ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസൺ ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. രാജസ്ഥാൻ റോയൽസ് ടീമിന്റെ നായകനായ മലയാളി താരം സഞ്ജു സാംസനും ഐപിഎല്ലിന് മുൻപുള്ള പരിശീലനത്തിലാണ്. ശ്രീലങ്കൻ പരമ്പരയ്ക്കിടെ ഉണ്ടായ പരിക്കിൽ നിന്ന് തിരിച്ചു വന്ന ശേഷമുള്ള സഞ്ജുവിന്റെ ആദ്യ മത്സരമാണ് ഐപിഎല്ലിൽ നടക്കുന്നത്. പരിക്കിൽ നിന്ന് തിരിച്ചു വരുന്നതിനാൽ തന്നെ ഐപിഎല്ലിലെ ആദ്യ കുറച്ചു മത്സരങ്ങളിൽ സഞ്ജുവിന് മികച്ച ഫോമിൽ കളിക്കാൻ സാധിക്കില്ല എന്നാണ് ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്.
കഴിഞ്ഞ സമയങ്ങളിൽ കൃത്യമായി മത്സരങ്ങളിൽ പങ്കെടുക്കാതിരുന്നത് സഞ്ജുവിനെ ബാധിക്കുമെന്ന് ആകാശ് ചോപ്ര കരുതുന്നു. “സഞ്ജു നന്നായി കളിക്കുന്ന സമയത്ത് നമുക്കത് കാണാൻ വളരെ സന്തോഷമാണ്. എന്നാൽ ഇപ്പോൾ സഞ്ജു ഒരു പരിക്കിൽ നിന്നാണ് വരുന്നത്. കഴിഞ്ഞ കുറച്ചു സമയങ്ങളിൽ സഞ്ജു മത്സരങ്ങൾ കളിച്ചിരുന്നില്ല. അത് ടൂർണമെന്റിന്റെ ആരംഭ സമയത്ത് സഞ്ജുവിന് ഒരു പ്രശ്നമായി മാറാൻ സാധ്യതയുണ്ട്. എന്നിരുന്നാലും കഴിഞ്ഞ സീസണുകളിൽ രാജസ്ഥാൻ റോയൽസിനെ മികച്ച രീതിയിൽ നയിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ താരം ചാഹലിന് പർപ്പിൾ ക്യാപ്പ് ലഭിച്ചതിൽ വലിയ പങ്കു സഞ്ജു സാംസണുണ്ട്. അയാൾ പക്വതയോടെ വളർന്നുവരുന്ന ഒരു നായകനാണ്.”- ആകാശ് ചോപ്ര പറയുന്നു.
ഇതോടൊപ്പം രാജസ്ഥാൻ റോയൽസിന്റെ ഘടനയെ ടീം സംബന്ധിച്ച് ആകാശ് ചോപ്ര സംസാരിക്കുകയുണ്ടായി. “ദേവദത്ത് പടിക്കൽ ടീമിന്റെ നാലാം നമ്പർ ബാറ്ററായി ഇറങ്ങുന്നത് ഒരു ശക്തിയായി മാറുമെന്ന് ഞാൻ കരുതുന്നില്ല. രാജസ്ഥാൻ റോയൽസിന് ആദ്യ നാലിൽ, മൂന്ന് ഇന്ത്യൻ ബാറ്റർമാരുണ്ട് എന്നത് നല്ല കാര്യം തന്നെയാണ്. എന്നാൽ അവരൊക്കെയും ഓപ്പണർമാരാണ്. അതിനാലാണ് നാലാം നമ്പറിൽ ഇറങ്ങുമ്പോഴും പടിക്കലിന് മികച്ച പ്രകടനങ്ങൾ പലപ്പോഴും നടത്താൻ സാധിക്കാത്തത്.”- ആകാശ് ചോപ്ര പറയുന്നു.
സഞ്ജു സാംസനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ഐപിഎൽ തന്നെയാണ് വന്നിരിക്കുന്നത്. 2023ലൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ സ്ക്വാഡിൽ ഇടം പിടിക്കണമെങ്കിൽ സഞ്ജുവിന് 2023ലെ ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചേ മതിയാകൂ. ഈ സാഹചര്യത്തിൽ എന്തു വിലകൊടുത്തും രാജസ്ഥാൻ റോയൽസിനായി നിറഞ്ഞാടാൻ തന്നെയാവും സഞ്ജുവിന്റെ ശ്രമം. മാർച്ച് 31നാണ് ഈ വർഷത്തെ ഐപിഎൽ ആരംഭിക്കുന്നത്.