അഫ്ഗാനെതിരായ ട്വന്റി20 ടീമിൽ ? വലിയ സൂചന നൽകി സഞ്ജു സാംസൺ.

ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പര പല ഇന്ത്യൻ യുവതാരങ്ങൾക്കും വളരെ നിർണായകമാണ്. ട്വന്റി20 ലോകകപ്പിന് മുൻപായുള്ള ഇന്ത്യയുടെ അവസാന ട്വന്റി20 പരമ്പരയാണ് അഫ്ഗാനിസ്ഥാനെതിരെ നടക്കാൻ പോകുന്നത്. അതിനാൽ തന്നെ യുവതാരങ്ങളൊക്കെയും പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത് ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം പിടിക്കാനാണ് ശ്രമിക്കുന്നത്.

മലയാളി താരം സഞ്ജു സാംസനെ സംബന്ധിച്ചും വളരെ നിർണായകമായ ഒരു പരമ്പരയാണ് വരാനിരിക്കുന്നത്. ഇതുവരെ ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചിട്ടില്ല. അതിനാൽ തന്നെ അഫ്ഗാനിസ്ഥാനെതിരെ ട്വന്റി20 പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ സഞ്ജുവിന് ലോകകപ്പിലേക്ക് സ്ഥാനം ലഭിക്കൂ. പക്ഷേ അഫ്ഗാനിസ്ഥനെതിരായ പരമ്പരയിൽ സഞ്ജുവിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തുമോ എന്നതടക്കമുള്ള സംശയങ്ങൾ നിലനിൽക്കുന്നു.

ഈ സാഹചര്യത്തിൽ വലിയൊരു സൂചന തന്നെ നൽകിയിരിക്കുകയാണ് സഞ്ജു സാംസൺ ഇപ്പോൾ. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയുടെ അതേ സമയത്ത് തന്നെയാണ് കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരങ്ങൾ നടക്കുന്നത്. നിലവിൽ കേരള ടീമിന്റെ നായകനാണ് സഞ്ജു സാംസൺ. പരിശീലനത്തിനിടെ സഞ്ജു സാംസൺ കളിച്ച ഒരു ഷോട്ട് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

രഞ്ജി ട്രോഫിക്ക് മുൻപായുള്ള പരിശീലനത്തിന്റെ ഭാഗമായി സഞ്ജു കളിച്ച ഒരു വെടിക്കെട്ട് ഷോട്ട് വലിയ ചർച്ചയായിട്ടുണ്ട്. എന്തിനാണ് ടെസ്റ്റ് ക്രിക്കറ്റിനായി ഇത്തരം ഒരു വമ്പൻ ഷോട്ട് സഞ്ജു കളിച്ചത് എന്നാണ് ആരാധകർ ചോദിക്കുന്നത്.അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് സഞ്ജു ഇത്തരം വെടിക്കെട്ട് ഷോട്ടുകൾ പരിശീലന സമയത്ത് കളിക്കുന്നത് എന്ന് ചില ആരാധകർ വിലയിരുത്തുന്നു.

സഞ്ജുവിന്റെ ഈ വമ്പൻ ഷോട്ടുകൾ വലിയ സൂചനകളാണ് നൽകുന്നത് എന്നാണ് സാമൂഹ്യ മാധ്യമങ്ങൾ പറയുന്നത്. അഫ്ഗാനിസ്ഥാനെതിരെ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ സംബന്ധിച്ച് യാതൊരു വ്യക്തതകളും ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവിൽ ഇന്ത്യയുടെ ട്വന്റി20 ഓപ്പണറായ ഋതുരാജ്, സൂര്യകുമാർ, ഹർദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങളൊക്കെയും പരിക്കിന്റെ പിടിയിലാണ്. അതിനാൽ തന്നെ ഇന്ത്യ തങ്ങളുടെ ട്വന്റി20 ടീമിലേക്ക് സഞ്ജുവിനെ തിരികെ വിളിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. രോഹിത് ശർമയാവും അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ നയിക്കുക.

സമീപകാലത്ത് ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങളായിരുന്നു സഞ്ജു സാംസൺ പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ഏകദിനത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി നേടി ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നു. അതിനാൽ തന്നെ ഇന്ത്യ സഞ്ജുവിന് വീണ്ടും അവസരം നൽകാൻ സാധ്യതകൾ ഏറെയാണ്. അങ്ങനെ അവസരം ലഭിച്ചാലും 3 മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ സഞ്ജുവിന് ലോകകപ്പിലേക്ക് എത്തിപ്പെടാൻ സാധിക്കൂ..

Previous articleആ 3 ബാറ്റർമാരാണ് എന്നെ ബുദ്ധിമുട്ടിച്ചിട്ടുള്ളത്. ഇന്ത്യൻ ഇതിഹാസത്തെയടക്കം ചൂണ്ടിക്കാട്ടി ലയൺ.
Next articleദക്ഷിണാഫ്രിക്കയെ വീഴ്ത്താൻ ഇന്ത്യൻ ബോളർമാർ “പ്ലാൻ ബി” ഉപയോഗിക്കണം. നിർദ്ദേശവുമായി ഡോണാൾഡ്.