അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഒരു ശക്തമായ തിരിച്ചുവരവിനൊരുങ്ങി സഞ്ജു സാംസൺ. 2023 ജനുവരിയിൽ ശ്രീലങ്കക്കെതിരെ വാങ്കഡെയിൽ നടന്ന മത്സരത്തിൽ സഞ്ജുവിന്റെ കാൽമുട്ടിന് പരിക്കേറ്റിരുന്നു. ശേഷം സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടില്ല. എന്നാൽ തന്റെ തിരിച്ചുവരവ് സൂചിപ്പിക്കുന്ന ഒരു വീഡിയോയാണ് സഞ്ജു ഇപ്പോൾ തന്നെ സാമൂഹ്യമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്. സഞ്ജുവിന്റെ പരിശീലന വീഡിയോയ്ക്ക് വലിയ രീതിയിലുള്ള സ്വീകാര്യത തന്നെ സോഷ്യൽ മീഡിയയിൽ ലഭിച്ചിട്ടുണ്ട്.
ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ പരിക്കുപറ്റിയ സഞ്ജു, ശേഷം ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ പരമ്പരയിലും കളിച്ചിരുന്നില്ല. ശേഷമാണ് സഞ്ജുവിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. കൂടുതലും വെയിറ്റ് ട്രെയിനിങ്ങിന്റെ ദൃശ്യങ്ങളാണ് സഞ്ജു പങ്കുവെച്ച വീഡിയോയിൽ കാണാനാവുന്നത്. ഇതോടൊപ്പം തന്റെ ശക്തി വർദ്ധിപ്പിക്കാനും പവർ ഷോട്ടുകൾ കളിക്കാനും ഉതകുന്ന പരിശീലനങ്ങളിലും സഞ്ജു ഏർപ്പെടുന്നുണ്ട്. തന്റെ ശക്തമായ തിരിച്ചുവരവിനുള്ള സൂചനയാണ് സഞ്ജു ഈ വീഡിയോയിലൂടെ നൽകുന്നത്. 2023ൽ ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഉടൻതന്നെ ഇന്ത്യൻ ടീമിലെത്തുക എന്നത് സഞ്ജുവിനെ സംബന്ധിച്ച് നിർണായകമാണ്.
നിലവിൽ മാർച്ച് 17ന് ആരംഭിക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയാണ് സഞ്ജുവിന് മുൻപിലുള്ളത്. ഇന്ത്യയുടെ സൂപ്പർ താരം ശ്രേയസ് അയ്യർ പരുക്ക് മൂലം പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. എന്നാൽ അയാൾക്ക് പകരക്കാരനെ ഇതുവരെ ബിസിസിഐ നിർദേശിച്ചിട്ടില്ല. അങ്ങനെയൊരു അവസരം എത്തിയാൽ സഞ്ജുവിന് ടീമിൽ ഇടം പിടിക്കാൻ സാധ്യതകൾ ഏറെയാണ്.
ഒപ്പം മാർച്ച് 31ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലും സഞ്ജുവിന്റെ പ്രകടനം നിർണായകമാണ്. നിലവിൽ ഐപിഎല്ലിലെ രാജസ്ഥാൻ റോയൽസ് ടീമിന്റെ നായകനാണ് സഞ്ജു. ഐപിഎല്ലിൽ മികവാർന്ന പ്രകടനം നടത്തി ഇന്ത്യയുടെ ട്വന്റി20 ടീമിൽ സഞ്ജുവിന് സ്ഥാനം ഉറപ്പിക്കേണ്ടതുണ്ട്. 2024ൽ ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ നിർണായകമായ ഐപിഎൽ ദിവസങ്ങളാണ് സഞ്ജുവിന് മുൻപിൽ ഉള്ളത്.