ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറില്‍ യശ്വസി ജയ്സ്വാളിനെ നഷ്ടമായെങ്കിലും ജോസ് ബട്ട്ലറും – ദേവ്ദത്ത് പഠിക്കലും ചേര്‍ന്ന് രാജസ്ഥാനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 70 റണ്‍സാണ് കൂട്ടിചേര്‍ത്തത്.
പത്താം ഓവറില്‍ ഹര്‍ഷല്‍ പട്ടേലിന്‍റെ പന്തില്‍ വീരാട് കോഹ്ലി ക്യാച്ച് നേടി ദേവ്ദത്ത് പുറത്തായതോടെയാണ് ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ ക്രീസില്‍ എത്തിയത്. സഞ്ചു സാംസണിനെ കാത്ത് പേടിസ്വപ്നമായ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ഹസരങ്ക കാത്തിരിക്കുന്നുണ്ടായിരുന്നു. ഇതിനു മുന്‍പ് കളിച്ചപ്പോള്‍ 3 തവണെയാണ് സഞ്ചു ഹസരങ്കയുടെ പന്തില്‍ പുറത്തായിട്ടുള്ളത്. നേടിയതാകട്ടെ വെറും 2 റണ്‍സ് മാത്രം.
സഞ്ചു സാംസണ്‍ ക്രീസില്‍ എത്തിയതോടെ ഫാഫ് ഡൂപ്ലെസിസ് ഹസരങ്കക് പന്ത് കൈമാറി. സ്ട്രെയിറ്റ് സിക്സോടെയാണ് ഹസരങ്കയെ സഞ്ചു സാംസണ്‍ വരവേറ്റത്.തൊട്ടടുത്ത പന്തില്‍ സഞ്ചു സാംസണിനെതിരെ എല്‍ബിഡ്യൂ അപ്പീല്‍ ഉയര്‍ന്നെങ്കിലും അംപയര്‍ ഔട്ട് വിധിച്ചില്ലാ. ബാംഗ്ലൂര്‍ റിവ്യൂ ചെയ്തെങ്കിലും ഭാഗ്യം സഞ്ചുവിനൊപ്പം നിന്നു.
അടുത്ത പന്തില്‍ ഹസരങ്കയെ ഡിഫന്‍റ് ചെയ്യാനുള്ള ശ്രമത്തിനിടെ പന്ത് ശ്രീലങ്കന്‍ താരത്തിന്‍റെ നേരെ ഉയര്‍ന്നു പൊങ്ങി. വളരെ അനായസ ക്യാച്ചാണ് ഹസരങ്കക്ക് നേടാനുണ്ടായിരുന്നത്. 8 പന്തില്‍ 8 റണ്‍ നേടിയ ക്യാപ്റ്റന്‍ സഞ്ചു നിരാശയോടെയാണ് മടങ്ങിയത്. അഞ്ച് ഇന്നിംഗ്സിനിടെ ഇത് നാലാം തവണെയാണ് ഹസരങ്കക്ക് മുന്‍പില്‍ സഞ്ചു കീഴടങ്ങുന്നത്.