ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ട്വന്റി20 മത്സരത്തിലും തകർപ്പൻ സെഞ്ച്വറി തന്നെയാണ് സഞ്ജു സാംസൺ സ്വന്തമാക്കിയത്. മത്സരത്തിൽ 51 പന്തുകളിൽ നിന്നായിരുന്നു സഞ്ജുവിന്റെ ഈ വെടിക്കെട്ട് സെഞ്ച്വറി പിറന്നത്. ഈ സെഞ്ച്വറിയോടെ ഒരുപാട് റെക്കോർഡുകൾ തിരുത്തി കുറിക്കാൻ മലയാളി താരം സഞ്ജു സാംസണ് സാധിച്ചു.
ഒരു കലണ്ടർ വർഷത്തിൽ ഏറ്റവുമധികം ട്വന്റി20 സെഞ്ച്വറികൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡാണ് മത്സരത്തിൽ സഞ്ജുവിനെ തേടിയെത്തിയത്. 2024ൽ ഇതുവരെ 3 അന്താരാഷ്ട്ര ട്വന്റി20 സെഞ്ച്വറികൾ സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.
മാത്രമല്ല ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയ്ക്കായി ഏറ്റവുമധികം തവണ 50 റൺസിലധികം സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡും സഞ്ജു തന്റെ പേരിൽ ചേർക്കുകയുണ്ടായി. മാത്രമല്ല ഇന്ത്യൻ ടീമിന്റെ ഒരു ട്വന്റി20 മത്സരത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണ് മത്സരത്തിൽ സഞ്ജുവിന്റെയും തിലകിന്റെയും നേതൃത്വത്തിൽ സ്വന്തമാക്കാൻ സാധിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ ട്വന്റി20യിലെ ഏറ്റവും ഉയർന്ന സ്കോറാണ് മത്സരത്തിൽ പിറന്നത്. രണ്ടാം വിക്കറ്റിൽ ഒരു റെക്കോർഡ് കൂട്ടുകെട്ടാണ് സഞ്ജുവും തിലകും ചേർന്ന് കെട്ടിപ്പടുത്തത്. ഇരുവരും ചേർന്ന് 86 പന്തുകളിൽ 210 റൺസ് ഇന്ത്യക്കായി സ്വന്തമാക്കുകയുണ്ടായി. ഒരു ട്വന്റി20 മത്സരത്തിലെ ഏത് വിക്കറ്റിലെയും ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് മത്സരത്തിൽ കെട്ടിപ്പടുത്തത്.
മാത്രമല്ല ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ഇന്ത്യ മത്സരത്തിൽ നേടിയത്. 2 ഫുൾ മെമ്പർ ടീമുകൾ തമ്മിലുള്ള ട്വന്റി20 മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ സ്വന്തമാക്കിയ ടീമായി ഇന്ത്യ മാറിയിട്ടുണ്ട്. മത്സരത്തിൽ 23 സിക്സറുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. മുൻപ് ഇന്ത്യയുടെ പേരിൽ തന്നെയായിരുന്നു ഈ റെക്കോർഡ്. 2024ൽ ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ 22 സിക്സറുകൾ ഒരു ഇന്നിംഗ്സിൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ഈ റെക്കോർഡ് ആണ് ഇന്ത്യ ഇപ്പോൾ തിരുത്തി കുറിച്ചിരിക്കുന്നത്.
ഇത്തരത്തിൽ ഒരുപാട് റെക്കോർഡുകളാണ് സഞ്ജുവും തിലക് വർമയും ചേർന്ന് മത്സരത്തിൽ തകർത്തെറിഞ്ഞിരിക്കുന്നത്. മത്സരത്തിൽ 47 പന്തുകളിൽ 120 റൺസാണ് തിലക് വർമ സ്വന്തമാക്കിയത്. 9 ബൗണ്ടറികളും 10 സിക്സറുകളും തിലക് വർമയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. സഞ്ജു സാംസൺ 56 പന്തുകളിൽ 6 ബൗണ്ടറികളും 9 സിക്സറുകളുമടക്കം 109 റൺസും മത്സരത്തിൽ സ്വന്തമാക്കുകയുണ്ടായി. ഇങ്ങനെയാണ് ഇന്ത്യ നിശ്ചിത 20 ഓവറുകളിൽ 283 റൺസ് എന്ന മാമത്ത് സ്കോറിൽ എത്തിയത്.