റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ അമ്പയറോട് കയർത്ത് സഞ്ജു സാംസൻ. മത്സരത്തിനിടെ അമ്പയറോട് മോശമായി പെരുമാറിയ സഞ്ജു സാംസണ് അച്ചടക്ക നടപടി നേരിടേണ്ടി വന്നേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ബാംഗ്ലൂർ ബാറ്റിംഗ് ചെയ്യുകയായിരുന്നു. ഇന്നിങ്സിലെ ആറാം ഓവറിന് ശേഷമാണ് സംഭവം നടന്നത്. പവർപ്ലേ കഴിഞ്ഞയുടൻ രാജസ്ഥാന്റെ പരിശീലകനായ കുമാർ സംഗക്കാര മൈതാനത്തേക്ക് എത്തുകയും,സഞ്ജുവുമായി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യം ശ്രദ്ധിച്ച അമ്പയർ സംഗക്കാരയോട് മടങ്ങി ഡഗൗട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടു.
ടീമിലെ പരിശീലകർക്കും മറ്റ് അംഗങ്ങൾക്കും മൈതാനത്ത് എത്താനുള്ള ടൈംഔട്ട് ആയിരുന്നില്ല അത് എന്ന് അമ്പയർ ചൂണ്ടിക്കാട്ടി. ചെറിയൊരു ഇടവേള മാത്രമാണ് മത്സരത്തിൽ എടുത്തത് എന്ന് അമ്പയർ പറയുകയുണ്ടായി. ഈ സാഹചര്യത്തിലാണ് അമ്പയർ സംഗക്കാരയോട് മടങ്ങി പോകാൻ ആവശ്യപ്പെട്ടത്. എന്നാൽ സഞ്ജു ഇക്കാര്യത്തിൽ അമ്പയറോട് യോജിച്ചില്ല. സഞ്ജു കൂടുതൽ പ്രകോപിതനാവുകയും, അമ്പയറോട് ദേഷ്യപ്പെടുകയും ചെയ്തു. അമ്പയറോട് സഞ്ജു കയർക്കുന്നതിന്റെയും, ശേഷം ദേഷ്യത്തോടെ തിരികെ നടക്കുന്നതിന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയുണ്ടായി.
എന്നാൽ സഞ്ജു ദേഷ്യത്തോടെ മടങ്ങിയതിന് പിന്നാലെ കുമാർ സംഗക്കാരയോട് അമ്പയർമാർ സംസാരിച്ചു. കാര്യങ്ങൾ അമ്പയർമാർ കൃത്യമായി വിശദീകരിക്കുകയും, സംഘക്കാര തന്റെ തെറ്റ് അംഗീകരിക്കുകയും ചെയ്യുന്നത് വീഡിയോയിൽ ദൃശ്യമായിരുന്നു. എന്നാൽ സഞ്ജു ദേഷ്യപ്പെട്ട് മടങ്ങിയത് സഞ്ജുവിന്റെ കരിയറിൽ ഒരു ബ്ലാക്ക് മാർക്ക് ആവാൻ സാധ്യതയുണ്ട്. ഡീമേരിറ്റ് പോയിന്റുകളടക്കം ലഭിച്ചേക്കാവുന്ന ഒരു അച്ചടക്ക ലംഘനം തന്നെയാണ് സഞ്ജുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മൈതാനത്തുള്ള അമ്പയർമാർ സഞ്ജുവിനെ പറ്റി മോശം റിപ്പോർട്ട് സമർപ്പിക്കുകയാണെങ്കിൽ അതിന് തക്കതായ ശിക്ഷ സഞ്ജു നേരിടേണ്ടി വരും.
മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ബാംഗ്ലൂരിനായി മുൻനിര ബാറ്റർമാർ അടിച്ചു തർക്കുകയായിരുന്നു. മത്സരത്തിൽ 190 റൺസാണ് ബാംഗ്ലൂർ തങ്ങളുടെ ആദ്യ ഇന്നിങ്സിൽ നേടിയത്. മറുപടി ബാറ്റിംഗിൽ മികച്ച തുടക്കം തന്നെയായിരുന്നു രാജസ്ഥാന് ലഭിച്ചത്. എന്നാൽ അവസാന ഓവറിൽ വേണ്ട രീതിയിൽ സ്കോറിങ് റേറ്റ് ഉയർത്താൻ രാജസ്ഥാന് സാധിച്ചില്ല. ഇങ്ങനെ മത്സരത്തിൽ രാജസ്ഥാൻ 7 റൺസിന് പരാജയം ഏറ്റുവാങ്ങുകയായിരുന്നു.