രാജസ്ഥാൻ യുവതാരത്തിനായി സഞ്ജുവിന്റെ ത്യാഗം. നിർണായക പ്രഖ്യാപനം.

2025 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി ഒരു നിർണായകമായ പ്രഖ്യാപനം നടത്തി മലയാളി താരം സഞ്ജു സാംസൺ. വരുന്ന ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ വിക്കറ്റ് കീപ്പിംഗ് ഡ്യൂട്ടികൾ താൻ യുവതാരമായ ദ്രവ് ജൂറലിനൊപ്പം പങ്കുവെക്കും എന്നാണ് സഞ്ജു സാംസൺ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്റും ധ്രുവ് ജൂറലും അടക്കമുള്ളവർ ചേർന്ന് ചർച്ച ചെയ്ത് എടുത്ത തീരുമാനമാണ് ഇത് എന്നും സഞ്ജു സാംസൺ പറയുകയുണ്ടായി. രാജസ്ഥാൻ ഇത്തവണത്തെ മെഗാ ലേലത്തിന് മുൻപ് നിലനിർത്തിയ താരങ്ങളിൽ രണ്ടു പേരാണ് സഞ്ജു സാംസണും ജൂറലും. എന്നാൽ ജൂറലിന് ഇപ്പോൾ വലിയൊരു ത്യാഗം തന്നെയാണ് സഞ്ജു നടത്തിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരമായ എബി ഡിവില്ലിയേഴ്സിന്റെ യൂട്യൂബ് ചാനലിൽ നടത്തിയ സംഭാഷണത്തിലാണ് സഞ്ജു സാംസൺ ഇക്കാര്യം തുറന്നു പറഞ്ഞത്. ഐപിഎല്ലിൽ ഇത്തരത്തിൽ ജൂറലിന് വിക്കറ്റ് കീപ്പിങ്ങിൽ അവസരം ലഭിക്കുന്നത് അവന്റെ കരിയറിൽ നിർണായകമാകും എന്നാണ് സഞ്ജു പറഞ്ഞത്. നിലവിൽ ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് കീപ്പറാണ് ധ്രുവ് ജൂറൽ. ട്വന്റി20കളിലും ജൂറൽ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് എത്തുന്നതോടെ താരത്തിന്റെ കരിയറിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.

jurel

“ഇതുവരെയും ഞാൻ ഇക്കാര്യം മറ്റൊരിടത്തും പറഞ്ഞിട്ടില്ല. മുൻപ് പറഞ്ഞതു പോലെ തന്നെ ഞങ്ങൾ ഞങ്ങളുടെ താരങ്ങളെയൊക്കെയും വളരെ വലിയ ഘടകങ്ങളായാണ് കാണുന്നത്. ധ്രുവ് ജൂറൽ ഇപ്പോൾ അവന്റെ കരിയറിന്റെ ഏറ്റവും മികച്ച നിലയിലാണ്. അവൻ ഇപ്പോൾ ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പർ ആണ്. അതുകൊണ്ടു തന്നെ ജൂറലിനെ ഞങ്ങൾ മനസ്സിലാക്കുന്നു. ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന്റെ ചില സമയങ്ങളിൽ ധ്രുവ് ജൂറൽ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസുകൾ അണിയുമെന്ന കാര്യത്തിൽ സംശയമില്ല.”- സഞ്ജു സാംസൺ പറയുകയുണ്ടായി.

“ഇക്കാര്യം ഞങ്ങൾ മുൻപേ ചർച്ച ചെയ്തിരുന്നു. ഞാനും ജൂറലും ഗ്ലൗസ് പങ്കിടും. അതാണ് ഞങ്ങളുടെ തീരുമാനം. ഒരു ഫീൽഡറായി നിന്നു കൊണ്ട് ടീമിനെ നിയന്ത്രിക്കാനുള്ള അവസരം എനിക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. ഈ തീരുമാനമെടുത്തതിന് ശേഷം ഞാൻ സംസാരിച്ചിരുന്നു. ഞാൻ അവനോട് പറഞ്ഞത് ഇങ്ങനെയാണ്. ‘നീ എവിടെ നിന്ന് വന്നുവെന്നും ഇപ്പോൾ എവിടെ നിൽക്കുന്നു എന്നും എനിക്ക് പൂർണമായും മനസ്സിലാകും. ഒരു ലീഡർ എന്ന നിലയ്ക്ക് നീ തന്നെ ചില മത്സരങ്ങളിൽ നമ്മുടെ കീപ്പറാകണം. ബാക്കി കാര്യങ്ങൾ എങ്ങനെ നടക്കുന്നു എന്ന് മൈതാനത്ത് മാത്രമേ പറയാൻ സാധിക്കൂ. എന്തായാലും ഒരു തീരുമാനങ്ങളും ടീമിനെ ബാധിക്കാൻ പാടില്ല. ടീമാണ് ആദ്യത്തെ കാര്യം.”- സഞ്ജു കൂട്ടിച്ചേർത്തു.

Previous articleഇന്ത്യൻ ടെസ്റ്റ്‌ ടീമിൽ അശ്വിന് പകരക്കാരനായി കൊട്ടിയൻ. ആരാണ് തനുഷ് കൊട്ടിയൻ?