ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ നിരാശപ്പെടുത്തി സഞ്ജു സാംസൺ. മത്സരത്തിൽ അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു സാംസന് കേവലം 12 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ഹെൻറിക്സിന്റെ പന്തിൽ കുറ്റിതെറിച്ച് സഞ്ജു സാംസൺ പുറത്താവുകയായിരുന്നു. ആദ്യ മത്സരത്തിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസണിന് സുവർണാവസരം തന്നെയാണ് രണ്ടാം മത്സരത്തിൽ ലഭിച്ചത്. എന്നാൽ അത് വേണ്ട വിധത്തിൽ വിനിയോഗിക്കുന്നതിൽ സഞ്ജു പൂർണമായും പരാജയപ്പെട്ടു. 23 പന്തുകൾ നേരിട്ടാണ് സഞ്ജു സാംസൺ മത്സരത്തിൽ 12 റൺസ് നേടിയത്. ഒരു ബൗണ്ടറി മാത്രമാണ് ഇന്നിംഗ്സിൽ ഉൾപ്പെട്ടത്.
മത്സരത്തിൽ ഇന്ത്യയ്ക്കായി അഞ്ചാമതായി ക്രീസിലെത്തിയ സഞ്ജുവിന് മികച്ച തുടക്കമാണ് ലഭിച്ചത്. ബൗണ്ടറി നേടിയിരുന്നു സഞ്ജു മത്സരത്തിൽ തന്റെ ആദ്യ റൺസ് പൂർത്തീകരിച്ചത്. എന്നാൽ ശേഷം റൺസ് കണ്ടെത്തുന്നതിൽ സഞ്ജു പരാജയപ്പെട്ടു. കൃത്യമായ രീതിയിൽ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും സഞ്ജുവിന് സാധിച്ചില്ല. ഇതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു. മറുവശത്ത് കെഎൽ രാഹുൽ കൃത്യമായി സിംഗിളുകൾ കണ്ടെത്തുമ്പോഴും സഞ്ജു സാംസൺ വളരെ ബുദ്ധിമുട്ടി. ദക്ഷിണാഫ്രിക്കൻ പിച്ചിന്റെ കൃത്യതയില്ലാത്ത ബൗൺസും സഞ്ജു സാംസനെ വലിച്ചിരുന്നു. എന്തായാലും സഞ്ജു ആരാധകർക്ക് വലിയ നിരാശയാണ് ഈ ഇന്നിങ്സ് നൽകിയത്.
രണ്ടാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ഓപ്പണർ ഋതുരാജിനെ(4) രണ്ടാമത്തെ പന്തിൽ തന്നെ പുറത്താക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിരുന്നു. ശേഷം വലിയ പ്രതീക്ഷയായിരുന്ന തിലക് വർമയും മടങ്ങിയതോടെ ഇന്ത്യ മത്സരത്തിൽ ബാക്ഫുട്ടിലേക്ക് പോയി. ഈ സമയത്താണ് മൂന്നാം വിക്കറ്റിൽ സായി സുദർശനും നായകൻ രാഹുലും ചേർന്ന് ഇന്ത്യക്കായി മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്തത്. ഇരുവരും ചേർന്ന് 68 റൺസ് മൂന്നാം വിക്കറ്റിൽ ചേർക്കുകയുണ്ടായി. സായി സുദർശനാണ് കൂട്ടുകെട്ടിൽ മികച്ച പ്രകടനം പുറത്തെടുത്തത്.
തന്റെ ഏകദിന കരിയറിലെ രണ്ടാം മത്സരത്തിലും അർദ്ധ സെഞ്ച്വറി സ്വന്തമാക്കാൻ സായി സുദർശന് സാധിച്ചു. 83 പന്തുകളിൽ ഏഴ് ബൗണ്ടറികളും ഒരു സിക്സറുമടക്കം 62 റൺസാണ് സായി നേടിയത്. സായി പുറത്തായ ശേഷമാണ് സഞ്ജു സാംസൺ ക്രിസിലെത്തിയത്. ശേഷം രാഹുലുമൊപ്പം ചേർന്ന് ഒരു കിടിലൻ കൂട്ടുകെട്ട് കെട്ടിപ്പടുക്കാനാണ് സഞ്ജു ശ്രമിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസണിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല. അനായാസമായ ഒരു വിജയം ആയിരുന്നു ആദ്യ മത്സരത്തിൽ ഇന്ത്യ നേടിയത്.