സൂപ്പർ റൺഔട്ടുമായി സഞ്ജു. ഗ്ലൗസ് ഇട്ടുകൊണ്ട് സ്റ്റമ്പിലേക്ക് ബുള്ളറ്റ് ത്രോ.

ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ റണ്ണൗട്ടുമായി സഞ്ജു സാംസൻ. മത്സരത്തിൽ വിക്കറ്റിനു പിന്നിൽ അത്യുഗ്രൻ പ്രകടനമാണ് സഞ്ജു സാംസൻ കാഴ്ചവച്ചത്. ഇതിന് മാറ്റ് കൂട്ടുന്ന ഒരു റണ്ണൗട്ട് തന്നെയായിരുന്നു മത്സരത്തിന്റെ ഇരുപതാം ഓവറിൽ സഞ്ജു സാംസൺ നടത്തിയത്. ലക്നൗ സൂപ്പർ ജയന്റ്സ് ബാറ്റർ നിക്കോളാസ് പൂരനെ പുറത്താക്കാനാണ് സഞ്ജു ഈ അത്യുഗ്രൻ ത്രോ എറിഞ്ഞത്. മത്സരത്തിന്റെ ഇരുപതാം ഓവറിൽ പരമാവധി റൺസ് എടുക്കാനുള്ള ശ്രമത്തിലായിരുന്നു ലക്നൗ. സന്ദീപ് ശർമയായിരുന്നു മത്സരത്തിന്റെ ഇരുപതാം ഓവർ എറിഞ്ഞത്.

ഓവറിലെ അഞ്ചാം ബോൾ ക്രൂനാൽ പാണ്ട്യ അടിച്ചു തൂക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 128 കിലോമീറ്റർ സ്പീഡുള്ള ഒരു സ്ലോ ബോളാണ് സന്ദീപ് ശർമ എറിഞ്ഞത്. ബോൾ പാണ്ട്യയെ മറികടന്ന് സഞ്ജു സാംസന്റെ അടുത്തെത്തി. ഈ സമയത്ത് ഒരു ബൈ റൺ നേടാൻ ശ്രമിക്കുകയായിരുന്നു ക്രൂനാൽ പാണ്ട്യയും നിക്കോളാസ് പൂരനും. എന്നാൽ പന്ത് കയ്യിൽ കിട്ടിയപ്പോൾ തന്നെ സഞ്ജു സാംസൺ കൃത്യമായി സ്റ്റമ്പിലേക്ക് എറിഞ്ഞു. ഗ്ലൗസ് പോലും ഊരാതെയാണ് സഞ്ജു ഡയറക്ട് ത്രോ എറിഞ്ഞത്. ഇത് സ്റ്റമ്പിൽ കൃത്യമായി കൊള്ളുകയും നിക്കോളാസ് പൂരൻ കൂടാരം കയറുകയും ചെയ്തു. മത്സരത്തിൽ 20 പന്തുകളിൽ 28 റൺസായിരുന്നു പൂരൻ നേടിയത്.

പലപ്പോഴും കീപ്പർമാർ അവസാന ഓവറുകളിൽ ഗ്ലൗസ് മാറ്റിയ ശേഷം സ്റ്റമ്പിലേക്ക് ത്രോ എറിയാറുണ്ട്. എന്നാൽ ഗ്ലൗസ് ഉപയോഗിച്ചുകൊണ്ട് ഇത്തരത്തിൽ ത്രോ എറിഞ്ഞു കൊള്ളിക്കുന്നവർ വിരളമാണ്. സഞ്ജുവിന്റെ കീപ്പിങ്ങിലെ കഴിവാണ് ഈ റൺഔട്ടില്‍ നിന്ന് വ്യക്തമാകുന്നത്. മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ രാജസ്ഥാൻ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു ആദ്യ ഓവറുകളിൽ ലക്നൗ ഓപ്പണർമാർ പതിയെയാണ് തുടങ്ങിയത്.

കെ എൽ രാഹുൽ 32 പന്തുകളിൽ 39 റൺസ് നേടിയപ്പോൾ, കൈൽ മേയേഴ്സ് 42 പന്തുകളിൽ 51 റൺസ് ആണ് നേടിയത്. എന്നാൽ സ്കോറിങ് ഉയർത്തുന്നതിലുടനീളം ലക്നൗ പരാജയപ്പെടുകയുണ്ടായി. അവസാന ഓവറുകളിൽ സ്റ്റോയിനിസും പൂറാനും സ്കോറിങ് ഉയർത്താൻ പരമാവധി ശ്രമിച്ചു. എന്നാൽ കൃത്യതയുള്ള ബോളിങ്ങോടെ രാജസ്ഥാൻ മത്സരത്തിൽ ആധിപത്യം കാട്ടുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 154 റൺസാണ് ലക്നൗ സൂപ്പർ ജെയന്റ്സ് നേടിയത്.

Previous article2 തവണ ജീവൻ തിരിച്ചുകിട്ടിയിട്ടും രാഹുൽ ഇഴഞ്ഞു കീഴടങ്ങി. രാജസ്ഥാന്‍റെ തന്ത്രമെന്ന് ആരാധകര്‍.
Next articleനിർഭാഗ്യം വീണ്ടും സഞ്ജുവിന്റെ മുമ്പിൽ. ലക്നൗവിനെതിരെയും ഒറ്റയക്കത്തിന് പുറത്ത്.