ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ തിളങ്ങാനാവാതെ മലയാളി താരം സഞ്ജു സാംസൺ. ആദ്യ മത്സരത്തിൽ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണ് രണ്ടാം മത്സരത്തിൽ 5 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ഇംഗ്ലണ്ടിന്റെ പേസർമാരായ ജോഫ്ര ആർച്ചറുടെയും മാർക്ക് വുഡിന്റെയും പന്തുകളിൽ പതറിയ ശേഷം ആയിരുന്നു മലയാളി താരം കൂടാരം കയറിയത്. സമീപകാലത്ത് ഇന്ത്യക്കായി ട്വന്റി20കളിൽ മികച്ച പ്രകടനങ്ങൾ മാത്രം കാഴ്ച വെച്ചിട്ടുള്ള സഞ്ജു സാംസന്റെ ഒരു മോശം ഇന്നിങ്സാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.
മത്സരത്തിൽ ഇന്ത്യയുടെ ഓപ്പണറായിയാണ് സഞ്ജു സാംസൺ എത്തിയത്. എന്നാൽ ആദ്യ ബോൾ മുതൽ കൃത്യമായി ഷോട്ട് കളിക്കാൻ സഞ്ജു സാംസൺ വിഷമിച്ചിരുന്നു. എന്നിരുന്നാലും തന്നെ കുഴപ്പിക്കുന്ന ബോളുകൾക്കു മുൻപിൽ സിംഗിളുകൾ നേടി സ്ട്രൈക്ക് മാറാൻ സഞ്ജുവിന് കഴിഞ്ഞു. മറുവശത്ത് അഭിഷേക് ശർമ ആദ്യ ഓവറിൽ തന്നെ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചു. പക്ഷേ പിന്നീട് അഭിഷേക് ശർമ മാർക്ക് വുഡിന്റെ പന്തിൽ വിക്കറ്റിന് മുൻപിൽ കുടുങ്ങുകയായിരുന്നു. 6 പന്തുകളിൽ 12 മാത്രമാണ് അഭിഷേകിന് നേടാൻ സാധിച്ചത്.
അഭിഷേക് പുറത്തായ ശേഷം സഞ്ജു ഒരു വമ്പൻ ഷോട്ടിന് ശ്രമിക്കുകയായിരുന്നു. ആർച്ചറുടെ പന്തിനെ അനായാസം സിക്സർ പറത്താൻ സഞ്ജു ശ്രമിച്ചെങ്കിലും ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്ത ബ്രൈഡൻ കേഴ്സിന്റെ കൈകളിലേക്ക് പന്ത് എത്തുകയായിരുന്നു. ഇതോടെ 7 പന്തുകളിൽ 5 റൺസ് നേടിയ സഞ്ജു സാംസൺ പുറത്താവുകയുണ്ടായി. മത്സരത്തിൽ ഒരു ബൗണ്ടറി പോലും സ്വന്തമാക്കാനും സഞ്ജുവിന് കഴിഞ്ഞില്ല. സഞ്ജുവിന്റെ വിക്കറ്റ് മത്സരത്തിൽ ഇന്ത്യയെ അല്പം സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം മത്സരത്തിലും മികച്ച തുടക്കമായിരുന്നില്ല ഇംഗ്ലണ്ടിന് ലഭിച്ചത്. എന്നാൽ നായകൻ ജോസ് ബട്ലർ ഇത്തവണയും ശക്തമായി ക്രീസിലുറച്ചു. 30 പന്തുകളിൽ 45 റൺസാണ് ബട്ലർ നേടിയത്. എന്നാൽ മറ്റു മുൻനിര ബാറ്റർമാർ പരാജയപ്പെട്ടത് ഇംഗ്ലണ്ടിനെ ബാധിക്കുകയായിരുന്നു. പിന്നീട് മധ്യ ഓവറുകളിൽ ബ്രൈഡൻ കേഴ്സ് 17 പന്തുകളിൽ 31 റൺസ് നേടി ഇംഗ്ലണ്ടിന് അടിത്തറ പാകി. പക്ഷേ മറ്റു ബാറ്റർമാർ ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ പരാജയപ്പെടുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 165 റൺസിൽ അവസാനിച്ചു. ഇന്ത്യക്കായി അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തുകയുണ്ടായി.