ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഉഗ്രൻ പ്രകടനമായിരുന്നു മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ചത്. മത്സരത്തിൽ 47 പന്തുകളിൽ നിന്ന് 111 റൺസ് നേടി ഒരു റെക്കോർഡ് സെഞ്ച്വറി സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചു. ഇതിനു ശേഷം വലിയ പ്രശംസകളാണ് സഞ്ജുവിന് ലോകത്തിന്റെ വിവിധ ദിശകളിൽ നിന്ന് ലഭിക്കുന്നത്.
ഇപ്പോൾ മലയാളി താരം സഞ്ജുവിനെപ്പറ്റി സംസാരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സ്. സഞ്ജു സാംസൺ ഇന്ത്യക്കായി ഓപ്പണിങ്ങിൽ തന്നെ ഇറങ്ങുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ഡിവില്ലിയേഴ്സ് പറയുകയുണ്ടായി.
ഓപ്പണിംഗിൽ മികച്ച ഇമ്പക്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന താരമാണ് സഞ്ജു സാംസൺ എന്ന ഡിവില്ലിയേഴ്സ് പറയുന്നു. എന്നാൽ ഇന്ത്യ സഞ്ജുവിനെ ഓപ്പണിങ് ഇറക്കിയാൽ അത് ടീമിന് വലിയ ബുദ്ധിമുട്ടുണ്ടാകമെന്നും താരം പറഞ്ഞു.
“എപ്പോഴും ഞാൻ ആഗ്രഹിക്കുന്നത് സഞ്ജുവിനെ ഓപ്പണറായി കാണാൻ തന്നെയാണ്. ആ പൊസിഷനിൽ അവന് വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. പുതിയ ബോളിൽ അനായാസമായി റൺസ് സ്വന്തമാക്കാൻ സഞ്ജുവിന് കഴിയുന്നുണ്ട്. മാത്രമല്ല സഞ്ജുവിന്റെ ഷോട്ടുകളൊക്കെയും നല്ല നിയന്ത്രണം ഉള്ളവയാണ്.”- ഡിവില്ലിയേഴ്സ് പറഞ്ഞു.
“എന്നിരുന്നാലും ട്വന്റി20 ക്രിക്കറ്റിൽ തുടർന്നും സഞ്ജു സാംസൺ ഓപ്പണറായി കളിക്കണമൊ എന്ന് തീരുമാനമെടുക്കേണ്ടത് ഇന്ത്യയുടെ ടീം മാനേജ്മെന്റ് ആണ്. അത് അവരെ സംബന്ധിച്ച് കുറച്ചു ബുദ്ധിമുട്ടേറിയ ഒരു തീരുമാനം തന്നെയായിരിക്കും. നിലവിൽ ഇന്ത്യയുടെ ഓപ്പണിംഗ് പരിശോധിച്ചാൽ, സഞ്ജുവും ജയസ്വാളും മികച്ച ബാറ്റർമാരാണ്. അവരെ ഓപ്പണർമാരായി കളിപ്പിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ കോച്ചിംഗ് സ്റ്റാഫുകൾ അന്തിമമായ തീരുമാനം കൈക്കൊള്ളണം.”- ഡിവില്ലിയേഴ്സ് കൂട്ടിച്ചേർക്കുന്നു.
“ഞാൻ സഞ്ജുവിനെ തന്നെ ഓപ്പണറായി നിലനിർത്തണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. അത്രമാത്രം മികച്ച പ്രകടനമാണ് ബംഗ്ലാദേശിനെതിരെ അവൻ കാഴ്ചവെച്ചത്. ഇത്തരം ഒരു സെഞ്ച്വറി സ്വന്തമാക്കിയതിന് ശേഷം അവനെ മാറ്റിനിർത്തി മറ്റൊരു താരത്തെ ഓപ്പണിങ് ഇറക്കുന്നതിനെപ്പറ്റി നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല.”- ഡിവില്ലിയേഴ്സ് പറഞ്ഞുവയ്ക്കുന്നു. ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ട്വന്റി20 പരമ്പര നടക്കുന്നത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ നവംബർ 8 മുതൽ 15 വരെയാണ് പരമ്പര നിശ്ചയിച്ചിരിക്കുന്നത്.