രോഹിതും ഗെയ്ലുമല്ല, തന്റെ ഇഷ്ടപെട്ട ഓപ്പണിങ് പങ്കാളിയെ പറ്റി സഞ്ജു പറയുന്നു.

നിലവിൽ ഇന്ത്യയുടെ ട്വന്റി20 ടീമിലെ നിർണായക താരങ്ങളിൽ ഒരാളാണ് മലയാളി താരം സഞ്ജു സാംസൺ. മുൻപ് ഒരു വിക്കറ്റ് കീപ്പർ ബാറ്ററായി ഇന്ത്യൻ ടീമിലെത്തിയ സഞ്ജു സമീപകാലത്ത് ട്വന്റി20 മത്സരങ്ങളിൽ ഓപ്പണിങ് ബാറ്ററായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

കഴിഞ്ഞ 2 പരമ്പരകളിൽ നിന്നും 3 സെഞ്ച്വറികൾ സ്വന്തമാക്കിയാണ് സഞ്ജു വാർത്തകളിൽ ഇടംപിടിച്ചത്. ഇപ്പോൾ തന്റെ ചില വ്യക്തിപരമായ താല്പര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു സാംസൺ. ഇന്ത്യൻ ടീമിലെ തന്റെ സ്വപ്ന പങ്കാളിയെ പറ്റിയാണ് സഞ്ജു പറയുന്നത്. ആരുടെ കൂടെ ബാറ്റ് ചെയ്യാനാണ് താൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് എന്ന് സഞ്ജു മനസ് തുറക്കുകയുണ്ടായി.

സാധാരണയായി ആക്രമണ മനോഭാവത്തിൽ ബാറ്റ് ചെയ്യുന്ന താരമാണ് സഞ്ജു സാംസൺ. അതുകൊണ്ടുതന്നെ വീരേന്ദർ സേവാഗ്, ക്രിസ് ഗെയ്ൽ, രോഹിത് ശർമ പോലെയുള്ള താരങ്ങളാവും സഞ്ജുവിന്റെ ഇഷ്ടപങ്കാളി എന്നാണ് പലരും ധരിച്ചിരുന്നത്. പക്ഷേ വളരെ വ്യത്യസ്തമായ ഒരു പ്രസ്താവനയായിരുന്നു സഞ്ജു നടത്തിയത്. തനിക്ക് ഇന്ത്യൻ ടീമിൽ ഏറ്റവും ഇഷ്ടം വിരാട് കോഹ്ലിയോടൊപ്പം ബാറ്റ് ചെയ്യാനാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു.

ചെറുപ്പത്തിൽ വലിയ വേഗത്തിൽ റൺസ് കണ്ടെത്തുന്ന മുഴുവൻ ബാറ്റർമാരെയും തനിക്ക് ഇഷ്ടമായിരുന്നു എന്ന് സഞ്ജു പറയുകയുണ്ടായി. എന്നാൽ ഇന്ത്യൻ ടീമിലേക്ക് എത്തിയശേഷം വിരാട് കോഹ്ലിയെയാണ് താൻ റോൾ മോഡലായി കാണുന്നതെന്നും വിരാടിനൊപ്പമാണ് താൻ ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നും സഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്.

കോഹ്ലിയുടെ ക്രിക്കറ്റിലെ അർപ്പണബോധവും അദ്ദേഹം ഫിറ്റ്നസിന് നൽകുന്ന പ്രാധാന്യവും എല്ലാ താരങ്ങൾക്കും മാതൃകയാണ് എന്ന് സഞ്ജു പറയുന്നു. മാത്രമല്ല ഒരു താരം എന്ന നിലയിലും വ്യക്തി എന്ന നിലയിലും മാതൃകയാക്കാൻ സാധിക്കുന്ന ആളാണ് കോഹ്ലി എന്ന് സഞ്ജു കൂട്ടിച്ചേർത്തു. ഗൗതം ഗംഭീർ ഇന്ത്യയുടെ ട്വന്റി20 ടീമിലെ പരിശീലകനായി എത്തിയതിന് ശേഷമാണ് സഞ്ജു സാംസണ് കൂടുതൽ അവസരങ്ങൾ ഇന്ത്യൻ ടീമിൽ ലഭിച്ചത്. ഓപ്പണിങ് എന്ന റോളിലേക്ക് സഞ്ജുവിനെ എത്തിച്ചതിൽ ഗംഭീറിന്റെ പങ്ക് വളരെ വലുതാണ്.

ഓപ്പണിങ് റോളിൽ ആദ്യ മത്സരങ്ങളിൽ വലിയ പ്രകടനം കാഴ്ചവെക്കാൻ സഞ്ജുവിന് സാധിച്ചില്ല. എന്നാൽ ഗംഭീറും നായകൻ സൂര്യയും സഞ്ജുവിന് വേണ്ട രീതിയിൽ പിന്തുണ നൽകുകയായിരുന്നു. ഇതിന് ശേഷം ഒരു തകർപ്പൻ സെഞ്ച്വറിയോടെയാണ് സഞ്ജു സാംസൺ വിമർശകരുടെ വായ അടപ്പിച്ചത്. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലായിരുന്നു സഞ്ജുവിന്റെ സെഞ്ച്വറി. തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിൽ 2 സെഞ്ച്വറികളും സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു.

Previous articleബുംറക്ക് ശേഷം ഏറ്റവും മികച്ച ബോളര്‍ ഈ താരം – ദിനേശ് കാര്‍ത്തിക്.