നിലവിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവുമധികം ആരാധകരുള്ള കളിക്കാരിൽ ഒരാളാണ് മലയാളി താരം സഞ്ജു സാംസൺ. ഈ ആരാധകരെയൊക്കെയും സന്തോഷത്തിന്റെ പരകോടിയിൽ എത്തിച്ചാണ് വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ടീം പ്രഖ്യാപനം എത്തിയിരിക്കുന്നത്. ഏഷ്യാകപ്പും ഏകദിന ലോകകപ്പും വരാനിരിക്കുന്ന സാഹചര്യത്തിൽ സഞ്ജു സാംസണെ വിൻഡിസിനെതിരായ ഏകദിന – ട്വന്റി20 പരമ്പരകൾക്കുള്ള സ്ക്വാഡിൽ ഇന്ത്യ ഉൾപ്പെടുത്തിയിട്ടുണ്ട്. വിൻഡിസിനെതിരായ പരമ്പരയിൽ മികവാർന്ന പ്രകടനങ്ങൾ പുറത്തെടുത്താൽ സഞ്ജു സാംസണ് വരാനിരിക്കുന്ന വലിയ ടൂർണമെന്റിൽ കളിക്കാൻ സാധിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ഇന്ത്യയുടെ ഏകദിന ടീമിലേക്ക് സഞ്ജു സാംസൺ തിരികെയെത്തും എന്ന വാർത്തകൾ മുൻപുതന്നെ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ ട്വന്റി20 ടീമിലേക്ക് സഞ്ജു എത്തിയതോടെ കാര്യങ്ങൾ കൂടുതൽ അനുകൂലമായി മാറിയിരിക്കുകയാണ്. ഇപ്പോൾ തന്റെ ബാറ്റിംഗ് പരിശീലത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചാണ് സഞ്ജു സാംസൺ തന്റെ റീഎൻട്രി ആഘോഷമാക്കിയിരിക്കുന്നത്. ക്രീസിന് പുറത്തേക്കിറങ്ങി ബോളറെ അടിച്ചകറ്റുന്ന തന്റെ ചിത്രമാണ് സഞ്ജു പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിന് താഴെയായി ഒരുപാട് ആരാധകർ സഞ്ജുവിന് ആശംസകൾ നേർന്നിട്ടുണ്ട്. മലയാളികൾ മാത്രമല്ല മറ്റു ദേശക്കാരും സഞ്ജു സാംസനെ പ്രശംസിച്ചുകൊണ്ട് കമന്റുകൾ നിക്ഷേപിച്ചിരിക്കുന്നു.
ഇതിൽ ചില മലയാളം കമന്റുകൾ സൂചിപ്പിക്കുന്നത് സഞ്ജു സാംസനെ മലയാളികൾക്ക് എത്രമാത്രം ഇഷ്ടമാണ് എന്നതാണ്. വിൻഡിസിൽ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കണമെന്നും കിട്ടിയ അവസരം മികച്ച രീതിയിൽ വിനിയോഗിക്കണം എന്നുമാണ് കൂടുതൽ മലയാളികളും കമന്റ് ചെയ്തിരിക്കുന്നത്. ഇത്ര മികച്ച അവസരം ലഭിച്ചിട്ടും അത് വലിച്ചെറിയരുത് എന്നാണ് മറ്റൊരു കമന്റ് സൂചിപ്പിക്കുന്നത്. എന്തായാലും സഞ്ജു സാംസണെ സ്നേഹിക്കുന്ന ഇത്രയധികം ആളുകൾ സഞ്ജുവിന്റെ മികച്ച പ്രകടനത്തിനായി കാത്തിരിക്കുകയാണ്.
ഇന്ത്യയുടെ ചീഫ് സെലക്ടറായി അജിത്ത് അഗാർക്കർ തിരഞ്ഞെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജു സാംസണെ ഉൾപ്പെടുത്തി വിൻഡീസിനെതിരായ പര്യടനത്തിനുള്ള ട്വന്റി20 സ്ക്വാഡ് പ്രഖ്യാപിച്ചത്. ഇത് വലിയ സൂചന തന്നെയാണ് നൽകുന്നത്. ഇത്തരത്തിൽ അജിത്ത് അഗാർക്കർ കൂടുതൽ യുവതാരങ്ങളെ ഉൾപ്പെടുത്തി ടീമുകൾ രൂപീകരിച്ചാൽ അത് സഞ്ജുവിനെ പോലെയുള്ള കളിക്കാർക്ക് വലിയ അവസരമാണ് നൽകുന്നത്. സഞ്ജുവിന് പിന്നാലെ ജെയിസ്വാൾ, തിലക് വർമ്മ തുടങ്ങിയവർക്കും ട്വന്റി20 ടീമിൽ അഗാർക്കർ ഇടം നൽകിയിട്ടുണ്ട്.