അവസരം മുതലാക്കി സഞ്ചു സാംസണ്‍. ഓപ്പണിങ്ങിറങ്ങി 19 പന്തിൽ 29 റൺസ്.

sanju vs bangladesh 2024

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ ട്വന്റി20 മത്സരത്തിൽ മികച്ച ബാറ്റിംഗ് പുറത്തെടുത്ത് മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ ഓപ്പണറായി ഇറങ്ങാൻ കിട്ടിയ അവസരം നന്നായി വിനിയോഗിക്കാൻ സഞ്ജുവിന് സാധിച്ചു. പവർപ്ലേ ഓവറുകളിൽ പക്വതയാർന്ന ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ സഞ്ജു കാഴ്ചവെച്ചത്.

മത്സരത്തിൽ 19 പന്തുകൾ നേരിട്ട സഞ്ജു 29 റൺസ് നേടിയാണ് മടങ്ങിയത്. സഞ്ജുവിന്റെ ഇന്നിംഗ്സിൽ 6 ബൗണ്ടറികളാണ് ഉൾപ്പെട്ടത്. ഇതോടെ അടുത്ത ട്വന്റി20 മത്സരത്തിലും സഞ്ജുവിന് അവസരം ലഭിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

മത്സരത്തിൽ ചെറിയ വിജയലക്ഷ്യം മുന്നിൽകണ്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി സഞ്ജു സാംസൺ ആദ്യ ഓവറിൽ തന്നെ 2 ബൗണ്ടറികൾ സ്വന്തമാക്കുകയുണ്ടായി. ശേഷം മറുവശത്ത് അഭിഷേക് ശർമ കൂടാരം കയറിയിട്ടും സഞ്ജു കൃത്യമായി ഗ്യാപ്പുകൾ കണ്ടെത്തി റൺസ് നേടുകയായിരുന്നു. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ചാണ് സഞ്ജു റൺസ് കണ്ടെത്തിയത്.

മത്സരത്തിന്റെ എട്ടാം ഓവറിൽ മെഹദി ഹസൻ മിറാസിനെതിരെ ഒരു സിക്സർ നേടാനുള്ള ശ്രമത്തിനിടയാണ് സഞ്ജു സാംസൺ കൂടാരം കയറിയത്. മത്സരത്തിൽ ഇന്ത്യയെ ഒരു മികച്ച നിലയിലെത്തിച്ച ശേഷമാണ് സഞ്ജു മടങ്ങിയത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വളരെ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് അർഷദീപ് സിംഗ് നൽകിയത്. ബംഗ്ലാദേശിന്റെ ഇരു ഓപ്പണർമാരെയും ചെറിയ ഇടവേളയിൽ കൂടാരം കയറ്റാൻ അർഷദീപിന് സാധിച്ചു. നായകൻ ഷാന്റോ ഒരു വശത്ത് ബംഗ്ലാദേശിനായി ക്രീസിലുറച്ചെങ്കിലും, മറുവശത്ത് ഇന്ത്യ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി.

Read Also -  അന്ന് തിരിച്ചുവരവിന് സഹായിച്ചത് സഞ്ജുവിന്റെ പോസിറ്റീവ് വാക്കുകൾ. മറക്കാൻ പറ്റില്ലെന്ന് സന്ദീപ് ശർമ.

ഇത് ബംഗ്ലാദേശിനെ മത്സരത്തിൽ ബാധിക്കുകയായിരുന്നു. മധ്യ ഓവറുകളിൽ വേണ്ട രീതിയിൽ റൺസ് ഉയർത്താൻ ബംഗ്ലാദേശ് ബാറ്റർമാർക്ക് സാധിച്ചില്ല. മധ്യനിരയിൽ 32 പന്തുകളിൽ 35 റൺസ് നേടിയ മെഹദി ഹസനാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട ഒരു സ്കോറിൽ എത്തിച്ചത്.

ഇന്ത്യക്കായി ബോളിങ്ങിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചത് അർഷദീപ് സിംഗും വരുൺ ചക്രവർത്തിയുമാണ്. അർഷദീപ് 14 റൺസ് മാത്രം വിട്ടു നൽകി 3 വിക്കറ്റുകൾ സ്വന്തമാക്കി. വരുൺ ചക്രവർത്തി 31 റൺസ് വിട്ടുനൽകിയാണ് 3 വിക്കറ്റുകൾ നേടിയത്. ഇതോടെ ബംഗ്ലാദേശിന്റെ സ്കോർ കേവലം 127 റൺസിൽ ഒതുങ്ങുകയായിരുന്നു.

ഇതിന് ശേഷമാണ് ഓപ്പണറായി സഞ്ജു സാംസൺ ക്രീസിലെത്തിയത്. മുൻപ് ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 മത്സരങ്ങളിൽ മോശം പ്രകടനമായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. ഇതിനുശേഷം ശക്തമായ ഒരു തിരിച്ചുവരവാണ് മലയാളി താരം നടത്തിയിരിക്കുന്നത്.

Scroll to Top