ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലും സഞ്ജുവിന് ബാറ്റിംഗ് ദുരന്തം. മത്സരത്തിൽ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു വീണ്ടും പൂജ്യനായി മടങ്ങുന്നതാണ് കണ്ടത്. അന്താരാഷ്ട്ര തലത്തിൽ ഇത് ആദ്യമായാണ് ഇത്തരത്തിൽ മികച്ച അവസരങ്ങൾ സഞ്ജുവിന് ലഭിക്കുന്നത്.
എന്നാൽ അത് മുതലാക്കാൻ സഞ്ജുവിന് സാധിച്ചില്ല. മത്സരത്തിൽ വിക്രമസിംഗയുടെ പന്തിൽ ഹസരംഗയ്ക്ക് ക്യാച്ച് നൽകിയാണ് സഞ്ജു സാംസൺ മടങ്ങിയത്. 4 പന്തുകൾ മത്സരത്തിൽ നേരിട്ട സഞ്ജുവിന് റൺസൊന്നും എടുക്കാൻ സാധിച്ചതുമില്ല. ഇത് സഞ്ജുവിന്റെ ടീമിലെ സാന്നിധ്യത്തെ പോലും ബാധിക്കും എന്നത് ഉറപ്പാണ്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ജയസ്വാളിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. ശേഷമാണ് മൂന്നാമനായി സഞ്ജു സാംസൺ ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്ത് കൃത്യമായി പ്രതിരോധിക്കാൻ സഞ്ജുവിന് സാധിച്ചു. എന്നാൽ അടുത്ത പന്തിൽ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പന്ത് ഉയരുകയുണ്ടായി. പക്ഷേ കൃത്യമായ രീതിയിൽ ക്യാച്ച് സ്വന്തമാക്കാൻ ശ്രീലങ്കൻ താരങ്ങൾക്ക് സാധിച്ചില്ല. ഇതോടെ സഞ്ജുവിന് വലിയൊരു അവസരം ലഭിച്ചു. പക്ഷേ ഇന്നിംഗ്സിൽ നേരിട്ട നാലാം പന്തിൽ സഞ്ജു ഒരു വമ്പൻ ഷോട്ടിന് ശ്രമിക്കുകയായിരുന്നു. ബാറ്റിന്റെ എഡ്ജിൽ കൊണ്ട പന്ത് ഡീപ്പ് പോയിന്റിൽ നിന്ന ഹസരംഗ കൈപ്പിടിയിൽ ഒതുക്കി.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ ഗോൾഡൻ ഡക്കായി ആയിരുന്നു സഞ്ജു സാംസൺ മടങ്ങിയത്. പ്രസ്തുത മത്സരത്തിൽ ഓപ്പണറായാണ് സഞ്ജു ക്രീസിലെത്തിയത്. മത്സരത്തിൽ പുറത്തായതിന് ശേഷം സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റണമെന്ന വാദം ഉയർന്നിരുന്നു. എന്നാൽ മൂന്നാം നമ്പരിൽ അവസരം ലഭിച്ചിട്ടും അത് സഞ്ജുവിന് മുതലാക്കാൻ സാധിച്ചില്ല. വരാനിരിക്കുന്ന മത്സരങ്ങളിലെ സഞ്ജുവിന്റെ അവസരങ്ങളെ ഈ പ്രകടനം ബാധിക്കും എന്നത് ഉറപ്പാണ്. നിലവിൽ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു ഉൾപ്പെടുന്നില്ല.
മൂന്നാം ട്വന്റി20 മത്സരത്തിൽ വ്യത്യസ്തമായ ടീമുമായാണ് ഇന്ത്യ മൈതാനത്ത് ഇറങ്ങിയിരിക്കുന്നത്. പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ബാറ്റിംഗിന് ഇറങ്ങിയത്. ഹർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, റിഷാഭ് പന്ത്, അർഷദീപ് സിംഗ് എന്നിവർക്കാണ് ഇന്ത്യ മൂന്നാം മത്സരത്തിൽ വിശ്രമം അനുവദിച്ചത്. പകരം ശിവം ദുബെ, ഖലീൽ അഹമ്മദ്, വാഷിംഗ്ടൺ സുന്ദർ, ശുഭമാൻ ഗിൽ എന്നിവർക്ക് ഇന്ത്യ അവസരം നൽകിയിട്ടുണ്ട്. എന്നാൽ മത്സരത്തിൽ മികച്ച തുടക്കമല്ല ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. നിലവിൽ 2- 0 എന്ന നിലയിൽ പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.