സിംബാബ്വെയ്ക്കെതിരായ നാലാമത്തെ ട്വന്റി20യിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് മലയാളി താരം സഞ്ജു സാംസൺ. തന്റെ അന്താരാഷ്ട്ര ട്വന്റി20 കരിയറിലെ രണ്ടാം അർത്ഥ സെഞ്ച്വറിയാണ് മത്സരത്തിൽ സഞ്ജു സാംസൺ നേടിയത്. മാത്രമല്ല വളരെ ദുർഘടമായ അവസ്ഥയിൽ നിന്ന് ഇന്ത്യയെ മികച്ച നിലയിൽ എത്തിക്കാനും സഞ്ജുവിന് സാധിച്ചു.
തന്റെ ഇന്നിങ്സിന്റെ ആദ്യ സമയങ്ങളിൽ പക്വതയോടെ പതിയെ കളിച്ച സഞ്ജു ക്രമേണ തന്റെ പേസിലേക്ക് എത്തുകയായിരുന്നു. മത്സരത്തിൽ 45 പന്തുകൾ നേരിട്ട സഞ്ജു സാംസൺ 58 റൺസ് ആണ് നേടിയത്. സഞ്ജുവിന് വലിയ ആത്മവിശ്വാസം നൽകുന്ന ഇന്നിംഗ്സ് തന്നെയാണ് മത്സരത്തിൽ പിറന്നത്.
മത്സരത്തിൽ നാലാമനായാണ് സഞ്ജു സാംസൺ ക്രീസിലെത്തിയത്. ഇന്ത്യ പ്രതിസന്ധി ഘട്ടത്തിൽ ആയതിനാൽ തന്നെ വളരെ പതിയെയാണ് സഞ്ജു ഇന്നിങ്സ് ആരംഭിച്ചത്. ആദ്യ പന്തുകളിൽ സിംഗിളുകൾ നേടി സ്കോറിങ് ഉയർത്തുക എന്നതായിരുന്നു സഞ്ജുവിന്റെ ലക്ഷ്യം. മറുവശത്ത് 3 വിക്കറ്റുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ പരഗിനെ കൂട്ടുപിടിച്ച് സഞ്ജു പതിയെ റൺസ് ഉയർത്തി. മത്സരത്തിന്റെ ഒമ്പതാം ഓവറിൽ റാസക്കെതിരെ സിക്സർ നേടിയാണ് സഞ്ജു തന്റെ സംഹാരം ആരംഭിച്ചത്. ശേഷം പതിനാലാം ഓവറിൽ സഞ്ജുവിന്റെ ഉഗ്രരൂപം സിംബാബ്വേ ബോളർ ബ്രാണ്ടൻ കാണുകയുണ്ടായി.
ഓവറിലെ മൂന്നാം പന്തിൽ ബ്രാണ്ടനെതിരെ ഒരു കൂറ്റൻ സിക്സറാണ് സഞ്ജു സ്വന്തമാക്കിയത്. 110 മീറ്റർ ആയിരുന്നു ആ സിക്സർ സഞ്ചരിച്ചത്. ഇതോടെ ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 300 സിക്സറുകൾ സ്വന്തമാക്കുന്ന താരമായും സഞ്ജു മാറി. ശേഷം അടുത്ത പന്തിൽ കവറിന് മുകളിലൂടെ ഒരു സ്റ്റൈലിഷ് സിക്സർ നേടാനും സഞ്ജുവിന് സാധിച്ചു. പിന്നീട് പതിനാറാം ഓവറിൽ ലോങ് ഓഫിന് മുകളിലൂടെ ഒരു സിക്സർ നേടാനും സഞ്ജുവിന് സാധിച്ചു. ഇതോടെ സഞ്ജു ദുർഘടമായ പിച്ചിൽ തന്റെ റേഞ്ചിൽ എത്തുകയായിരുന്നു. 39 പന്തുകളിൽ നിന്നാണ് സഞ്ജു തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്.
സഞ്ജുവിന്റെ അന്താരാഷ്ട്ര ട്വന്റി20 കരിയറിലെ രണ്ടാം അർത്ഥസെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിന്റെ പതിനെട്ടാം ഓവറിൽ മുസർബാനിയുടെ പന്തിൽ മറുമാണിക്ക് ക്യാച്ച് നൽകിയാണ് സഞ്ജു സാംസൺ പുറത്തായത്. മത്സരത്തിൽ 45 പന്തുകൾ നേരിട്ട സഞ്ജു 58 റൺസ് ആയിരുന്നു നേടിയത്. ഇന്നിംഗ്സിൽ ഒരു ബൗണ്ടറിയും 4 സിക്സറുകളും ഉൾപ്പെട്ടു.
ഈ പരമ്പരയിൽ ഇതുവരെയും അർഹിച്ച രീതിയിൽ അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് തന്റെ കഴിവ് പുറത്തെടുക്കാൻ മത്സരത്തിലൂടെ സാധിച്ചിട്ടുണ്ട്. ശ്രീലങ്കയ്ക്ക് എതിരായ ഇന്ത്യയുടെ പര്യടനത്തിലും സഞ്ജു ടീമിൽ ഉണ്ടാകുമെന്ന കാര്യം ഇതോടെ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.