ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസണ്‍ സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ മാന്‍ ഓഫ് ദ മാച്ച് പ്രകടനം നടത്തിയിരുന്നു. മത്സരത്തില്‍ മാത്രമല്ലാ മത്സരത്തിനു ശേഷവും ആരാധകരുടെ ഇടയിലും മാന്‍ ഓഫ് ദ മാച്ച് ആയി.
മാധ്യമപ്രവർത്തകൻ വിമൽ കുമാർ തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, സെൽഫികളും ഓട്ടോഗ്രാഫുകളും ആഗ്രഹിക്കുന്ന ആരാധകരുമായി സഞ്ജു സാംസൺ സമയം ചെലവഴിക്കുന്നത് കണ്ടു. ഇന്ത്യക്കായി ഇതുവരെ കുറച്ച് മത്സരമേ രാജ്യാന്തര രംഗത്ത് കളിച്ചിട്ടുള്ളുവെങ്കിലം നിരവധി ആരാധകരാണ് താരത്തിനുള്ളത്, ഈ വീഡിയോ അതിന്റെ തെളിവാണ്.
തൊപ്പികൾ, ബാറ്റുകൾ തുടങ്ങി ഇന്ത്യൻ ത്രിവർണ്ണ പതാക പതിച്ച ഷർട്ട് വരെ ആരാധകർ കൊണ്ടുവന്ന വിവിധ സാധനങ്ങളിൽ സഞ്ചു സാംസണ്‍ ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു. സഞ്ചുവിനേപ്പോലെ ഒരു പ്രശസ്ത ക്രിക്കറ്റ് താരം തങ്ങൾക്കൊപ്പം സമയം ചെലവഴിക്കാൻ വിനയാന്വിതനായിരുന്നുവെന്ന് ആരാധകർ വീഡിയോയിൽ സംസാരിച്ചു. കളിക്കളത്തിലും പുറത്തും ഹൃദയം കീഴടക്കിയെന്നാണ് ഇത് കാണിക്കുന്നത്.
ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 162 റൺസ് മാത്രമായിരുന്നെങ്കിലും സിംബാബ്‌വെ ബൗളർമാർ നിർണായക ഇടവേളകളിൽ വിക്കറ്റ് നേടിയതോടെ ഇന്ത്യ 97/4 എന്ന നിലയിലായി.
സമ്മർദം നിലനിർത്താൻ ആതിഥേയരെ അനുവദിക്കാതെ സഞ്ചു സാംസണും ദീപക്ക് ഹൂഡയും ചേര്‍ന്ന് ഇന്ത്യയെ വിജയത്തില്‍ എത്തിച്ചു. 4 സിക്സും 3 ഫോറുമടക്കം 43 റണ്‍സാണ് സഞ്ചു നേടിയത്. പരമ്പരയിലെ അവസാന മത്സരം തിങ്കളാഴ്ച്ച നടക്കും.