ബംഗ്ലാദേശിനെതിരായ ട്വന്റി20 മത്സരത്തിലെ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തതിന് ശേഷം വിശ്രമമെടുക്കാതെ സഞ്ജു സാംസൺ. കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരങ്ങളിലും സഞ്ജുവിനെ കളിക്കുമെന്ന കാര്യം വ്യക്തമായിട്ടുണ്ട്. ഇതിനോടകം തന്നെ കേരളത്തിന്റെ രഞ്ജി ടീമിനൊപ്പം സഞ്ജു സാംസൺ ചേർന്നു കഴിഞ്ഞു.
സഞ്ജു കൂടി എത്തുന്നതോടെ കേരളത്തിന്റെ ബാറ്റിംഗ് കൂടുതൽ ശക്തമാവും എന്നത് ഉറപ്പാണ്. ടൂർണമെന്റിലെ കേരളത്തിന്റെ രണ്ടാം മത്സരം നടക്കുന്നത് 18 മുതൽ ബാംഗ്ലൂരിലാണ്. കരുത്തരായ കർണാടകയാണ് മത്സരത്തിൽ കേരളത്തിന്റെ എതിരാളികളായി എത്തുന്നത്. ഇതിനു മുന്നോടിയായാണ് സഞ്ജു സാംസൺ കേരള ക്യാമ്പിൽ ചേർന്നത്.
ടൂർണമെന്റിലെ രണ്ടാം മത്സരത്തിനുള്ള കേരള ടീമിനെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. സഞ്ജു സാംസൺ ടീമിൽ എത്തുന്നതോടെ നിലവിലെ കേരളത്തിന്റെ കീപ്പറായ മുഹമ്മദ് അസറുദ്ദീന് പുറത്തിരിക്കേണ്ടി വന്നേക്കും. എന്നിരുന്നാലും സഞ്ജുവിന്റെ വരവ് ടീമിന് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നത് ഉറപ്പാണ്. കാരണം അത്ര മികച്ച ഫോമിലാണ് സഞ്ജു സാംസൺ ഇപ്പോൾ നിൽക്കുന്നത്. ആദ്യ മത്സരത്തിൽ പഞ്ചാബ് ടീമിനെതിരെ മികച്ച വിജയം സ്വന്തമാക്കാൻ കേരളത്തിന് സാധിച്ചിരുന്നു. സഞ്ജു കൂടെ എത്തുന്നതോടെ കർണാടകയെയും വീഴ്ത്താൻ കേരളത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ സച്ചിൻ ബേബി ആയിരുന്നു കേരളത്തിന്റെ നായകൻ. പഞ്ചാബ് ടീമിനെതിരെ ആദ്യ മത്സരത്തിൽ 8 വിക്കറ്റുകളുടെ ഉജ്ജ്വല വിജയമാണ് കേരളം സ്വന്തമാക്കിയത്. മറുവശത്ത് കർണാടകയുടെ ആദ്യ മത്സരം മധ്യപ്രദേശിന് എതിരെയാണ് നടന്നത്. മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. മായങ്ക് അഗർവാളാണ് കർണാടക ടീമിന്റെ നായകൻ. ദേവദത്ത് പടിക്കൽ, മനീഷ് പാണ്ഡെ, ശ്രേയസ് ഗോപാൽ എന്നീ വമ്പൻ താരങ്ങളും ഇത്തവണ കർണാടക ടീമിൽ അണിനിരക്കുന്നുണ്ട്.
ബംഗ്ലാദേശിനെതിതിരായ ട്വന്റി20 പരമ്പരയിൽ ഉഗ്രൻ പ്രകടനം പുറത്തെടുത്ത സഞ്ജു സാംസൺ ഇന്ത്യയുടെ അടുത്ത ട്വന്റി20 മത്സരങ്ങളിലും സാന്നിധ്യമാകുമെന്ന കാര്യം ഉറപ്പാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കൻ മണ്ണിലാണ് ഇന്ത്യയുടെ അടുത്ത ട്വന്റി20 പരമ്പര നടക്കുന്നത്.
നവംബർ 8 മുതൽ 15 വരെയാണ് പരമ്പര. പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിന്റെ ഓപ്പണറായി എത്താനാണ് സാധ്യത. ദക്ഷിണാഫ്രിക്കയ്ക്കെതിരെയും മികച്ച പ്രകടനം പുറത്തെടുത്താൽ സഞ്ജുവിന് 2026 ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ പോലും ഇടംപിടിക്കാൻ സാധിച്ചേക്കും.