ഫെബ്രുവരി 9നാണ് ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരക്ക് തുടക്കം കുറിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കേണ്ടതിനാൽ ഇന്ത്യക്ക് ഈ പരമ്പര നിർണായകമാണ്. എന്നാൽ ശക്തരായ ഓസ്ട്രേലിയ പരാജയപ്പെടുത്തുക എന്നത് ഇന്ത്യയ്ക്ക് അത്ര എളുപ്പമാകില്ല. ഇന്ത്യക്ക് പരമ്പരയിൽ ഏറ്റവും വലിയ തിരിച്ചടിയാകുക കഴിഞ്ഞ വർഷം ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഋഷബ് പന്തിന്റെ സേവനം ഇല്ലാത്തത് തന്നെയായിരിക്കും.
വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരിക്കുന്ന പന്തിന് പകരം ആരായിരിക്കും വിക്കറ്റ് കീപ്പർ ആവുക എന്നാണ് ഇപ്പോൾ പ്രധാനമായും ഉയരുന്ന ചോദ്യം. യുവതാരങ്ങളായ ഇഷാൻ കിഷനും കെ എസ് ഭരതും തമ്മിലാണ് വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കുള്ള മത്സരം. ഇവരെക്കാൾ മികച്ച സ്ഥാനം അർഹിച്ച താരമാണ് സഞ്ജു സാംസൺ. എന്നാൽ താരത്തെ ടീമിൽ ഉൾപ്പെടുത്തിയില്ല. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം ആയിരുന്നു താരം കാഴ്ചവെച്ചത്. രഞ്ജി ട്രോഫിയിൽ ഈ മൂന്ന് പേരുടെയും പ്രകടനം എടുത്തു നോക്കിയാൽ സഞ്ജു തന്നെയാണ് മുൻപിൽ.
ഈ സീസണിൽ കേരള നായകൻ രഞ്ജി ട്രോഫിയിൽ മൂന്ന് മത്സരങ്ങളാണ് കളിച്ചത്. 56.8 എന്ന തകർപ്പൻ ശരാശരിയിൽ 284 റൺസ് നേടിയ താരത്തിന്റെ ഉയർന്ന സ്കോർ 82 റൺസ് ആയിരുന്നു. സഞ്ജു സാംസണും ആയി ഇഷാൻ കിഷനെയും കെ എസ് ഭരതനെയും താരതമ്യം ചെയ്യുമ്പോൾ ഇരുവരും മലയാളി താരത്തിന്റെ അത്രത്തോളം തിളങ്ങിയിട്ടില്ല. 5 ഇന്നിംഗ്സുകളാണ് ആന്ത്രക്ക് വേണ്ടി കെ എസ് ഭരത് കളിച്ചത്. 41 ശരാശരിയിൽ 205 റൺസ് ആണ് താരം നേടിയത്.
89 റൺസ് ആയിരുന്നു താരത്തിന്റെ ഉയർന്ന സ്കോർ. ഇഷാൻ കിഷൻ കളിച്ചത് ജാർഖണ്ഡിന് വേണ്ടിയായിരുന്നു. നാല് ഇൻസുകളിൽ നിന്നും 180 റൺസ് ആണ് താരം നേടിയത്. അതിൽ ഒരു ഇന്നിംഗ്സിൽ 130 റൺസ് നേടിയപ്പോൾ ബാക്കി മൂന്ന് ഇന്നിഗ്സുകളിൽ നിന്നും താരത്തിനെ കാര്യമായിട്ട് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇഷാൻ നേടിയ സെഞ്ചുറി കേരളത്തിനെതിരെ ആയിരുന്നു. എന്നാൽ സഞ്ജു നയിച്ച കേരളം ആയിരുന്നു ഈ മത്സരത്തിൽ വിജയിച്ചത്.