ഏതെങ്കിലും ഒരു മലയാളി ഒരു ഐപിഎൽ ടീമിൻ്റെ നായകൻ ആകുമെന്ന് ഒരു ആളും കരുതിയിരുന്നില്ല. എന്നാൽ 2021ൽ എല്ലാവരെയും ഞെട്ടിച്ച് പ്രഥമ ഐപിഎൽ ജേതാക്കളായ രാജസ്ഥാൻ റോയൽസ് മലയാളി താരം സഞ്ജു സാംസണിനെ നായകനായി പ്രഖ്യാപിച്ചു. രാജസ്ഥാൻ റോയൽസിനൊപ്പം 2013 മുതൽ ഉള്ള ആളാണ് സഞ്ജു. നായകസ്ഥാനം ഏറ്റെടുത്ത വർഷം കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിലും തൊട്ട് അടുത്ത വർഷം ടീമിനെ കലാശ പോരാട്ടത്തിൽ എത്തിക്കുവാൻ സഞ്ജുവിന് സാധിച്ചു. നിലവിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായ സഞ്ജു ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ താരം മലയാളിയായ ഫാസ്റ്റ് ബൗളർ ശ്രീശാന്ത് ആയിരിക്കും.
സഞ്ജുവിന് രാജസ്ഥാന്റെ ട്രയൽസിൽ പങ്കെടുക്കുവാനും തുടർന്ന് ടീമിൽ സ്ഥാനം നേടുവാനും കഴിഞ്ഞത് ശ്രീശാന്ത് മുൻകൈയെടുത്തതോടെ കൂടെയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടയിൽ സഞ്ജു പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ശ്രീശാന്ത് ആണ് തന്നെ രാജസ്ഥാന്റെ ട്രയൽസിന് കൊണ്ടുപോയത് എന്നാണ് സഞ്ജു പറയുന്നത്.”അന്ന് ഞാൻ അണ്ടർ 19 തരത്തിൽ കളിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോൾ കേരളത്തിൻ്റെ ക്യാപ്റ്റൻ ശ്രീ ഭായ് ആണ്. ശ്രീ ഭായ് അന്ന് ഞാൻ അണ്ടർ 19 തലത്തിൽ സെഞ്ച്വറി നേടിയത് അറിഞ്ഞു. ഇത് തുടർന്ന് എന്തുകൊണ്ട് ഞാൻ കേരള ടീമിൽ ഇല്ലാത്തത് എന്നും തിരിച്ചു വിളിക്കണമെന്നും ആവശ്യപ്പെട്ടു.
കെ.സി. എ സെക്രട്ടറിയേയും മറ്റ് അധികൃതരെയും അദ്ദേഹം വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടു. എന്നെ കേരള ടീമിലേക്ക് തിരിച്ചുകൊണ്ടു വന്നു. ടീമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ഒരു നിർണായക മത്സരത്തിലാണ് ഞാൻ കളിച്ചത്. നോ കൗട്ടിലേക്ക് അന്ന് യോഗ്യത നേടണമെങ്കിൽ അത് ജയിക്കണമായിരുന്നു. എനിക്ക് കേരളത്തിന് വേണ്ടി രണ്ട് ഇന്നിംഗ്സുകളിലും മികച്ച പ്രകടനം കാഴ്ചവെക്കുവാൻ സാധിച്ചു. ആദ്യ ഇന്നിങ്സിൽ 140 റൺസും രണ്ടാമത്തെ ഇന്നിങ്സിൽ 70 റൺസും സ്കോർ ചെയ്തു. എൻ്റെ ബാറ്റിംഗ് അന്ന് ആദ്യമായിട്ടാണ് ശ്രീ ഭായ് കണ്ടത്. ഞാൻ ഓരോ സിക്സറും ഫോറുകളും അടിക്കുമ്പോൾ അദ്ദേഹത്തിൻ്റെ ആവേശം ഗ്രൗണ്ടിൽ എനിക്ക് കേൾക്കാമായിരുന്നു. ശ്രീഭായിയുടെ ഉത്സാഹം എന്നെ കൂടുതൽ ഉത്തേജിപ്പിച്ചു.
മത്സരശേഷം അദ്ദേഹം എന്നോട് പറഞ്ഞു രണ്ട് മാസം കഴിഞ്ഞാൽ രാജസ്ഥാന്റെ ട്രയൽസ് ഉണ്ടെന്നും നിന്നെ ഞാൻ കൊണ്ടുപോകാം എന്നും. രാജസ്ഥാൻ ടീമിൽ എത്തുന്നതിന് മുൻപ് ഞാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ ഉണ്ടായിരുന്നു. ഈ സമയത്താണ് രാജസ്ഥാൻ നായകനായിരുന്നു രാഹുൽ ദ്രാവിഡിന് എന്നെ ശ്രീ ഭായ് പരിചയപ്പെടുത്തിയത്. രാജസ്ഥാൻ ടീം കൊൽക്കത്തയിൽ വന്നപ്പോൾ അദ്ദേഹം ഹോട്ടലിൽ ഞാനും ഉണ്ടായിരുന്നു. രാഹുൽ ഭായ് അതുവഴി കടന്നു വന്നത് ഞാനും ശ്രീ ഭായും കൂടെ സംസാരിക്കുന്നതിനിടയിൽ ആയിരുന്നു. ഉടൻ തന്നെ ശ്രീ ഭായ് അദ്ദേഹത്തിൻ്റെ അടുത്തേക്ക് പോയി എന്നെ പരിചയപ്പെടുത്തുകയായിരുന്നു.
രാഹുൽ ദ്രാവിലെ എന്നെ പരിചയപ്പെടുത്തിയത് ഒരു ഓവറിൽ 6 അടിച്ച ബാറ്ററാണെന്ന് പറഞ്ഞായിരുന്നു. സഞ്ജു മികച്ച ബാറ്റർ ആണെന്നും കേരളത്തിലെ ഒരു ടൂർണമെന്റിൽ 6 ബോളുകളിൽ നിന്നും ആറ് സിക്സറുകൾ നേടിയിട്ടുള്ള താരമാണെന്നും തള്ളിവിട്ടു. പക്ഷേ ഞാൻ ആറ് ബോളിൽ 6 സിക്സ് ഒന്നും അടിച്ചിട്ടില്ല. റോയൽസിൽ തീർച്ചയായും കളിക്കേണ്ട ആളാണ് സഞ്ജു എന്നും അവനെ ട്രെയൽസിന് വിളിക്കണമെന്നും അഭ്യർത്ഥിച്ചു. അത് കേട്ട് രാഹുൽ സാർ വളരെയധികം താല്പര്യ കാണിച്ചു. ഇവനെ അടുത്ത വർഷം ട്രയൽസിന് കൊണ്ടുവരണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെയാണ് റോയൽസിനൊപ്പം ട്രയൽസിൽ പങ്കെടുത്തതും ടീമിൽ സെലക്ഷൻ ലഭിച്ചതും എല്ലാം.”-സഞ്ജു പറഞ്ഞു.