ഐപിഎല്ലിനെ വെല്ലുന്ന ലീഗുമായി സൗദി അറേബ്യ. ഇന്ത്യൻ താരങ്ങളും പങ്കെടുക്കും. റിപ്പോർട്ട്‌.

ക്രിക്കറ്റ് രംഗത്ത് വൻ വിപ്ലവത്തിനൊരുങ്ങി സൗദി അറേബ്യ. ഐപിഎല്ലിന്റെ മാതൃകയിൽ ഒരു വമ്പൻ ട്വന്റി20 ക്രിക്കറ്റ് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് സൗദി അറേബ്യ ഇപ്പോൾ. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും സമ്പന്നമായ ഫ്രാഞ്ചൈസി ലീഗാവും സൗദി അറേബ്യയിൽ വരാൻ പോകുന്നത് എന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എല്ലാത്തരത്തിലും വമ്പൻ മുന്നൊരുക്കങ്ങളാണ് സൗദി ഇതിനായി നടത്തിയിരിക്കുന്നത്. ടൂർണമെന്റിന്റെ സമ്മാനത്തുകയിലും താരങ്ങൾക്ക് ലഭിക്കുന്ന ലേല തുകയിലുമൊക്കെ വമ്പൻ കുതിച്ചുചാട്ടമാണ് ഉണ്ടാവാൻ പോകുന്നത്. ഇതിലൊക്കെയും സൗദി ലീഗ് ഐപിഎല്ലിനെ കടത്തിവെട്ടിയേക്കും എന്നാണ് ആദ്യഘട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സൗദി അറേബ്യ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഐപിഎൽ സംഘാടകർക്ക് കൈമാറിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അതിനാൽ തന്നെ സൗദി അറേബ്യയുടെ ലീഗിൽ ഇന്ത്യൻ താരങ്ങൾ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ വിദേശ ലീഗിൽ ഇന്ത്യൻ താരങ്ങൾക്ക് കളിക്കാൻ അനുമതിയില്ല. ബിസിസിഐയുമായി കോൺട്രാക്ട് ഉള്ള ഒരു താരത്തിനും മറ്റു ലീഗുകളിൽ കളിക്കാൻ സാധ്യമല്ല. അല്ലാത്തപക്ഷം ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് പൂർണമായും വിരമിച്ചാൽ മാത്രമേ അങ്ങനെയൊരു സാഹചര്യമുള്ളൂ. എന്നാൽ സൗദി ലീഗ് തുടങ്ങുന്നതോടെ ഈ നിയമത്തിനും മാറ്റം വരുത്താൻ ഒരുങ്ങുകയാണ്.

Vivo IPL M35 - RCB v CSK

ലീഗിൽ ഇന്ത്യൻ താരങ്ങളെ പൂർണമായും പങ്കെടുപ്പിക്കാനുള്ള തരത്തിലേക്ക് ബിസിസിഐ തങ്ങളുടെ നിയമങ്ങൾ മാറ്റുകയാണ്. സമീപകാലത്ത് സൗദി അറേബ്യ, യുഎഇ രാജ്യങ്ങളൊക്കെയും പമ്പൻ നിക്ഷേപങ്ങളാണ് ക്രിക്കറ്റിൽ ഉണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ രണ്ട് പുതിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകൾ കൂടി ആരംഭിച്ചിരുന്നു. ഒന്ന് ദക്ഷിണാഫ്രിക്കയിലും മറ്റൊന്ന് യുഎഇയിലുമായിരുന്നു ആരംഭിച്ചത്. ഇവ രണ്ടും വിജയമായതിനുശേഷമാണ് സൗദി അറേബ്യയിലും വമ്പൻ ക്രിക്കറ്റ് ലീഗ് ആരംഭിക്കാൻ ഒരുങ്ങുന്നത്.

സമീപകാലത്ത് സൗദി അറേബ്യ വലിയ രീതിയിലുള്ള നിക്ഷേപങ്ങളാണ് കായിക മേഖലയിൽ നടത്തിയിട്ടുള്ളത്. മുൻപ് ഫോർമുല വണ്ണിലും ഫുട്ബോളിലുമൊക്കെ സൗദി വലിയ രീതിയിൽ ശ്രദ്ധിച്ചിരുന്നു. അതിനുശേഷമാണ് ക്രിക്കറ്റിലെ വിപ്ലവം ഒരുക്കാൻ സൗദി ഇറങ്ങുന്നത്. ഒരു പ്രമുഖ ഓസ്ട്രേലിയൻ മാധ്യമമാണ് സൗദിയുടെ ഈ നീക്കത്തെ സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്. എന്തായാലും ക്രിക്കറ്റിന് കൂടുതൽ പ്രചാരം നൽകാൻ സാധിക്കുന്ന ലീഗായി സൗദി അറേബ്യ ലീഗ് മാറും എന്ന കാര്യത്തിൽ സംശയമില്ല.

Previous articleന്യൂസിലന്‍റിനെ എറിഞ്ഞിട്ടു. തകര്‍പ്പന്‍ വിജയവുമായി പാക്കിസ്ഥാന്‍.
Next articleലക്നൗ സൂപ്പര്‍ ജെയന്റ്സിൽ ചേരുന്നതിനു അടുത്ത് എത്തി. ആ ഒറ്റ ഫോണ്‍ കോളില്‍ തീരുമാനം മാറി