സഞ്ജു ഇന്ത്യയുടെ ടെസ്റ്റ്‌ ടീമിലേക്ക്. ടീം മാനേജ്മെന്റിന്റെ വാക്കുകൾ വെളിപ്പെടുത്തി താരം.

ഇന്ത്യൻ ടീം ലീഡർഷിപ്പ് ഗ്രൂപ്പ് തന്നോട് കൂടുതൽ രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കാൻ ആവശ്യപ്പെട്ടതായി മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് തന്നെ പരിഗണിക്കുന്നുണ്ടെന്നും, അതിനാൽ കൂടുതൽ രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കണമെന്ന് ഇന്ത്യൻ പരിശീലകർ പറഞ്ഞതായി സഞ്ജു സാംസൺ വെളിപ്പെടുത്തി.

2015ലായിരുന്നു ഇന്ത്യയ്ക്കായി സഞ്ജു സാംസൺ തന്റെ അരങ്ങേറ്റ മത്സരം കളിച്ചത്. എന്നാൽ ഇതുവരെയും ഒരു ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സഞ്ജുവിന് സാധിച്ചിട്ടില്ല. ഇതുവരെ 64 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച സഞ്ജു സാംസൺ 38.96 എന്ന ശരാശരിയിൽ 3819 നേടിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയതിന് ശേഷമാണ് സഞ്ജുവിനെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഇന്ത്യ പരിഗണിക്കാൻ തയ്യാറാവുന്നത്.

ടെസ്റ്റ് ക്രിക്കറ്റിൽ അണിനിരക്കുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് എന്ന് സഞ്ജു സാംസൺ പറഞ്ഞു. ദുലീപ് ട്രോഫിയ്ക്ക് മുൻപ് തന്നെ, കൂടുതൽ രഞ്ജി മത്സരങ്ങൾ കളിക്കണമെന്ന് ടീമിന്റെ ലീഡർഷിപ്പ് ഗ്രൂപ്പുകൾ ആവശ്യപ്പെട്ടതായാണ് സഞ്ജു സാംസൺ വെളിപ്പെടുത്തിയിരിക്കുന്നത്.

“ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്താനുള്ള കഴിവ് എനിക്കുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. കേവലം നിശ്ചിത ഓവർ ക്രിക്കറ്റിലേക്ക് മാത്രമായി എന്റെ കഴിവുകളെ നിയന്ത്രിച്ചു നിർത്താൻ ഞാൻ തയ്യാറാവുന്നില്ല. ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളിൽ അണിനിരക്കുക എന്നതാണ് എന്റെ ലക്ഷ്യം.”- സഞ്ജു സാംസൺ പറയുന്നു.

“ദുലീപ് ട്രോഫിയ്ക്ക് മുൻപ് തന്നെ ടീം ലീഡർഷിപ്പ് ഗ്രൂപ്പ് എന്നോട് ഇക്കാര്യത്തെ സംബന്ധിച്ച് സംസാരിച്ചിരുന്നു  അവർ എന്നെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് പരിഗണിക്കുന്നുണ്ടെന്നും, അതിനാൽ തന്നെ കൂടുതൽ ഗൗരവകരമായി ഇന്ത്യയുടെ ആഭ്യന്തര മത്സരങ്ങളെ കാണണമെന്നും ആവശ്യപ്പെട്ടു. മാത്രമല്ല രഞ്ജി ട്രോഫി ക്രിക്കറ്റിൽ കൂടുതൽ മത്സരങ്ങൾ കളിക്കണമെന്നും മാനേജ്മെന്റ് പറഞ്ഞു.”- സഞ്ജു സാംസൺ കൂട്ടിച്ചേർത്തു. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ സഞ്ജുവിന്റെ വെടിക്കെട്ടായിരുന്നു കാണാൻ സാധിച്ചത്. മത്സരത്തിൽ 40 പന്തുകളിൽ നിന്ന് സഞ്ജു സെഞ്ചുറി സ്വന്തമാക്കിയിരുന്നു.

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് മുൻപായി രാജസ്ഥാൻ റോയൽസ് അക്കാദമിയിൽ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിനൊപ്പം പരിശീലനത്തിൽ ഏർപ്പെടാൻ സഞ്ജുവിന് സാധിച്ചിരുന്നു. അത് തന്റെ തയ്യാറെടുപ്പുകളെ സ്വാധീനിച്ചിട്ടുണ്ട് എന്ന് സഞ്ജു പറയുകയുണ്ടായി.

“പരമ്പരയ്ക്ക് മുൻപ് നല്ല തയ്യാറെടുപ്പുകൾ നടത്താൻ എനിക്ക് സാധിച്ചു. ശ്രീലങ്കൻ പരമ്പരയ്ക്ക് ശേഷം ഞാൻ രാഹുൽ ദ്രാവിഡ് സാറിനും ഭരൂച്ച സാറിനുമൊപ്പം രാജസ്ഥാൻ റോയൽസ് അക്കാദമിയിൽ ഉണ്ടായിരുന്നു. അവർക്കൊപ്പം മത്സരത്തെ നോക്കിക്കാണാൻ ഞാൻ ശ്രമിച്ചു. ദുലീപ് ട്രോഫിയിൽ നേടിയ സെഞ്ച്വറി എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകി. കാരണം ആ സെഞ്ച്വറി രാജ്യത്തെ തന്നെ ഏറ്റവും മികച്ച ബോളർമാർക്കെതിരെയായിരുന്നു.”- സഞ്ജു പറഞ്ഞുവെക്കുന്നു.

Previous articleഷമിയെ ഓസീസ് പര്യടനത്തിൽ ഉൾപ്പെടുത്തില്ല. കാരണം വ്യക്തമാക്കി രോഹിത് ശർമ.
Next articleസെഞ്ചുറിയ്ക്ക് ശേഷം എന്തുകൊണ്ട് മസിൽ സെലിബ്രേഷൻ? സഞ്ജു തുറന്ന് പറയുന്നു.