ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ കാഴ്ചവയ്ച്ചത്. മത്സരത്തിൽ 222 എന്ന വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ തുടക്കത്തിൽ പതറുകയുണ്ടായി.
ഈ സമയത്ത് ക്രീസിലെത്തിയ സഞ്ജു സിക്സറുകൾ കൊണ്ട് വെടിക്കെട്ട് തീർക്കുകയായിരുന്നു. മത്സരത്തിൽ 46 പന്തുകൾ നേരിട്ട സഞ്ജു 86 റൺസ് നേടുകയുണ്ടായി. സഞ്ജുവിന്റെ ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഡൽഹിക്കെതിരെ ഉണ്ടായത്. മത്സരത്തിലെ വമ്പൻ പ്രകടനത്തിനിടെ ഒരു വലിയ റെക്കോർഡ് സ്വന്തമാക്കാനും സഞ്ജു സാംസണ് സാധിച്ചു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും വേഗതയിൽ 200 സിക്സറുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡാണ് സഞ്ജു സാംസൺ പേരിൽ ചേർത്തിരിക്കുന്നത്. മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോർഡ് മറികടന്നാണ് സഞ്ജു ലിസ്റ്റിൽ ഒന്നാമനായി മാറിയിരിക്കുന്നത്. ധോണി ഐപിഎല്ലിലെ തന്റെ 165ആം ഇന്നിംഗ്സിൽ നിന്നായിരുന്നു 200 സിക്സറുകൾ പൂർത്തീകരിച്ചത്.
എന്നാൽ കേവലം 159 ഇന്നിംഗ്സുകളിൽ നിന്ന് 200 സിക്സറുകൾ സ്വന്തമാക്കാൻ സഞ്ജുവിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. 180 ഇന്നിംഗ്സുകളിൽ നിന്ന് 200 സിക്സർ സ്വന്തമാക്കിയ വിരാട് കോഹ്ലിയാണ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത്.
185 ഇന്നിംഗ്സുകളിൽ നിന്ന് 200 സിക്സറുകൾ സ്വന്തമാക്കിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ലിസ്റ്റിൽ നാലാം സ്ഥാനത്ത് നിൽക്കുന്നു. 193 ഇന്നിങ്സുകളിൽ നിന്ന് 200 സിക്സറുകൾ സ്വന്തമാക്കിയ റെയ്ന ലിസ്റ്റിൽ അഞ്ചാമത് നിൽക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ 200ലധികം സിക്സറുകൾ സ്വന്തമാക്കുന്ന പത്താമത്തെ ബാറ്ററായും സഞ്ജു സാംസൺ മാറി.
മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്ലി, രോഹിത് ശർമ, സുരേഷ് റെയ്ന എന്നിവർക്ക് പുറമേ ക്രിസ് ഗെയിൽ, എ ബി ഡിവില്ലിയേഴ്സ്, ഡേവിഡ് വാർണർ, കീറോൺ പൊള്ളാർഡ്, ആൻഡ്ര റസൽ എന്നിവരാണ് മുൻപ് ഐപിഎല്ലിൽ 200 സിക്സറുകൾക്ക് മുകളിൽ നേടിയിട്ടുള്ളത്. ഈ ലിസ്റ്റിലേക്കാണ് സഞ്ജു സാംസൺ ഇപ്പോൾ എത്തിയിരിക്കുന്നത്.
നിർണായകമായ മത്സരത്തിൽ 28 പന്തുകളിൽ നിന്നായിരുന്നു സഞ്ജു സാംസൺ തന്നെ അർദ്ധ സെഞ്ച്വറി പൂർത്തീകരിച്ചത്. ഇതിന് ശേഷവും മത്സരത്തിൽ അടിച്ചു തകർക്കാൻ സഞ്ജുവിന് സാധിച്ചു. എന്നാൽ 46 പന്തിൽ 86 റൺസിൽ നിൽക്കുമ്പോൾ സഞ്ജു പുറത്താവുകയുണ്ടായി.
സഞ്ജുവിന്റെ നിർണായകമായ പുറത്താവലാണ് മത്സരത്തിൽ രാജസ്ഥാൻ പരാജയമറിയാൻ കാരണമായി മാറിയത്. എന്തായാലും രാജസ്ഥാനെ സംബന്ധിച്ച് വളരെ നിരാശാജനകമായ മത്സരഫലമാണ് ലഭിച്ചിരിക്കുന്നത്. എന്നിരുന്നാലും വരും മത്സരങ്ങളിൽ വിജയം സ്വന്തമാക്കിയാൽ രാജസ്ഥാന് പ്ലേയോഫ് ഉറപ്പിക്കാൻ സാധിക്കും.