സെഞ്ച്വറി നേടിയ സഞ്ജുവും അഭിഷേകുമില്ല. ഇതെന്ത് സ്‌ക്വാഡ്. ചോദ്യം ചെയ്ത് ശശി തരൂർ.

sanju samson 141940794

എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള ഒരു സ്‌ക്വാഡ് സെലക്ഷനാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ നടന്നിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ശ്രീലങ്കക്കെതിരെ ഏകദിനങ്ങളിൽ കളിക്കും എന്നാണ് എല്ലാവരും കരുതിയത്. ഒപ്പം കഴിഞ്ഞ സമയങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത യുവതാരം അഭിഷേക് ശർമയ്ക്ക് ട്വന്റി20 സ്ക്വാഡിൽ അവസരം ലഭിക്കുമെന്നും എല്ലാവരും കരുതി.

പക്ഷേ ഇത്തരത്തിൽ ഉണ്ടായില്ല. തന്റെ അവസാന ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയിട്ടും സഞ്ജുവിനെ ഇന്ത്യ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് മാറ്റി നിർത്തുകയുണ്ടായി. അഭിഷേക് ശർമയുടെയും കാര്യം ഇതുതന്നെയാണ്.

തന്റെ രണ്ടാം ട്വന്റി20 മത്സരത്തിൽ തന്നെ ഒരു വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കി ആരാധകരുടെ പിന്തുണ പിടിച്ചു പറ്റാൻ അഭിഷേക് ശർമയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ഇതിന് ശേഷം അഭിഷേക് ശർമയെ ബാറ്റിംഗ് പൊസിഷനിൽ നിന്ന് മാറ്റുകയും, അഭിഷേകിന് മികവാർന്ന പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വരികയും ചെയ്തു. തൊട്ടുപിന്നാലെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ നിന്ന് ഇന്ത്യ അഭിഷേക് ശർമയെ മാറ്റി നിർത്തിയിരിക്കുകയാണ്. ഇക്കാര്യങ്ങൾ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് പാർലമെന്റ് മെമ്പറായ ശശി തരൂർ. ഇന്ത്യൻ ജേഴ്സിയിൽ മികവ് പുലർത്തിയാലും താരങ്ങൾക്ക് ടീമിൽ തുടരാൻ സാധിക്കാതെ വരുന്നത് ദൗർഭാഗ്യകരമാണ് എന്ന് ശശി തരൂർ പറയുകയുണ്ടായി.

Read Also -  സിക്സർ അടിച്ച് ട്രിപിൾ സെഞ്ച്വറി നേടരുത് എന്ന് സച്ചിൻ. വക വയ്ക്കാതെ സേവാഗ്. സംഭവം ഇങ്ങനെ.

തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് ശശി തരൂർ പ്രതികരിച്ചത്. “ഈ മാസം നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള സ്ക്വാഡ് സെലക്ഷൻ വളരെ വിചിത്രമായാണ് തോന്നുന്നത്. തന്റെ അവസാന ഏകദിന മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയ സഞ്ജു സാംസനെ ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരക്ക് തിരഞ്ഞെടുത്തിട്ടില്ല. ഇന്ത്യയുടെ സിംബാബ്വെൻ പര്യടനത്തിൽ ട്വന്റി20 സെഞ്ച്വറി സ്വന്തമാക്കി അഭിഷേക് ശർമയെ ട്വന്റി20 സ്ക്വാഡിൽ നിന്ന് മാറ്റി നിർത്തിയിരിക്കുന്നു. ഇന്ത്യൻ ജേഴ്സിയിൽ മികവ് പുലർത്തിയാലും അത് വലിയ കാര്യമാവില്ല എന്ന് സെലക്ടർമാർ തെളിയിച്ചിരിക്കുകയാണ്. എന്തായാലും ടീമിന് മികവ് പുലർത്താൻ സാധിക്കട്ടെ.”- ശശി തരൂർ കുറിച്ചു.

സൂര്യകുമാർ യാദവാണ് ഇന്ത്യയെ ശ്രീലങ്കയ്ക്കെതിരെ ട്വന്റി20കളിൽ നയിക്കുന്നത്. ഗിൽ ടീമിന്റെ ഉപനായകനായും കളിക്കും. സഞ്ജു സാംസനെ കൂടാതെ ഋഷഭ് പന്താണ് ഇന്ത്യയുടെ ട്വന്റി20 സ്ക്വാഡിൽ ഇടം പിടിച്ചിരിക്കുന്നത്. മറുവശത്ത് രോഹിത് ശർമയാണ് ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകൻ. റിഷഭ് പന്തിനൊപ്പം കെഎൽ രാഹുലിനെയാണ് ഏകദിനങ്ങളിൽ വിക്കറ്റ് കീപ്പറായി ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. ഏകദിന പരമ്പരയിലൂടെ ശ്രേയസ് അയ്യരും വിരാട് കോഹ്ലിയും തിരികെ വരുന്നു എന്നതും സ്ക്വാഡിന്റെ പ്രത്യേകതയാണ്.

Scroll to Top