സ്വന്തം പ്രകടനം നോക്കിയിട്ട് കാര്യമില്ല. രാജാസ്ഥാൻ താരങ്ങൾക്ക് നിർദ്ദേശവുമായി സഞ്ജു.

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച തുടക്കമായിരുന്നു രാജസ്ഥാന് ലഭിച്ചത്. എന്നാൽ കഴിഞ്ഞ 2 മത്സരങ്ങളിലും തുടരെ പരാജയങ്ങൾ നേരിട്ടതോടെ രാജസ്ഥാൻ ഒരു പടി പിന്നിലേക്ക് പോയിട്ടുണ്ട്. 2 മത്സരങ്ങളിലും അവസാന ഓവറുകളിൽ ബാറ്റിംഗ് നിരയ്ക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കാതെ വന്നതാണ് പരാജയത്തിൽ കലാശിച്ചത്. ബാംഗ്ലൂരിനെതിരെ 7 റൺസിനായിരുന്നു രാജസ്ഥാൻ വീണത്. മത്സരശേഷം തന്റെ സഹതാരങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പുമായി രംഗത്തെത്തി ഇരിക്കുകയാണ് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ. വ്യക്തിപരമായ പ്രകടനങ്ങളിൽ ശ്രദ്ധിക്കുന്നതിനപ്പുറം ടീമായി പ്രവർത്തിക്കാൻ കൂടുതൽ ശ്രമിക്കണമേന്നാണ് സഞ്ജു സാംസൺ സഹതാരങ്ങൾക്ക് നൽകുന്ന നിർദ്ദേശം.

“കഴിഞ്ഞ മത്സരത്തിൽ ലക്നൗവിനെതിരെയും ഈ മത്സരത്തിൽ ബാംഗ്ലൂരിനെതിരെയും നമ്മൾ പരാജയപ്പെട്ടു. രണ്ടു മത്സരങ്ങളിലും നമുക്ക് ജയിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ നമ്മൾ വിജയം കൈവിട്ടു കളയുകയാണ് ഉണ്ടായത്. എന്നിരുന്നാലും തോൽക്കുമ്പോഴും വിജയിക്കുമ്പോഴും ഒരേ മനോഭാവത്തോടെ കൈകാര്യം ചെയ്യുന്നതാണ് നമ്മുടെ ടീമിന്റെ പ്രത്യേകത. നല്ല പ്രകടനം നടത്തിയാലും മോശം പ്രകടനം നടത്തിയാലും അത് അങ്ങനെ തന്നെ വേണം. നമ്മൾ നമ്മളിൽ വിശ്വസിച്ചും പരസ്പരം വിശ്വസിച്ചുമാണ് മുൻപോട്ട് പോകേണ്ടത്.”- സഞ്ജു സാംസൺ പറഞ്ഞു

“ഇക്കാരണങ്ങൾ കൊണ്ടു തന്നെ തോൽവിയിൽ ആർക്കുനേരെയും നമുക്ക് വിരൽ ചൂണ്ടാന്‍ സാധിക്കില്ല. അത് നമ്മൾ ടീമിനകത്ത് തുടരുന്ന ഒരു പ്രത്യേക നിയമം തന്നെയാണ്. ടീമിൽ അവരവരുടെ സ്ഥാനം ഉറപ്പിക്കാനായിട്ടല്ല എല്ലാവരും കളിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മൈതാനത്ത് ഓരോ തവണയും രാജസ്ഥാനെ പ്രതിനിധീകരിച്ച് ഇറങ്ങുമ്പോൾ നമ്മൾ ടീമിന് വേണ്ടി തന്നെയാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു കാര്യം ഓർമ്മിപ്പിക്കാൻ ഞാൻ ശ്രമിക്കുകയാണ്. നമ്മളാരും വ്യക്തിഗത പ്രകടനങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകരുത്. ടീമിനായി കളിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്.”- സഞ്ജു സാംസൺ കൂട്ടിച്ചേർക്കുന്നു.

ബാംഗ്ലൂരിനെതിരായ മത്സരത്തിൽ രാജസ്ഥാൻ ഇന്നിങ്സിന്റെ രണ്ടാം പകുതിയായിരുന്നു നിർണായകമായി മാറിയത്. രണ്ടാം പകുതിയിലെ 11 മുതൽ 15 വരെയുള്ള ഓവറുകളിൽ ഒരു ബൗണ്ടറി പോലും നേടാൻ രാജസ്ഥാന് സാധിച്ചിരുന്നില്ല. അതിനാൽ തന്നെ അവസാന ഓവറുകളിലേക്ക് റൺറേറ്റ് ഉയരുകയും ചെയ്തു. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റർമാർ പലരും മുട്ടുമടക്കിയപ്പോൾ രാജസ്ഥാൻ പരാജയത്തിലേക്ക് കൂപ്പുകുത്തി വീഴുകയായിരുന്നു. എന്നിരുന്നാലും വലിയൊരു തിരിച്ചുവരവിന് തന്നെയാണ് സഞ്ജുവിന്റെ പട ശ്രമിക്കുന്നത്.

Previous article“ധോണി എന്ത് പറയുന്നോ, അത് കേൾക്കുക” തന്റെ വിജയരഹസ്യം വെളിപ്പെടുത്തി രഹാനെ.
Next articleതിരുമ്പിവന്തിട്ടെൻ ഡൽഹി. ത്രില്ലടിപ്പിപ്പിച്ച് ഹൈദരാബാദിനേയും വീഴ്ത്തി.