2024 ലോകകപ്പിലെ ആവേശ വിജയത്തിന് ശേഷം ഇന്ത്യ ഇന്ന് തങ്ങളുടെ അടുത്ത പരമ്പര ആരംഭിക്കുകയാണ്. സിംബാബ്വെയ്ക്കെതിരെ 5 ട്വന്റി20 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യയുടെ യുവനിര ഇന്ന് ആരംഭിക്കുന്നത്. പ്രധാനമായും ലോകകപ്പിൽ നിർണായക പ്രകടനങ്ങൾ കാഴ്ചവെച്ച താരങ്ങളെ മാറ്റിനിർത്തി ഒരു യുവത്വം തുളുമ്പുന്ന നിരയെയാണ് ഇന്ത്യ സിംബാബ്വെയ്ക്കെതിരെ അണിനിരത്തിയിരിക്കുന്നത്.
പരമ്പരയിൽ സഞ്ജു സാംസനെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് ആദ്യ 2 മത്സരങ്ങളിൽ നിന്ന് മാറ്റി നിർത്തുകയുണ്ടായി. എന്നാൽ പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ സഞ്ജു സാംസനെ ഇന്ത്യ മൂന്നാം നമ്പർ താരമായി തന്നെ ഇറക്കേണ്ടതുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരം സാബ കരീം പറഞ്ഞിരിക്കുന്നത്.
രോഹിത് ശർമ, വിരാട് കോഹ്ലി എന്നീ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്താൻ ഇത്തരമൊരു നീക്കം ഇന്ത്യയ്ക്ക് സഹായകരമാവും എന്ന കരീം പറയുകയുണ്ടായി. “സിംബാബ്വെയ്ക്കെതിരായ പരമ്പര സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാവും എന്നാണ് ഞാൻ കരുതുന്നത്. പരമ്പരയിലെ 5 മത്സരങ്ങളിലും സഞ്ജു സാംസൺ കളിക്കേണ്ടതായിരുന്നു. മാത്രമല്ല മൂന്നാം നമ്പറിൽ തന്നെ ഈ പരമ്പരയിൽ സഞ്ജു കളിക്കണം. സഞ്ജുവിന് ഏറ്റവും ഇഷ്ടമുള്ളതും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നതും മൂന്നാം നമ്പറിലാണ്.”
“ഇന്ത്യൻ ക്രിക്കറ്റിന്റെ തലമുറ മാറ്റത്തിന്റെ സമയമാണ് ഇത്. ഈ പരിവർത്തനം ആരംഭിക്കേണ്ടത് സിംബാബ്വെയ്ക്കെതിരായ പരമ്പരയിലൂടെയാണ്. ഒരുപക്ഷേ സെലക്ടർമാർക്ക് മുൻപിൽ ഒരുപാട് ഓപ്ഷനുകൾ ഉണ്ടാവും. ഒരുപാട് പുതുമുഖ താരങ്ങൾ ടീമിലേക്കെത്തും. വിക്കറ്റ് കീപ്പർ സ്ലോട്ടിലധികം വലിയ മത്സരങ്ങൾ നടക്കാനും സാധ്യതയുണ്ട്. പക്ഷേ സഞ്ജു സാംസനെ മൂന്നാം നമ്പറിൽ തന്നെ കളിപ്പിക്കാൻ ടീം മാനേജ്മെന്റ് തയ്യാറാവണം.”- സാബാ കരീം പറയുന്നു.
സമീപകാലത്തെ സഞ്ജു സാംസണിന്റെ മികച്ച പ്രകടനങ്ങളെ പറ്റിയും സാബാ കരീം സംസാരിക്കുകയുണ്ടായി. “കഴിഞ്ഞ സമയങ്ങളിൽ മികവാർന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. കൂടുതൽ അവസരങ്ങൾ ഇനിയും സഞ്ജുവിന് ലഭിക്കേണ്ടതുണ്ട്. ഇപ്പോൾ ഒരുപാട് അനുഭവ സമ്പത്തുള്ള താരമാണ് സഞ്ജു സാംസൺ. അതിനാൽ വലിയ വെല്ലുവിളികളും സഞ്ജുവിനുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനെ നന്നായി നയിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. ഇനിയും അവന്റെ കരിയർ മുൻപോട്ടു പോകുമ്പോൾ മൂന്നാം നമ്പറിൽ തന്നെ അവനെ ഇന്ത്യ കളിപ്പിക്കുമെന്നാണ് ഞാൻ കരുതുന്നത്.”- കരീം കൂട്ടിച്ചേർത്തു.
നിലവിൽ സിംബാബ്വെയ്ക്കെതിരായ പരമ്പരയിൽ 3 മത്സരങ്ങളിൽ മാത്രമാണ് സഞ്ജു സാംസൺ കളിക്കുന്നത്. മാത്രമല്ല ഒരുപാട് യുവതാരങ്ങൾ അടങ്ങിയ നിരയാണ് പരമ്പരയിൽ കളിക്കാൻ ഒരുങ്ങുന്നത്. ഗില്‍ നായകനായ ടീമിൽ അഭിഷേക് ശർമ, ഋതുരാജ്, റിങ്കു സിംഗ് തുടങ്ങിയ യുവതാരങ്ങളുടെ സാന്നിധ്യം പ്രകടമാണ്. ഒപ്പം റിയാൻ പരഗ്, ധ്രുവ് ജൂറൽ, വാഷിംഗ്ടൺ സുന്ദർ, തുഷാർ ദേഷ്പാണ്ഡെ, ജിതേഷ് ശർമ തുടങ്ങിയവരും ടീമിൽ അണിനിരക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വലിയൊരു പരീക്ഷണമാണ് സിംബാബ്വെയ്ക്കെതിരെ പരമ്പരയിലൂടെ നടക്കാൻ പോകുന്നത്.