ഇന്ത്യയ്ക്കായുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ തീപ്പൊരി വിതറി യുവതാരം സർഫറാസ് ഖാൻ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിലാണ് സർഫറാസ് ഖാന് ഇന്ത്യ അവസരം നൽകിയത്. രാഹുൽ അടക്കമുള്ളവർ മാറിനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ സർഫറാസിനെ മധ്യനിരയിൽ പരീക്ഷിച്ചത്.
മത്സരത്തിന്റെ ആദ്യദിവസം ഒരു ശക്തമായ ബാറ്റിംഗ് പ്രകടനമാണ് സർഫറാസ് കാഴ്ചവെച്ചത്. ഒരു ഏകദിന ശൈലിയിൽ കളിച്ചുകൊണ്ട് വെടിക്കെട്ട് അർത്ഥ സെഞ്ച്വറിയാണ് സർഫറാസ് മത്സരത്തിൽ നേടിയത്. നിർഭാഗ്യം കൊണ്ട് മാത്രമാണ് സർഫറാസിന് തന്റെ വിക്കറ്റ് നഷ്ടമായത്.
മത്സരത്തിൽ രോഹിത് ശർമ പുറത്തായ ശേഷമാണ് സർഫറാസ് ക്രീസിലേക്ക് എത്തിയത്. നേരിട്ട ആദ്യ പന്ത് മുതൽ ആക്രമണപരമായ സമീപനമാണ് സർഫറസ് സ്വീകരിച്ചത്. തനിക്ക് ലഭിച്ച അവസരം അങ്ങേയറ്റം മികച്ച രീതിയിൽ ഉപയോഗിക്കാൻ സർഫറസ് ശ്രമിച്ചു. ഇംഗ്ലണ്ടിന്റെ ബോളർമാരെ അടിച്ചുകെട്ടി തന്നെ മികച്ച ഒരു ഇന്നിങ്സ് കെട്ടിപ്പടുക്കാനാണ് സർഫറാസ് ശ്രമിച്ചത്.
ഇക്കാര്യത്തിൽ സർഫറാസ് വിജയിക്കുകയും ചെയ്തു. മത്സരത്തിൽ 48 പന്തുകളിൽ നിന്നാണ് സർഫറാസ് തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇതിന് ശേഷവും ഇംഗ്ലണ്ട് ബോളർമാരെ ഈ യുവതാരം കടന്നാക്രമിച്ചു.
എന്നാൽ തന്റെ വ്യക്തിഗത സ്കോർ 62 റൺസിൽ നിൽക്കുമ്പോൾ സർഫറാസിന് വിക്കറ്റ് നഷ്ടമായി. ഈ സമയത്ത് രവീന്ദ്ര ജഡേജ 99 റൺസിൽ നിൽക്കുകയായിരുന്നു. ജഡേജ തന്റെ സെഞ്ച്വറി പൂർത്തീകരിക്കാനായി ശ്രമിക്കുന്നതിനിടെ ആശയവിനിമത്തിൽ വന്ന പിശക് മൂലം സർഫറാസ് റൺഔട്ട് ആവുകയാണ് ഉണ്ടായത്. ഇതോടെ സർഫറാസിന്റെ ആദ്യ ടെസ്റ്റ് ഇന്നിംഗ്സ് 62 റൺസിൽ അവസാനിക്കുകയായിരുന്നു.
66 പന്തുകളിൽ നിന്നാണ് സർഫറസ് 62 റൺസ് സ്വന്തമാക്കിയത്. 9 ബൗണ്ടറികളും ഒരു പടുകൂറ്റൻ സിക്സറും ഈ യുവതാരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. വളരെ നിരാശയോടെ തന്നെയാണ് സർഫറാസ് ക്രീസ് വിട്ടത്.
ഇന്ത്യൻ നായകൻ രോഹിത് ശർമയിൽ പോലും ഈ നിരാശ പ്രതിഫലിച്ചിരുന്നു. എന്നിരുന്നാലും ആദ്യ മത്സരത്തിൽ തന്നെ എതിർ ടീമിനെ ഭയപ്പെടുത്താൻ സർഫറാസിന് സാധിച്ചിട്ടുണ്ട്. വളരെയേറെ കാലം ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ശേഷമാണ് സർഫറാസിന് ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും സർഫറാസ് മികവാർന്ന പ്രകടനങ്ങളോടെ ഇന്ത്യൻ ടീമിന്റെ കരുത്തായി മാറും എന്ന കാര്യത്തിൽ സംശയമില്ല. ജഡേജ, രോഹിത് സർഫറാസ് എന്നിവരുടെ മികവിലാണ് ഇന്ത്യ മത്സരത്തിന്റെ ആദ്യദിവസം ശക്തമായ സ്കോറിൽ എത്തിയിരിക്കുന്നത്.