ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ നിറസാന്നിധ്യമാണ് എന്നും സഞ്ജു സാംസൺ. 2018ൽ രാജസ്ഥാൻ റോയൽസിനായി അരങ്ങേറ്റം കുറിച്ച സഞ്ജു നിലവിൽ രാജസ്ഥാന്റെ നായകനാണ്. 2021ലെ ഐപിഎല്ലിന് ശേഷം സഞ്ജു സാംസണ് വലിയ രീതിയിൽ ഓഫറുകൾ മറ്റു ടീമുകളിൽ നിന്ന് വന്നിരുന്നു എന്ന് രാജസ്ഥാന്റെ ഫിറ്റ്നസ് ട്രെയിനർ രാജാമണി പ്രഭു പറയുകയുണ്ടായി. എന്നാൽ അന്ന് സഞ്ജു അത് സ്വീകരിച്ചില്ലയെന്നും സഞ്ജുവിന് രാജസ്ഥാനായി പോരാടാനായിരുന്നു താൽപ്പര്യമെന്നും രാജാമണി പറഞ്ഞു. അതിനാൽതന്നെ സഞ്ജു ധോണിയെ പോലെ ഒരു ക്രിക്കറ്ററാണ് എന്നായിരുന്നു രാജാമണി വിശേഷിപ്പിച്ചത്.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജാമണി ഇക്കാര്യം വെളിപ്പെടുത്തിയത് “2021ലെ ഐപിഎല്ലിന് ശേഷം ഞാൻ സഞ്ജുവിനോട് കുറച്ചുകൂടി വലിയ ടീമുകളിൽ ചേരാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ സഞ്ജു നൽകിയ മറുപടി ‘എനിക്ക് രാജസ്ഥാൻ റോയൽസിനെ ഒരു വലിയ ടീമായി മാറ്റണം’ എന്നായിരുന്നു. അശ്വിൻ, ചാഹൽ, പ്രസീദ് തുടങ്ങിയ കളിക്കാരെ ടീമിലെത്തിക്കണം എന്ന നിർദ്ദേശം വച്ചതും സഞ്ജു സാംസൺ തന്നെയായിരുന്നു. സഞ്ജുവിന് ടീമിനെ സംബന്ധിച്ച് കൃത്യമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ച് സഞ്ജു രണ്ടാമത്തെ മഹേന്ദ്ര സിംഗ് ധോണിയാണ്.”- രാജാമണി പറഞ്ഞു.
സഞ്ജു തനിക്ക് കിട്ടുന്ന പ്രതിഫലത്തിന്റെ ഒരു ശതമാനം ആഭ്യന്തര ക്രിക്കറ്റർമാർക്കും നന്നായി കളിക്കുന്ന കുട്ടികൾക്കുമായി ഉപയോഗിക്കുന്നതായും രാജാമണി പറഞ്ഞിരുന്നു. “സഞ്ജുവിന് ഒരു സീസണിൽ ഏകദേശം 15 കോടി രൂപയ്ക്ക് അടുത്താണ് ലഭിക്കുന്നത്. എനിക്കറിയാവുന്ന പക്ഷം അതിൽ കുറഞ്ഞത് രണ്ടു കോടി രൂപയെങ്കിലും ആഭ്യന്തര കളിക്കാരെയും കഴിവുള്ള കുട്ടികളെയും സഹായിക്കാൻ സഞ്ജു ചിലവഴിക്കുന്നുണ്ട്. ഒരു കളിക്കാരൻ എന്ന നിലയിലുപരി സഞ്ജു മികച്ച ഒരു മനുഷ്യനാണ്. അതുതന്നെയാണ് സഞ്ജുവിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിക്കുന്നതും. അതുകൊണ്ടാണ് സഞ്ജുവിന് ഇത്ര വലിയ ആരാധകവൃന്ദമുള്ളത്.”- രാജാമണി കൂട്ടിച്ചേർത്തു.
നിലവിൽ സഞ്ജു സാംസനായി ഒരുപാട് ഇന്ത്യൻ പ്രീമിയർ ലീഗ് ടീം രംഗത്തെത്തിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ് അടക്കമുള്ള ടീമുകൾ സഞ്ജുവിനായി വല വിരിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മഹേന്ദ്ര സിംഗ് ധോണി വിരമിച്ചതിനുശേഷം ചെന്നൈയ്ക്ക് ഒരു യുവ വിക്കറ്റ് കീപ്പറെ ആവശ്യമാണ്. ആ സാഹചര്യത്തിൽ സഞ്ജുവിനെ ചെന്നൈ നോട്ടമിട്ടിരുന്നു എന്ന റിപ്പോർട്ടുകളാണ് മുൻപു പുറത്തുവന്നിരുന്നത്. എന്നാൽ ഇതേ സംബന്ധിച്ച് വിശദീകരണം സഞ്ജുവോ ചെന്നൈ മാനേജ്മെന്റോ ഇതുവരെ നൽകിയിട്ടില്ല.