ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തിൽ സഞ്ജു സാംസൺ നേടിയ സെഞ്ച്വറി കരിയറിനെ നല്ല രീതിയിൽ മാറ്റുമെന്ന് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. രാജ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ കാര്യങ്ങള്‍ നേടാന്‍ ഈ സെഞ്ചുറി ആത്മവിശ്വാസം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മത്സരത്തില്‍ സഞ്ചു സാംസൺ 114 പന്തിൽ 108 അടിച്ചു. 6 ഫോറും 3 സിക്സും അടങ്ങുന്നതാണ് ഈ ഇന്നിംഗ്സ്.
മത്സരത്തില്‍ വണ്‍ ഡൗണായി എത്തിയ സഞ്ചു സാംസണ്‍ 44ാം ഓവര്‍ വരെ ക്രീസില്‍ തുടര്‍ന്നു. ബാറ്റിംഗ് ബുദ്ധിമുട്ടേറിയ പിച്ചില്‍ മികച്ച സ്കോറിന് അടിത്തറ നല്‍കിയാണ് സഞ്ചു മടങ്ങിയത്. മത്സരത്തില്‍ സഞ്ചുവിന്‍റെ ഷോട്ട് സെലക്ഷനെ ഗവാസ്കര്‍ ഏറെ പ്രശംസിച്ചു.
“ഈ ഇന്നിംഗ്‌സിൽ നിന്ന് എന്നെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷനായിരുന്നു. പണ്ട്, അവൻ മികച്ച തുടക്കമിട്ടിട്ടും പുറത്തായിട്ടുണ്ട്. ഇന്ന്, നിങ്ങൾക്ക് അവനെ കുറ്റപ്പെടുത്താൻ കഴിയില്ല, അവൻ തന്റെ സമയം എടുത്ത്, മോശം പന്തിനായി കാത്തിരിക്കുകയായിരുന്നു ”ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.
ഈ സെഞ്ചുറി നേടിയതിലൂടെ കൂടുതല്‍ അവസരങ്ങള്‍ എത്തുമെന്നും ഒരുപാട് ആത്മവിശ്വാസം നല്‍കുമെന്നും ഗവാസ്കര്‍ പറഞ്ഞു.
“ഈ സെഞ്ചുറി അവന്റെ കരിയർ മാറ്റാൻ പോകുകയാണെന്നാണ് ഞാൻ കരുതുന്നത്. ഒന്ന്, ഈ സെഞ്ചുറി കാരണം അവന് കൂടുതൽ അവസരങ്ങൾ ലഭിക്കും. രണ്ടാമതായി, അവൻ ഈ ലെവലിൽ പെട്ടവനാണെന്ന് അവനും സ്വയം വിശ്വസിക്കാൻ തുടങ്ങും. ചിലപ്പോൾ ആ വിശ്വാസം ഉണ്ടാവാം. പക്ഷേ ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാവില്ല, ഒരു മികച്ച ഡെലിവറി, മികച്ച ക്യാച്ച് എന്നിവയിലൂടെ പുറത്താവാം. ഇങ്ങനെ സംഭവിചാല്‍ സംശയത്തിന് ഇടയാക്കും ”
“ഈ സെഞ്ചുറി അവനെ വിശ്വസിക്കാൻ പ്രേരിപ്പിക്കും. അവൻ എപ്പോഴും ഇവിടെയുണ്ട്, ഓർക്കുക. അവനുള്ള കഴിവ് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ എങ്ങനെയോ അവൻ പുറത്തെടുത്തില്ലാ, എന്നാൽ ഇന്ന് എല്ലാവർക്കും വേണ്ടി മാത്രമല്ല, തനിക്കും വേണ്ടിയും അവന്‍ പുറത്തെടുത്തു” ഗവാസ്കര്‍ കൂട്ടിച്ചേർത്തു.