2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാലേലം അവസാനിക്കുമ്പോൾ എല്ലാ ഫ്രാഞ്ചൈസികളും ഏറ്റവും മികച്ച താരങ്ങളെ തങ്ങളുടെ ടീമിലെത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ രാജസ്ഥാൻ റോയൽസ് ടീമിനെ സംബന്ധിച്ച് ഒരു ശരാശരി പ്രകടനം മാത്രമാണ് ലേലത്തിൽ കാഴ്ചവയ്ക്കാൻ സാധിച്ചത്. ജോസ് ബട്ലർ അടക്കമുള്ള വലിയ താരങ്ങളെ കൈവിട്ടിട്ടും പകരക്കാരെ കണ്ടെത്താൻ രാജസ്ഥാന് ലേലത്തിലൂടെ സാധിച്ചില്ല.
അൺക്യാപ്ഡ് താരങ്ങൾ ഉൾപ്പെടെ 14 കളിക്കാരെയാണ് ഇത്തവണത്തെ ലേലത്തിൽ രാജസ്ഥാൻ സ്വന്തമാക്കിയത്. എന്നാൽ രാജസ്ഥാന്റെ ടീം ഇപ്പോഴും വളരെ സന്തുലിതമാണ് എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഷ ഭോഗ്ലെ. സന്തുലിതമായ ടീം ഉണ്ടെങ്കിലും ഒരു വലിയ പ്രശ്നം രാജസ്ഥാനെ അലട്ടാൻ സാധ്യതയുണ്ട് എന്ന് ഭോഗ്ലെ പറയുന്നു.
“ഇത്തവണത്തെ രാജസ്ഥാൻ ടീം വളരെ ബാലൻസുള്ള ഒരു ടീമായിട്ടാണ് ഞാൻ കാണുന്നത്. സാധാരണയായി മുംബൈ ഇന്ത്യൻസ് കാഴ്ചവയ്ക്കുന്ന തരത്തിലുള്ള പ്രകടനമാണ് ഇത്തവണ രാജസ്ഥാൻ ലേലത്തിൽ കാഴ്ചവച്ചത്. അവർക്ക് ഒരു മുംബൈ ടച്ച് ഉണ്ട് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ നല്ലൊരു ടീമാണ് രാജസ്ഥാന്റേത്. തങ്ങളുടെ സ്ക്വാഡിൽ കേവലം 6 വിദേശ താരങ്ങളെ മാത്രമാണ് രാജസ്ഥാൻ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രധാനമായും ഇന്ത്യൻ താരങ്ങളെ ആശ്രയിക്കുക എന്ന തീരുമാനമാണ് ഇത്തവണ രാജസ്ഥാൻ കൈക്കൊണ്ടത് എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. മുംബൈ ടീമിന്റെ ലൈനപ്പും ഇതിന് സമാനമാണ്.”- ഹർഷ പറയുന്നു.
“പക്ഷേ രാജസ്ഥാൻ ടീമിന് ഇത്തവണത്തെ ബെഞ്ച് ശക്തി കുറവാണ് എന്നത് വലിയ പ്രശ്നമായി മാറിയേക്കും. 2025 ഐപിഎല്ലിന്റെ പ്രാഥമിക റൗണ്ടിൽ 14 മത്സരങ്ങൾ രാജസ്ഥാൻ റോയൽസ് കളിക്കേണ്ടതുണ്ട്. ഇത്രയും മത്സരങ്ങൾ കളിക്കാനുള്ള ബെഞ്ച് ശക്തി അവർക്കുണ്ടോ എന്ന് കണ്ടറിയേണ്ടതാണ്. കൃത്യമായി ബാക്കപ്പ് ഇല്ലാത്തത് രാജസ്ഥാനെ അലട്ടാൻ സാധ്യതയുണ്ട്. അവരുടെ നിരയിൽ ബായ്ക്കപ്പ് താരമായി ഉള്ളത് ശുഭം ദുബെയാണ്. മറ്റൊന്ന് നിതീഷ് റാണയാണ്. ഈ 2 താരങ്ങളെ ഒഴിവാക്കി പരിശോധിച്ചാൽ മറ്റു താരങ്ങൾ ഒന്നുംതന്നെ വേണ്ട രീതിയിൽ മികവ് പുലർത്തിയിട്ടുള്ളവരല്ല. ജയസ്വാളിന് എന്തെങ്കിലും പരുക്കോ മറ്റോ പറ്റിയാൽ രാജസ്ഥാൻ കൂടുതൽ പ്രശ്നത്തിലാകും.”- ഹർഷ കൂട്ടിച്ചേർത്തു.
ഇന്ത്യൻ താരങ്ങളെ കൂടുതൽ ആശ്രയിച്ച ഒരു സ്ക്വാഡാണ് ഇത്തവണ രാജസ്ഥാൻ കെട്ടിപ്പടുത്തിരിക്കുന്നത്. സഞ്ജു സാംസൺ നായകനായ സ്ക്വാഡിലെ പ്രധാന താരങ്ങൾ ജയസ്വാൾ, പരഗ്, ജൂറൽ, സന്ദീപ് ശർമ, നിതീഷ് റാണ എന്നിവരാണ്. ബോളർമാരിൽ ജോഫ്രാ ആർച്ചർ. ആകാശ് മധ്വാൾ, തുഷാർ ദേശ്പാണ്ടെ എന്നിവരെയാണ് രാജസ്ഥാൻ പ്രധാനമായും ആശ്രയിക്കേണ്ടത്. രവിചന്ദ്രൻ അശ്വിനെയും ചഹലിനെയും വിട്ടു നൽകിയ രാജസ്ഥാന് ഇത്തവണ ലഭിച്ചിരിക്കുന്ന സ്പിന്നർമാർ വനിന്തു ഹസരംഗയും മഹേഷ് തീക്ഷണയുമാണ്. പക്ഷേ ഇരുവരും വിദേശ സ്പിന്നർമാരായതിനാൽ തന്നെ പ്ലെയിങ് ഇലവനിൽ സ്ഥാനം കണ്ടെത്താൻ വളരെ ബുദ്ധിമുട്ടും എന്ന് ഉറപ്പാണ്.