“സംതൃപ്തി നൽകുന്ന കൂട്ടായ്മയുടെ വിജയം. ഇങ്ങനെ തന്നെ സെമിയിലും കളിക്കും”- രോഹിത് ശർമ.

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് സൂപ്പർ 8 മത്സരത്തിൽ ഒരു കിടിലൻ വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശർമയുടെ തകർപ്പൻ മികവിന്റെ ബലത്തിലായിരുന്നു 205 എന്ന സ്കോർ കെട്ടിപ്പടുത്തത്? രോഹിത് മത്സരത്തിൽ 41 പന്തുകളിൽ 92 റൺസ് നേടുകയുണ്ടായി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ മത്സരത്തിന്റെ നല്ലൊരു ശതമാനത്തിലും മികവ് പുലർത്തുകയുണ്ടായി. പക്ഷേ അവസാന ഓവറുകളിൽ ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യൻ ബോളർമാർ ഓസ്ട്രേലിയയെ വരിഞ്ഞു മുറുകുകയായിരുന്നു. മത്സരത്തിൽ 24 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഇന്ത്യ ലോകകപ്പിന്റെ സെമിയിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മത്സരത്തിലെ ഇന്ത്യയുടെ വിജയത്തെപ്പറ്റി രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

വളരെയധികം ആത്മവിശ്വാസം നൽകുന്ന വിജയമാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത് എന്ന് രോഹിത് ശർമ പറഞ്ഞു. “ഞങ്ങൾക്ക് സംതൃപ്തി നൽകുന്ന ഒരു വിജയമാണ് ഇത്. എതിർ ടീമായ ഓസ്ട്രേലിയ എത്രമാത്രം ഭീഷണി സൃഷ്ടിക്കുന്നു എന്ന് ഞങ്ങൾക്ക് നന്നായി അറിയാം. ഒരു ടീമെന്ന നിലയിൽ മികവ് പുലർത്താൻ ഞങ്ങൾക്ക് സാധിച്ചു. ഇത്തരം കാര്യങ്ങൾ ചെയ്തു മുന്നോട്ടു പോകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഒരു ടീമെന്ന നിലയിൽ ഈ വിജയം ഞങ്ങൾക്ക് ഒരുപാട് ആത്മവിശ്വാസം നൽകുന്നുണ്ട്.

200 ഒരു മികച്ച സ്കോർ തന്നെയാണ്. പക്ഷേ ഇവിടെ കാറ്റ് ഒരു വലിയ ഘടകമായി നിൽക്കുന്നു. അതുകൊണ്ടുതന്നെ എന്തും സംഭവിക്കാനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾ ഇവിടത്തെ സാഹചര്യങ്ങൾ നന്നായി ഉപയോഗിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. മാത്രമല്ല വ്യക്തിഗതമായ പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ ടീമിലെ താരങ്ങൾക്ക് സാധിച്ചു.”- രോഹിത് പറഞ്ഞു.

“കൃത്യസമയത്ത് വിക്കറ്റുകൾ സ്വന്തമാക്കുക എന്നതായിരുന്നു ഞങ്ങൾക്ക് മുൻപിലുള്ള വെല്ലുവിളി. കുൽദീപ് യാദവ് എത്രമാത്രം ശക്തിയുള്ള താരമാണ് എന്ന് ഞങ്ങൾക്കറിയാം. പക്ഷേ കൃത്യമായ സമയത്ത് അവനെ ഉപയോഗിക്കുന്നതിൽ ആയിരുന്നു ഞങ്ങൾക്ക് ശ്രദ്ധ ചെലുത്തേണ്ടിയിരുന്നത്. ന്യൂയോർക്കിൽ കൂടുതലായും പേസർമാർക്ക് അനുകൂലമായ വിക്കറ്റാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെയാണ് കുൽദീപിന് ആദ്യ മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നത്. പക്ഷേ നിലവിൽ അവന് ഞങ്ങൾക്കായി ഒരു വലിയ റോൾ തന്നെ ഇവിടെ കളിക്കാനുണ്ട്.”- രോഹിത് കൂട്ടിച്ചേർത്തു.

“സെമിഫൈനലിൽ പുതുതായി ഒന്നുംതന്നെ ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇതുവരെ കളിച്ച രീതിയിൽ തന്നെ മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. ടീമിലെ ഓരോരുത്തർക്കും എന്താണ് ചെയ്യാൻ സാധിക്കുക എന്ന് മനസ്സിലാക്കി മുന്നോട്ടു പോകുന്നു. സ്വാതന്ത്ര്യത്തോടെ തന്നെ കളിച്ച് വിജയം സ്വന്തമാക്കാൻ ഞങ്ങൾ ശ്രമിക്കും. മാത്രമല്ല ഒരുപാട് ചിന്തകളിലേക്ക് കടക്കാനും ഞങ്ങൾ തയ്യാറാവുന്നില്ല.”

“എതിർ ടീമിനെ സംബന്ധിച്ച് യാതൊന്നും തന്നെ ചിന്തിക്കുന്നില്ല. എന്താണോ ചെയ്തിരുന്നത് അതുതന്നെ സ്ഥിരതയോടെ ചെയ്യും. ഇംഗ്ലണ്ടാണ് സെമിഫൈനലിൽ ഞങ്ങളുടെ എതിരാളികളെങ്കിൽ അതൊരു മികച്ച മത്സരം ആയിരിക്കും. ടീമെന്ന നിലയിൽ ഞങ്ങൾ മാറ്റങ്ങൾ വരുത്തുന്നില്ല.”- രോഹിത് പറഞ്ഞുവെക്കുന്നു.

Previous articleഓസ്ട്രേലിയയും മുട്ടുമടക്കി. അപരാജിതരായി ഇന്ത്യ മുന്നോട്ട്. സെമിഫൈനലില്‍ യോഗ്യത നേടി.
Next articleഞാൻ നേടിയ വിക്കറ്റുകളുടെ ക്രെഡിറ്റ്‌ ആ താരത്തിനാണ് നൽകുന്നത്. അർഷദീപ് സിംഗ് കാരണം വ്യക്തമാക്കുന്നു.