ശ്രീലങ്കകെതിരെയുള്ള രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ 183 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ്മയേയും ഇഷാന്‍ കിഷനേയും നഷ്ടമായെങ്കിലും ശ്രേയസ്സ് അയ്യര്‍ – സഞ്ചു സാംസണ്‍ കൂട്ടുകെട്ട് ഇന്ത്യന്‍ ഇന്നിംഗ്സ് പടുത്തുയര്‍ത്തി.
ഇരുവരും ചേര്‍ന്ന് 47 പന്തില്‍ 84 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഒരു ഘട്ടത്തില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച മലയാളി താരം സഞ്ചു സാംസണ്‍ ലഹിരു കുമാരയുടെ ഓവറിലാണ് തന്‍റെ ഫോമിലേക്ക് ഉയര്‍ന്നത്. ആ ഓവര്‍ തുടങ്ങുന്നതിനു മുന്‍പ് 19 പന്തില്‍ 17 എന്ന നിലയിലായിരുന്നു സഞ്ചു സാംസണ്‍.
13ാം ഓവറില്‍ കുമാരയെ ബൗണ്ടറിയടിച്ച് വരവേറ്റ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ആ ഓവറില്‍ മൂന്നു സിക്സ് കൂടി നേടി. ഒന്നിനൊന്നു അതി മനോഹരമായിരുന്നു ഓരോ സിക്സും. 23 ഓവര്‍ പിറന്ന ആ ഓവറില്‍ തന്നെയാണ് സഞ്ചു പുറത്തായത്. മറ്റൊരു ഷോട്ടിനു ശ്രമിച്ച സഞ്ചു എഡ്ജാവുകയും ഡീപ് സ്ലിപ്പില്‍ നിന്ന ബിനുര വായുവില്‍ ഉയര്‍ന്നു ചാടി ഒറ്റ കയ്യില്‍ ക്യാച്ച് നേടി. 25 പന്തില്‍ 2 ഫോറും 3 സിക്സും അടക്കം 39 റണ്‍സാണ് നേടിയത്.
പരമ്പര തുടങ്ങും മുന്‍പ് സഞ്ചു സാംസണിന്‍റെ ബാറ്റിംഗിനെ പ്രശംസിച്ചു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ എത്തിയിരുന്നു. ഓസ്ട്രേലിയയില്‍ സഞ്ചുവിനെപ്പോലെയുള്ള താരങ്ങളാണ് ആവശ്യം എന്ന് ക്യാപ്റ്റന്‍ പറഞ്ഞിരുന്നു. സഞ്ചു സാംസണ്‍ ലോകകപ്പ് പദ്ധതികളുടെ ഭാഗമാണെന്നും ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ വ്യക്തമാക്കിയിരുന്നു.