സിംബാബ്വെയ്ക്കെതിരായ ഇന്ത്യയുടെ മൂന്നാം ട്വന്റി20 മത്സരത്തിൽ സഞ്ജു സാംസണ് ഒരു സർപ്രൈസ് റോൾ. മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ ഉപനായകനാണ് സഞ്ജു സാംസൺ കളിക്കുന്നത്. ലോകകപ്പ് പര്യടനത്തിന്റെ തിരക്കിലായിരുന്നതിനാൽ കഴിഞ്ഞ 2 ട്വന്റി20 മത്സരങ്ങളും കളിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല.
എന്നാൽ തിരികെയെത്തിയ ആദ്യ മത്സരത്തിൽ തന്നെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യൻ സഞ്ജുവിനെ സ്വീകരിച്ചത്. മാത്രമല്ല ഗിൽ നായകനായ ടീമിന്റെ ഉപ നായകനായും സഞ്ജു സാംസനെ ഇന്ത്യ നിശ്ചയിച്ചു കഴിഞ്ഞു. സഞ്ജുവിനെ സംബന്ധിച്ച് ഇത് വലിയൊരു നേട്ടം തന്നെയാണ്.
ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ ഭാവി വ്യക്തമാക്കുന്നത് കൂടിയാണ് ഈ നീക്കം. വിക്കറ്റ് കീപ്പർ ജിതേഷ് ശർമയ്ക്ക് പകരക്കാരനായാണ് ഇന്ത്യ സഞ്ജു സാംസനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ട്വന്റി20 കളിൽ സഞ്ജു സാംസണിൽ നിന്ന് കൂടുതൽ മികച്ച പ്രകടനങ്ങൾ ഇന്ത്യ പ്രതീക്ഷിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ് ഇത്.
മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ നായകൻ എന്ന നിലയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ സഞ്ജുവിനെ ഇന്ത്യ നേതൃത്വ സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന രീതിയിൽ അഭിപ്രായങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് സഞ്ജുവിനെ വൈസ് ക്യാപ്റ്റനായി ഇന്ത്യ നിശ്ചയിച്ചത്.
മുൻപ് പല മുൻ താരങ്ങളും സഞ്ജു സാംസൺ ഇന്ത്യയുടെ ഭാവി നായകനാണ് എന്ന് പ്രവചിക്കുകയുണ്ടായി. ഇതൊക്കെയും ശരിവെക്കുന്ന നീക്കമാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം പിടിച്ചെങ്കിലും ഒരു മത്സരം പോലും കളിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. പക്ഷേ സിംബാബ്വെയ്ക്കെതിരെ ഒരുങ്ങിയിരിക്കുന്നത് വലിയൊരു അവസരം തന്നെയാണ്. സിംബാബ്വെക്കെതിരായ അവശേഷിക്കുന്ന 3 മത്സരങ്ങളിലും സഞ്ജു കളിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഈ 3 മത്സരങ്ങളിലും സഞ്ജു മികവ് പുലർത്തിയാൽ താരത്തിന് ശ്രീലങ്കയ്ക്കെതിരായ സ്ക്വാഡിലും ഇടം പിടിക്കാൻ സാധിച്ചേക്കും.
വരുന്ന പരമ്പരകളിൽ മികച്ച പ്രകടനം പുറത്തെടുത്താൽ സഞ്ജുവിന് ചാമ്പ്യൻസ് ട്രോഫി അടക്കമുള്ള വലിയ ടൂർണമെന്റ്കളിലും സ്ഥാനം പിടിക്കാൻ സാധിച്ചേക്കും. മൂന്നാം ട്വന്റി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
വളരെ മികച്ച തുടക്കം തന്നെയാണ് ഗില്ലും ജയസ്വാളും ഇന്ത്യയ്ക്ക് നൽകിയിരിക്കുന്നത്. എന്നാൽ പവർപ്ലേ ഓവറുകൾക്ക് ശേഷം ഇന്ത്യ ബാറ്റിംഗിൽ പിന്നിലേക്ക് ആവുകയായിരുന്നു. പിന്നീട് ജയസ്വാളിനെയും അഭിഷേക് ശർമയെയും കൃത്യമായ ഇടവേളകളിൽ ഇന്ത്യയ്ക്ക് നഷ്ടമായി. എന്നിരുന്നാലും മത്സരത്തിൽ മികച്ച നിലയിലാണ് ഇന്ത്യ ഇപ്പോൾ.