വിൻഡിസിനെതിരെ രണ്ടും കൽപ്പിച്ച് സഞ്ജു.. കൊച്ചിയിൽ കഠിനപ്രയത്നത്തിൽ, ലക്ഷ്യം ലോകകപ്പ്.

ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ടിട്ടുണ്ട്. ഈ മാസം 27ന് ആരംഭിക്കുന്ന വെസ്റ്റിൻഡീസ് പരമ്പര സഞ്ജുവിനെ സംബന്ധിച്ച് വളരെ നിർണായകമാണ്. അതിനാൽ തന്നെ പൂർണ്ണ ഫിറ്റ്നസോടെ പരമ്പരയിൽ കളിച്ചാൽ മാത്രമേ സഞ്ജുവിന് ടീമിനെ തന്റെ സ്ഥാനം ഉറപ്പിക്കാൻ സാധിക്കൂ. ഇതിനായുള്ള കഠിനപ്രയത്നങ്ങൾ ആരംഭിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. തന്റെ ഫിറ്റ്നസ് ഉയർത്തുന്നതിനായുള്ള സഞ്ജുവിന്റെ പരിശീലന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ രീതിയിൽ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.

തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സഞ്ജു ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പരിശീലനത്തിൽ ഏർപ്പെടുന്ന സഞ്ജുവിനെയാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. വെസ്റ്റിൻഡീസിനെതിരെ ഒരു വലിയ മടങ്ങിവരവിന് തന്നെയാണ് സഞ്ജു സാംസൺ ശ്രമിക്കുന്നത്. കഴിഞ്ഞ സമയങ്ങളിൽ പരിക്ക് മൂലം സഞ്ജുവിന് ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. ഏകദിന ക്രിക്കറ്റിൽ മികച്ച റെക്കോർഡുകൾ ഉണ്ടായിരുന്നിട്ടും സഞ്ജുവിന് മതിയായ അവസരങ്ങൾ ലഭിക്കുന്നില്ല എന്നത് വലിയ പ്രശ്നമാണ്. ഇത് ഇല്ലായ്മ ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് സഞ്ജുവിന്റെ കഠിനപ്രയത്നം.

വെസ്റ്റിൻഡീസിനെതിരായ പരമ്പര സഞ്ജുവിനെ സംബന്ധിച്ച് വളരെ നിർണായകമാണ്. ഈ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ സഞ്ജുവിന് ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഇടംപിടിക്കാൻ സാധിക്കൂ. അല്ലാത്തപക്ഷം ഈ അവസരം ഇഷാൻ കിഷനോ മറ്റ് വിക്കറ്റ് കീപ്പർ ബാറ്റർമാർക്കോ കൈവന്നേക്കും. അഥവാ വിൻഡീസിനെതിരെ സഞ്ജു മിന്നും പ്രകടനം പുറത്തെടുക്കുകയാണെങ്കിൽ സെലക്ടർമാർ സഞ്ജുവിനെ ഏകദിന ലോകകപ്പിലേക്ക് ക്ഷണിക്കും എന്ന കാര്യത്തിൽ സംശയമില്ല. വെസ്റ്റിൻഡീസിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും 5 ട്വന്റി20കളുമാണ് ഇന്ത്യ കളിക്കാൻ തയ്യാറാവുന്നത്.

ഇതുവരെ ടെസ്റ്റ് പരമ്പരയ്ക്കും ഏകദിന പരമ്പരയ്ക്കുമുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ മാത്രമാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദിന പരമ്പരക്ക് ശേഷം അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയും നടക്കുന്നുണ്ട്. ഈ പരമ്പരയിലും സഞ്ജുവിനെ ഇന്ത്യ ഉൾപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 50 ഓവർ ലോകകപ്പും ഏഷ്യാകപ്പും അടക്കമുള്ള വലിയ ടൂർണമെന്റുകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ ഈ പര്യടനം വളരെ നിർണായകമാണ്. സ്ഥിരതയുള്ള ഒരു ഇന്ത്യൻ ടീം ഈ പര്യടനത്തിലൂടെ കെട്ടിപ്പടുത്താൽ മാത്രമേ ഇന്ത്യയ്ക്ക് ലോകകപ്പ് പ്രതീക്ഷകൾ ഉണ്ടാവുകയുള്ളൂ.

Previous articleഅങ്ങനെ ഇന്ത്യക്കാർ വിദേശലീഗുകളിൽ കളിച്ച് അവ വളർത്തണ്ട. ഇന്ത്യൻ താരങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ ബിസിസിഐ.
Next articleലോകകപ്പിനിടെ 8400 കിലോമീറ്റർ യാത്ര. ഇന്ത്യയ്ക്ക് കിട്ടുന്നത് മുട്ടൻ പണി.