്ച പ്രകടനത്താൽ പ്ലേഓഫ് യോഗ്യത നേടുന്ന ആദ്യത്തെ ടീമായി ചെന്നൈ സൂപ്പർ കിങ്‌സ് മാറിയിരുന്നു. ഇതുവരെ കളിച്ച 11ൽ ഒൻപത് കളികളും അനായാസമായി ജയിച്ച ധോണിയും സംഘവും പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. കഴിഞ്ഞ തവണ ഐപിഎല്ലിൽ പ്ലേഓഫ് കാണാതെ തന്നെ പുറത്തായ ചെന്നൈ ടീമിന് ഈ ഒരു തിരിച്ചുവരവ് നൽകുന്ന ആത്മവിശ്വാസം വലുതാണ്. ഈ സീസണിൽ ബൗളിംഗ് നിരക്ക് ഒപ്പം ബാറ്റിങ് നിരയും മികച്ച ഫോമിലാണ്. ഗെയ്ക്ഗ്വാദ്, ഡൂപ്ലസ്സിസ് എന്നിവർ മികച്ച തുടക്കം നൽകുന്നതും റായിഡു, മൊയിൻ അലി, ജഡേജ,ധോണി എന്നിവർ മത്സരങ്ങൾ ഫിനിഷ് ചെയ്യുന്ന രീതിയും ചെന്നൈ ടീമിന്റെ കരുത്താണ്.
എന്നാൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഒരു പ്രധാന ബാറ്റിങ് വീക്നെസ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയാണ്. ഈ സീസണിൽ ഇതുവരെയും തന്റെ പഴയ ബാറ്റിങ് ഫോമിലേക്ക് എത്തുവാനായി കഴിഞ്ഞിട്ടില്ലാത്ത റെയ്നയെ ടീമിൽ നിന്നും പുറത്താക്കണം എന്ന ആവശ്യവും ശക്തമാണ്.അതേസമയം ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വിശദമാക്കുകയാണ് മുൻ ഇന്ത്യൻ താരം സെവാഗ്.ആരൊക്കെ എന്തൊക്കെ അഭിപ്രായം പറഞ്ഞാലും ധോണി ചെന്നൈ ബാറ്റിങ് ലൈനപ്പിൽ നിന്നും സുരേഷ് റെയ്നയെ മാറ്റില്ല എന്ന് സെവാഗ് അഭിപ്രായപെട്ടു. കൂടാതെ ഏറ്റവും നന്നായി റെയ്നയുടെ ഈ മോശം ഫോമിനെ കുറിച്ച് അറിയാവുന്നത് കൂടി ധോണിയാണെന്നും അദ്ദേഹം പറഞ്ഞു.
” ചെന്നൈ ടീമിൽ നിന്നും റെയ്നയെ മാറ്റും എന്നൊക്കെ ആരും കരുതേണ്ട. ഒരു പകരം ബാറ്റ്‌സ്മാനെ ഉൾപ്പെടുത്തി സുരേഷ് റെയ്നയെ മാറ്റാൻ ധോണിക്ക് വേണേൽ ശ്രമിക്കാം. പക്ഷേ അദ്ദേഹം അത് ചെയ്യില്ല.റെയ്നയെ പോലൊരു എക്സ്പീരിയൻസ് ബാറ്റ്‌സ്മാനെ ഏത് ടീമും ആഗ്രഹിക്കും. റെയ്നക്ക് തന്റെ ഫോമിലേക്ക് എത്തുവാൻ ഒരു മികച്ച ഇന്നിങ്സ് മതിയാകും.അതുവരെ മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന അൽപ്പം ബൗളുകൾ നേരിടാനുള്ള ക്ഷമ കൂടി കാണിക്കണം. ചെന്നൈ ടീമിന്റെ മികച്ച ബാറ്റിങ് കരുത്ത് ധോണിക്ക് അറിയാം. താക്കൂർ വരെ ബാറ്റ് ചെയ്യുന്ന ഈ ടീമിൽ റെയ്നയുടെ മോശം ഫോം ഒരു പ്രശ്നം അല്ല ” സെവാഗ് വാചാലനായി.