ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിൽ മികച്ച തുടക്കമായിരുന്നു സഞ്ജു സാംസണ് ലഭിച്ചത്. വളരെ അപ്രതീക്ഷിതമായി ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കാൻ സഞ്ജുവിന് സാധിച്ചു. ഇതോടെ സഞ്ജു സാംസൺ പരമ്പരയിലെ ഇന്ത്യയുടെ പ്രധാന താരങ്ങളിൽ ഒരാളായി മാറുമെന്ന് എല്ലാവരും വിശ്വസിച്ചു.
പക്ഷേ അടുത്ത 2 മത്സരങ്ങളിലും വളരെ ഫ്ലോപ്പായ പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. 2 മത്സരങ്ങളിലും സഞ്ജുവിന് പൂജ്യനായി മടങ്ങേണ്ടിവന്നു. ഇതിന് ശേഷം വലിയ വിമർശനങ്ങളും സഞ്ജുവിനെതിരെ ഉയരുന്നുണ്ട്.
ഇപ്പോൾ സഞ്ജു സാംസണെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത് ദക്ഷിണാഫ്രിക്കൻ ടീമിന്റെ മുൻ സ്ട്രാറ്റജി അനാലിസ്റ്റ് പ്രസന്ന അഘോരമാണ്. സഞ്ജുവിനെ പറ്റി വളരെ തമാശരൂപേനെയാണ് അഘോരം സംസാരിച്ചിരിക്കുന്നത്. സഞ്ജുവിന്റെ ബാറ്റിംഗിലെ സ്ഥിരതയില്ലായ്മയെ പരിഹസിച്ചാണ് അദ്ദേഹം സംസാരിച്ചത്. ട്വന്റി20 ക്രിക്കറ്റിൽ ഒരു ബാറ്റർ തുടർച്ചയായ മത്സരങ്ങളിൽ 20 പന്തുകൾ എങ്കിലും നേരിട്ടെങ്കിൽ മാത്രമേ, അതൊരു സ്ഥിരതയുള്ള താരമാണെന്ന് പറയാൻ സാധിക്കു എന്ന് അഘോരം പറയുന്നു. അങ്ങനെ നോക്കുമ്പോൾ സഞ്ജു തീരെ സ്ഥിരതയില്ലാത്ത താരമാണെന്നും അഘോരം കൂട്ടിച്ചേർത്തു.
“ബാറ്റിംഗിലെ സ്ഥിരതയെ പറ്റി എല്ലാവരും സംസാരിക്കാറുണ്ട്. ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ടത് സഞ്ജു സാംസണെയാണ്. ഇതാണ് സ്ഥിരത. എന്തൊക്കെ നമ്മൾ സഞ്ജുവിനെ പറ്റി പറഞ്ഞാലും അദ്ദേഹത്തെപ്പോലെ മികച്ച കഴിവുള്ള ബാറ്റർ ലോകത്ത് മറ്റൊരാൾ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇക്കാര്യം ഞാൻ പലതവണ പറഞ്ഞിട്ടുള്ളതാണ്. ഇപ്പോൾ 2 സെഞ്ച്വറി, പിന്നാലെ 2 പൂജ്യം. പൂജ്യത്തിന് പുറത്തായ 2 മത്സരങ്ങളിലും 3 ബോളുകൾ മാത്രമാണ് സഞ്ജു നേരിട്ടിട്ടുള്ളത്. ട്വന്റി20 ക്രിക്കറ്റിൽ ഒരു ബാറ്റർ 20 പന്തെങ്കിലും നേരിട്ടാൽ മാത്രമേ സ്ഥിരതയുള്ള താരമായി മാറുകയുള്ളൂ.”- അഘോരം പറയുന്നു.
“ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ട്വന്റി20 മത്സരത്തിലും സഞ്ജു സാംസൺ ഫ്ലോപ്പ് പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കിൽ, കാര്യങ്ങൾ മറ്റൊന്നായി മാറും. മുൻപ് നേടിയ 2 സെഞ്ച്വറികളും ആരുംതന്നെ പിന്നീട് ഓർക്കില്ല. വീണ്ടും സഞ്ജുവിന് ഒന്നിൽ നിന്ന് തന്നെ തുടങ്ങേണ്ട അവസ്ഥ ഉണ്ടാവും. ഇപ്പോഴുള്ളതിനേക്കാൾ പ്രയാസകരമായിരിക്കും ആ സാഹചര്യം.”- പ്രസന്ന അഘോരം കൂട്ടിച്ചേർക്കുന്നു. എന്നിരുന്നാലും അവസാന മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകനുമായി സഞ്ജു സാംസൺ തിരിച്ചുവരവ് നടത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ.