സഞ്ജുവിനെ പൂട്ടാനുള്ള അസ്ത്രവുമായി കൊൽക്കത്ത. തന്ത്രം ഫലിച്ചാൽ സഞ്ജു വീഴും.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 56ആം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് രാജസ്ഥാൻ റോയൽസിന്റെ എതിരാളികളാവുന്നത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം നടക്കുന്നത്. രാജസ്ഥാനെ സംബന്ധിച്ച് വളരെ നിർണായകമായ മത്സരം തന്നെയാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും അവസാന നിമിഷം രാജസ്ഥാൻ വിജയം കൈവിടുകയായിരുന്നു. ജോസ് ബട്ലറും സഞ്ജു സാംസനും ഹൈദരാബാദിനെതിരെ മികവു കാട്ടുകയുണ്ടായി. എന്നാൽ സന്ദീപ് ശർമയുടെ കയ്യിൽ നിന്ന് വന്ന അബദ്ധത്തിൽ രാജസ്ഥാന് ദുരന്തം സംഭവിച്ചു. കൊൽക്കത്ത ടീമിനെതിരെ കളിക്കാൻ ഇറങ്ങുമ്പോഴും ഈ പരാജയം രാജസ്ഥാനെ അലട്ടും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ സഞ്ജു സാംസനിലാണ് രാജസ്ഥാൻ പലപ്പോഴും പ്രതീക്ഷ വയ്ക്കാറുള്ളത്. പക്ഷേ കൊൽക്കത്തക്കെതിരെ സഞ്ജു സാംസന് അത്ര മികച്ച റെക്കോർഡല്ല ഉള്ളത്.

കൊൽക്കത്തയുടെ സ്പിന്നർ സുനിൽ നരേയ്നെതിരെ പലപ്പോഴും സഞ്ജു സാംസൺ പരാജയപ്പെടുകയുണ്ടായിട്ടുണ്ട്. ഈ മത്സരത്തിലും ഇത് സംഭവിക്കുമോ എന്ന സംശയമാണ് എല്ലാവർക്കുമുള്ളത്. ഇതുവരെ സുനിൽ നരേയ്ന്റെ 78 പന്തുകളാണ് സഞ്ജു സാംസൺ നേരിട്ടിട്ടുള്ളത്. ഇതിൽ മൂന്നുതവണ സഞ്ജുവിനെ കൂടാരം കയറ്റാൻ നരെയ്ന് സാധിച്ചിട്ടുണ്ട്. മാത്രമല്ല ഈ 78 പന്തുകളിൽ നിന്ന് കേവലം 64 റൺസ് മാത്രമാണ് സഞ്ജു നരെയ്നെതിരെ നേടിയിട്ടുള്ളത്. 82.05 മാത്രമാണ് സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ്. തന്റെ കരിയറിൽ മൂന്നു ബൗണ്ടറീകളും ഒരു സിക്സറും മാത്രമാണ് സഞ്ജു നരേയ്നെതിരെ നേടിയിരിക്കുന്നത്. അതിനാൽതന്നെ സഞ്ജു കളിക്കാൻ ഇറങ്ങുമ്പോൾ നരേയ്നെ ഏതു തരത്തിൽ നേരിടുമെന്നത് പ്രധാനപ്പെട്ട ഒരു ചോദ്യം തന്നെയാണ്.

എന്നിരുന്നാലും മുഴുവൻ ഐപിഎല്ലുമെടുത്ത് പരിശോധിക്കുമ്പോൾ സ്പിന്നർമാർക്കെതിരെ സഞ്ജുവിന് തരക്കേടില്ലാത്ത റെക്കോർഡ് നിലവിലുണ്ട്. സ്പിന്നർമാർക്കെതിരെ 134.5 സ്ട്രൈക്ക് റേറ്റിലാണ് സഞ്ജു ഇതുവരെ ഐപിഎല്ലിൽ കളിച്ചിട്ടുള്ളത്. എന്നിരുന്നാലും 45 തവണ സഞ്ജു സ്പിന്നർമാർക്കു മുൻപിൽ മുട്ടുമടക്കിയിട്ടുണ്ട്. 57.33 ആണ് ഈ ഐപിഎല്ലിലെ സഞ്ജുവിന്റെ സ്പിന്നർമാർക്കെതിരെയുള്ള ശരാശരി. 2023 ഐപിഎല്ലിൽ മൂന്നുതവണ സഞ്ജു സ്പിന്നർമാർക്ക് എതിരെ പുറത്തായിട്ടുണ്ട്.

ഈ റെക്കോർഡുകൾ പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത് കൊൽക്കത്തയുടെ സ്പിന്നർമാർ സഞ്ജുവിന് വെല്ലുവിളി ഉയർത്തുന്നുണ്ട് എന്ന് തന്നെയാണ്. അതിനാൽ തന്നെ മത്സരത്തിന്റെ ആദ്യസമയത്ത് തന്നെ കൃത്യമായ ആധിപത്യം സ്പിന്നർമാർക്കുമേൽ സ്ഥാപിക്കേണ്ട ഉത്തരവാദിത്വം സഞ്ജുവിനുണ്ട്. അങ്ങനെയെങ്കിൽ മാത്രമേ മത്സരത്തിൽ മികച്ച ഒരു സ്കോർ നേടി രാജസ്ഥാനെ വിജയത്തിലെത്തിക്കാൻ സഞ്ജുവിന് സാധിക്കൂ. മാത്രമല്ല ഈ മത്സരത്തിലും മികച്ച ഇന്നിങ്സ് കാഴ്ചവയ്ക്കേണ്ടത് സഞ്ജുവിന്റെ ഇന്ത്യൻ ടീമിലെ ഭാവിയെ സംബന്ധിച്ച് വളരെ നിർണായകമാണ്.