കണ്ണീരിൽ കുതിർന്ന് സർഫറാസിന്റെ പിതാവ്. സ്വപ്ന സാക്ഷാത്കാര നിമിഷം. രാജ്കോട്ടിൽ വൈകാരിക നിമിഷങ്ങൾ.

ഒരുപാട് കാലങ്ങളുടെ കാത്തിരിപ്പിന് ശേഷം മുംബൈ ബാറ്റർ സർഫറാസ് ഖാന് ഇന്ത്യൻ ടീമിൽ തന്റെ അരങ്ങേറ്റത്തിന് മൂന്നാം ടെസ്റ്റ് മത്സരത്തിലൂടെ അവസരം ലഭിച്ചിരിക്കുകയാണ്. ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെയാണ് 25കാരനായ സർഫറാസിന് തന്റെ അരങ്ങേറ്റ ടെസ്റ്റിലെ ക്യാപ്പ് നൽകി ടീമിലേക്ക് ക്ഷണിച്ചത്.

ഈ സമയത്ത് സർഫറാസിന്റെ പിതാവ് നൗഷാദ് ഖാൻ വളരെയധികം വൈകാരികത പുറത്തു കാട്ടുകയുണ്ടായി. തന്റെ മകന്റെ ഇന്ത്യൻ ടീമിലേക്കുള്ള എൻട്രി, നിറഞ്ഞ കണ്ണുകളുമായാണ് നൗഷാദ് ഖാൻ വരവേറ്റത്. അനിൽ കുംബ്ലെ ക്യാപ്പ് നൽകുന്ന സമയത്ത് തന്നെ നൗഷാദ് ഖാന് തന്റെ കണ്ണീരിനെ നിയന്ത്രിക്കാൻ സാധിച്ചില്ല.

GGWOlewbMAAhp x

എന്തായാലും സർഫറാസ് ഖാനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു നിമിഷം തന്നെയാണ് ഇത്. ഈ ടെസ്റ്റ് മത്സരത്തിൽ വമ്പൻ പ്രകടനം പുറത്തെടുത്താൽ ഇന്ത്യയുടെ സ്ഥിരസാന്നിധ്യമായി മാറാൻ സർഫറാസിന് സാധിക്കും. സർഫറാസിന് പുറമേ മറ്റൊരു യുവതാരം കൂടി ഇന്ത്യയ്ക്കായി മത്സരത്തിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്.

വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജൂറലാണ് മൂന്നാം ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യൻ താരം ദിനേഷ് കാർത്തിക്കിന്റെ കയ്യിൽ നിന്ന് ക്യാപ് വാങ്ങിയാണ് ധ്രുവ് ജൂറൽ തന്റെ കടന്നുവരവ് അറിയിച്ചത്.

കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയോടെ പ്രകടനം കാഴ്ചവച്ച താരമാണ് സർഫറാസ് ഖാൻ. രഞ്ജി ട്രോഫിയിൽ അടക്കം തന്റെ ടീമിനായി സ്ഥിരത പുലർത്താൻ സർഫറാസ് ഖാന് സാധിച്ചിരുന്നു. ഇതുവരെ 45 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് സർഫറാസ് കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 69.85 എന്ന ശരാശരിയിൽ 3912 റൺസ് സ്വന്തമാക്കാൻ സർഫറാസിന് സാധിച്ചിട്ടുണ്ട്.

14 സെഞ്ച്വറികളും 11 അർത്ഥ സെഞ്ച്വറികളുമാണ് സർഫറാസ് ഇതുവരെ നേടിയിട്ടുള്ളത്. മാത്രമല്ല ഇംഗ്ലണ്ട് ലയൺസിനെതിരായ ഇന്ത്യയുടെ മത്സരത്തിലും സർഫറാസ് മികവ് പുലർത്തുകയുണ്ടായി. ഈ പ്രകടനങ്ങളുടെ മികവിലാണ് ഇന്ത്യ സർഫറാസിനെ ടീമിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ സീനിയർ താരങ്ങളായ രാഹുലും അയ്യരും മാറിനിൽക്കുന്ന സാഹചര്യത്തിലാണ് സർഫറാസിന് അവസരം ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മത്സരത്തിലെ സർഫറാസിന്റെ പ്രകടനം വളരെ നിർണായകമാണ്.

സീനിയർ താരങ്ങൾ തിരികെ വരുമ്പോഴും ടീമിൽ അവസരം ലഭിക്കണമെങ്കിൽ സർഫറാസിനെ സംബന്ധിച്ച് വളരെ മികച്ച ഇന്നിങ്സ് കാഴ്ചവച്ചേ മതിയാകൂ. മത്സരത്തിൽ സറഫറാസും ജൂറലും മികവു പുലർത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Previous articleരാജ്കോട്ടില്‍ ഇന്ത്യക്ക് ടോസ് ഭാഗ്യം. ഇന്ത്യന്‍ നിരയില്‍ 2 അരങ്ങേറ്റം
Next articleഹിറ്റ്‌മാൻ ബാക്ക് 🔥🔥 രാജ്കോട്ടിൽ അത്യുഗ്രൻ സെഞ്ച്വറി.. ഇന്ത്യയുടെ രക്ഷകൻ