ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പര്യടനത്തിനുള്ള ഏകദിന ട്വന്റി20 ടെസ്റ്റ് ടീമുകളെ പ്രഖ്യാപിക്കുകയുണ്ടായി. മലയാളി താരം സഞ്ജു സാംസൺ ടീമിലേക്ക് തിരികെയെത്തിയതാണ് പ്രധാനപ്പെട്ട മാറ്റം. കഴിഞ്ഞ ഏഷ്യൻ ഗെയിംസ്, ഏഷ്യ കപ്പ്, ലോകകപ്പ് എന്നീ ടീമുകളിൽ നിന്ന് തഴയപ്പെട്ടതിന് ശേഷമാണ് സഞ്ജു സാംസണെ ഇന്ത്യ തങ്ങളുടെ ടീമിലേക്ക് തിരികെ വിളിച്ചിരിക്കുന്നത്.
സഞ്ജുവിന്റെ കരിയർ എടുത്തു നോക്കിയാൽ ഇത്തരത്തിൽ അസ്ഥിരമായ സ്ഥാനമാണ് ടീമിൽ പലപ്പോഴും ലഭിച്ചിട്ടുള്ളത്. പല വലിയ ടൂർണമെന്റുകൾക്ക് മുൻപും സഞ്ജു സാംസനെ ഇന്ത്യ ഒഴിവാക്കുകയും, അതിനു ശേഷം ടീമിലേക്ക് ക്ഷണിക്കുകയും ചെയ്യും. ഇത്തവണയും അതിനൊരു മാറ്റവുമില്ല.
2022 ട്വന്റി20 ലോകകപ്പിന്റെ സമയത്ത് ഇന്ത്യയുടെ സ്ക്വാഡിൽ ഇടം പിടിക്കാൻ എല്ലാ സാധ്യതയുമുള്ള താരമായിരുന്നു സഞ്ജു സാംസൺ. എന്നാൽ ആ സമയത്ത് ഇന്ത്യ സഞ്ജുവിന് ഏകദിന ടീമിലാണ് സ്ഥാനം നൽകിയിരുന്നത്. ഏകദിനങ്ങളിൽ ദക്ഷിണാഫ്രിക്കക്കെതിരെ അന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജു സാംസണ് സാധിച്ചു.
എന്നാൽ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് ഇന്ത്യ സഞ്ജുവിനെ തിരഞ്ഞെടുത്തില്ല. ശേഷം 2023 ഏകദിന ലോകകപ്പ് എത്തി. അവിടെയെങ്കിലും സഞ്ജു സാംസന് അവസരം ലഭിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഈ സമയത്ത് സഞ്ജുവിനെ ഇന്ത്യ ട്വന്റി20 ടീമിലേക്കാണ് തെരഞ്ഞെടുത്തത്. വീണ്ടും സഞ്ജുവിനെ നിർഭാഗ്യം വേട്ടയാടുകയായിരുന്നു.
ഇപ്പോൾ 2023 ഏകദിന ലോകകപ്പ് അവസാനിച്ചശേഷം ഇന്ത്യ സഞ്ജുവിനെ ടീമിലേക്ക് തിരികെ വിളിച്ചിരിക്കുന്നു. എന്നാൽ 2024 ട്വന്റി20 ലോകകപ്പ് നടക്കാൻ പോകുന്ന സാഹചര്യത്തിൽ ഇന്ത്യ സഞ്ജുവിനെ പരിഗണിച്ചിരിക്കുന്നത് ഏകദിന മത്സരങ്ങളിലേക്കാണ്. ഇത് വീണ്ടും സഞ്ജുവിനെ ബാധിക്കാൻ വലിയ സാധ്യതയുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഇനി പൂർണ്ണമായ ശ്രദ്ധ ട്വന്റി20കളിലാണ് നൽകേണ്ടത്. കാരണം 2024 ട്വന്റി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്. പരമാവധി യുവതാരങ്ങളെ ഉൾപ്പെടുത്തി ലോകകപ്പ് സ്വന്തമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ സഞ്ജുവിന് ഇന്ത്യ ട്വന്റി20 ടീമിൽ തന്നെ സ്ഥാനം നൽകേണ്ടതാണ്.
പക്ഷേ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ഏകദിന ടീമിൽ മാത്രമാണ് സഞ്ജുവിനെ ഇന്ത്യ പരിഗണിച്ചിരിക്കുന്നത്. രാഹുൽ നായകനായ ടീമിന്റെ ബാക്കപ്പ് വിക്കറ്റ് കീപ്പറായാണ് സഞ്ജു സാംസൺ ഇന്ത്യൻ ടീമിലെത്തിയിരിക്കുന്നത്. രാഹുൽ മികച്ച ഫോമിൽ കളിക്കുന്ന താരമായതിനാൽ തന്നെ സഞ്ജു സാംസണ് ടീമിൽ ഇടം ലഭിക്കുമോ എന്ന കാര്യം പോലും ഉറപ്പായിട്ടില്ല.
ഇനി സഞ്ജു ഏകദിന മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്താലും വരാനിരിക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിലേക്ക് പരിഗണിക്കുമോ എന്ന കാര്യവും സംശയത്തിന്റെ നിഴലിൽ നിൽക്കുന്നു. ഇനിയും സഞ്ജുവിനെ നിർഭാഗ്യം വേട്ടയാടില്ല എന്ന പ്രതീക്ഷയിലാണ് ആരാധകർ.