ഐപിഎല്ലിൽ മഹേന്ദ്ര സിംഗ് ധോണിയുടെയും രഞ്ജി ട്രോഫിയിൽ സഞ്ജു സാംസന്റെയും കീഴിൽ കളിച്ചിട്ടുള്ള കേരള താരമാണ് കെ എം ആസിഫ്. ചെന്നൈക്കായി വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രമേ അണിനിരന്നിട്ടുള്ളൂവേങ്കിലും ധോണിയുമായി വളരെയധികം സമയം ചിലവഴിച്ച വ്യക്തിയാണ് ആസിഫ്. ഇതുപോലെ തന്നെയാണ് സഞ്ജുവിനോടൊപ്പവും. ഇപ്പോൾ ഇരുനായകന്മാരും തമ്മിലുള്ള ചില സാമ്യതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സംസാരിക്കുകയാണ് കെഎം ആസിഫ്. ഇവരുടെയും ചില സമീപനങ്ങൾ ഒരുപോലെയാണ് എന്ന് ആസിഫ് പറയുന്നു. ഇരുവരും ബോളർമാർക്ക് പൂർണ്ണമായ സ്വാതന്ത്ര്യം നൽകിയിരുന്നു എന്നാണ് ആസിഫിന്റെ വാദം.
“ധോണി ഭായിയും സഞ്ജുവും എല്ലായിപ്പോഴും ബോളർമാരുടെ നായകനാണ്. അവർ എല്ലായിപ്പോഴും ബോളർമാർക്ക് ആവശ്യമായ സ്വാതന്ത്ര്യവും പൂർണമായ പിന്തുണയും നൽകാറുണ്ട്. നിങ്ങൾക്ക് സാധിക്കുന്നത് അതുപോലെ ചെയ്യൂ, ബാക്കി നമുക്ക് നോക്കാം എന്ന തരത്തിലുള്ള സമീപനമാണ് ഇരുവരുടെയും. ഇത്തരം സംഭാഷണങ്ങളിലൂടെ ഇരുവരും ബോളർമാർക്ക് അങ്ങേയറ്റം ആത്മവിശ്വാസം നൽകുന്നു.”- കെ എം ആസിഫ് പറയുന്നു.
“നിങ്ങൾ നിങ്ങളുടെ ഇഷ്ടമനുസരിച്ച് ഫീൽഡ് സെറ്റ് ചെയ്യൂ, ശേഷം ഫീൽഡിനനുസരിച്ച് ബോൾ ചെയ്യൂ എന്ന് ഒരു നായകൻ ബോളറുടെ അടുത്തെത്തി പറയുമ്പോൾ സ്വാഭാവികമായും അയാൾക്ക് ആത്മവിശ്വാസം വർദ്ധിക്കും. ബാക്കിയുള്ള നായകന്മാരെ പറ്റി എനിക്കറിയില്ല. എന്നാൽ സഞ്ജുവിനെയും ധോണിഭായിയെയും ഇക്കാര്യത്തിൽ എനിക്കിഷ്ടമാണ്. ഇത്തരം കാര്യങ്ങൾ മുഖത്തുനോക്കി പറയുന്നത് ബോളർമാർക്ക് നല്ലത് ചെയ്യും എന്നാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.”- ആസിഫ് കൂട്ടിച്ചേർക്കുന്നു.
കേരള ടീമിനായി 2018ൽ തന്റെ അരങ്ങേറ്റം നടത്തിയ ആസിഫ് 2018 മുതൽ 2022 വരെ ഐപിഎല്ലിൽ ചെന്നൈ ടീമിനായി കളിച്ചിട്ടുണ്ട്. ശേഷം 2023 മിനി ലേലത്തിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ടീം 30 ലക്ഷം രൂപയ്ക്ക് ആസിഫിനെ ടീമിൽ എത്തിക്കുകയായിരുന്നു. 2023 ഐപിഎല്ലിൽ തിളങ്ങാനാകുമെന്നാണ് ആസിഫ് പ്രതീക്ഷിക്കുന്നത്.