അന്ന് തിരിച്ചുവരവിന് സഹായിച്ചത് സഞ്ജുവിന്റെ പോസിറ്റീവ് വാക്കുകൾ. മറക്കാൻ പറ്റില്ലെന്ന് സന്ദീപ് ശർമ.

sandeep and samson

കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട പേസ് ബോളറാണ് സന്ദീപ് ശർമ. ഐപിഎൽ ലേലത്തിൽ ആർക്കും വേണ്ടാത്ത താരമായി സന്ദീപ് ശർമ മാറിയിരുന്നു. എന്നാൽ പിന്നീട് രാജസ്ഥാൻ റോയൽസിലേക്ക് സന്ദീപ് പകരക്കാരനായി എത്തുകയും, മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. കഴിഞ്ഞ 2 വർഷങ്ങളിലും രാജസ്ഥാനായി മികച്ച പ്രകടനമാണ് ഈ താരം കാഴ്ചവെച്ചിട്ടുള്ളത്.

2023 ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ ആർക്കും വേണ്ടാത്ത താരമായിരുന്ന തന്നെ, ഒരു തിരിച്ചുവരവിന് സഹായിച്ചത് മലയാളി താരം സഞ്ജു സാംസണിന്റെ വാക്കുകളാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സന്ദീപ് ശർമ ഇപ്പോൾ.

സഞ്ജു സാംസണിൽ നിന്ന് തനിക്കൊരു ഫോൺ കോൾ എത്തുകയായിരുന്നുവെന്നും അത് തന്റെ ചിന്തകളെ മാറ്റിമറിച്ചുവെന്നും സന്ദീപ് പറയുകയുണ്ടായി. “എനിക്ക് സഞ്ജൂവിൽ നിന്ന് ഒരു കോൾ ലഭിച്ചു. ഞാൻ അവനുമായി സംസാരിച്ചു. ഒരുപാട് പോസിറ്റീവ് കാര്യങ്ങൾ സഞ്ജു എന്നോട് സംസാരിക്കുകയുണ്ടായി. എന്തുകൊണ്ടാണ് ഞാൻ ഐപിഎൽ ലേലത്തിൽ അൺസോൾഡ് ആയത് എന്ന് അവൻ വ്യക്തമാക്കി തന്നു. അത് അവനിലും ഒരുപാട് നിരാശയുണ്ടാക്കി എന്ന് സഞ്ജു പറഞ്ഞു. അവൻ എന്നെ വിശ്വസിക്കുകയായിരുന്നു ആ സീസണിൽ എനിക്കൊരു അവസരം ലഭിക്കുമെന്ന് സഞ്ജു കൃത്യമായി പറഞ്ഞു.”- സന്ദീപ് ശർമ പറയുന്നു.

Read Also -  "ബുദ്ധി കൃത്യമായി ഉപയോഗിക്കൂ", ആദ്യ ട്വന്റി20യ്ക്ക് ശേഷം അഭിഷേക് ശർമയ്ക്ക് യുവരാജിന്റെ ഉപദേശം.

“ഇന്ത്യൻ പ്രീമിയർ ലീഗിലെ എല്ലാ ടീമിലും പരിക്കുകൾ പ്രശ്നമായി വരാറുണ്ട് എന്ന് സഞ്ജു എന്നെ ഓർമിപ്പിച്ചു. രാജസ്ഥാൻ റോയൽസ് ടീമിലും പരിക്കുകളുണ്ട് എന്ന് സഞ്ജു പറഞ്ഞു. അതുകൊണ്ടു തന്നെ ആ സീസണിൽ ഐപിഎല്ലിൽ കളിക്കാൻ എനിക്ക് അവസരം ലഭിച്ചേക്കുമെന്ന് അവൻ ചൂണ്ടിക്കാട്ടി. മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്നും അവൻ എന്നോട് പറഞ്ഞു. ആ സമയത്ത് എനിക്ക് പോസിറ്റീവായി കാര്യങ്ങൾ പറഞ്ഞു തന്നത് സഞ്ജു സാംസൺ മാത്രമായിരുന്നു. അതെന്നെ ഒരുപാട് സഹായിക്കുകയും ചെയ്തു.”- സന്ദീപ് ശർമ കൂട്ടിച്ചേർക്കുന്നു.

“അന്ന് അവൻ എന്നോട് ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. ശേഷം എന്നെ രാജസ്ഥാൻ റോയൽസിന്റെ ക്യാമ്പിലേക്ക് വിളിച്ചു. നിർഭാഗ്യവശാൽ പ്രസീദ് കൃഷ്ണയ്ക്ക് അന്ന് പരിക്കേൽക്കുകയാണ് ഉണ്ടായത്. അവന് പകരക്കാരനായാണ് എന്നെ വിളിച്ചത്. പിന്നീട് എനിക്ക് രാജസ്ഥാനായി എല്ലാ മത്സരം കളിക്കാനും, അങ്ങേയറ്റം ആസ്വദിക്കാനും സാധിച്ചു.”- സന്ദീപ് ശർമ പറഞ്ഞുവെക്കുന്നു. രാജസ്ഥാൻ റോയൽസ് ടീമിന്റെ നായകനായി എത്തിയതിന് പിന്നാലെ സഞ്ജു സാംസൺ ഒരുപാട് പക്വത കാട്ടിയിട്ടുണ്ട് എന്ന് മുൻ താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. മലയാളി താരത്തിന് അഭിമാനിക്കാൻ സാധിക്കുന്ന വാക്കുകളാണ് സന്ദീപ് ശർമ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

Scroll to Top