കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനങ്ങൾ കാഴ്ചവെച്ച് സഞ്ജു സാംസൺ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇത്ര വലിയ വിജയത്തിനിടയിലും സഞ്ജുവിന്റെ പിതാവിൽ നിന്നുണ്ടായ ചില വാക്കുകൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചു. തന്റെ മകന്റെ കരിയർ ഗ്രാഫ് താഴേക്ക് പോകാൻ കാരണമായത് ഇന്ത്യയുടെ മുൻ നായകരും പരിശീലകരുമാണ് എന്നായിരുന്നു സഞ്ജുവിന്റെ പിതാവ് വിശ്വനാദ് സാംസൺ പറഞ്ഞത്.
മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്ലി, രാഹുൽ ദ്രാവിഡ്, രോഹിത് ശർമ എന്നിവർക്കൊക്കെയും സഞ്ജുവിന്റെ കരിയർ പിന്നോട്ട് പോയതിൽ വലിയ പങ്കുണ്ട് എന്ന് വിശ്വനാഥ് സാംസൺ കൂട്ടിച്ചേർത്തു. ഈ താരങ്ങളാരും സഞ്ജുവിന് വേണ്ട രീതിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അവസരങ്ങളും പിന്തുണയും നൽകിയില്ല എന്നായിരുന്നു സഞ്ജുവിന്റെ പിതാവ് പറഞ്ഞത്. പക്ഷേ ഇപ്പോൾ വിശ്വനാഥ് സാംസനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ്.
ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസങ്ങളെ പറ്റി സഞ്ജു സാംസന്റെ പിതാവ് നടത്തിയ ഈ പരാമർശം പിൻവലിക്കണമെന്നും മാപ്പു പറയണമെന്നും ഹോഗ് പറയുകയുണ്ടായി. “സഞ്ജു സാംസന്റെ പിതാവ് രംഗത്ത് വരികയും തന്റെ മകന്റെ 10 വർഷങ്ങളിൽ നശിപ്പിച്ചത് രോഹിത് ശർമ, വിരാട് കോഹ്ലി, ധോണി തുടങ്ങിയവരാണെന്ന് പൊതുജനങ്ങളോട് പറയുകയും ചെയ്തു. അത്തരമൊരു സാഹചര്യം ഉണ്ടാക്കാൻ പാടില്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം. കാരണം ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ താരങ്ങളാണ് ഈ 4 പേർ. അവർ ഒരുപാട് വിജയങ്ങൾ തങ്ങളുടെ കരിയറിൽ നേടിയവരുമാണ്.”- ബ്രാഡ് ഹോഗ് പറയുന്നു.
“സഞ്ജു സാംസൺ ഒരു അവിശ്വസനീയ താരമാണ് എന്നതിൽ ഒരു സംശയവുമില്ല. ഇന്ത്യൻ ടീമിൽ അവന്റെ സ്ഥാനം കൃത്യമായി ഉറപ്പിക്കാൻ സഞ്ജുവിന് കഴിയുന്നുണ്ട്. തുടർച്ചയായി 2 സെഞ്ചുറികൾ സഞ്ജു സമീപകാലത്ത് നേടിയിരുന്നു. പക്ഷേ അവന്റെ കുടുംബത്തിൽ നിന്നുള്ള ഇത്തരത്തിലുള്ള പ്രതികരണങ്ങൾ അവന് കൂടുതൽ സമ്മർദ്ദമുണ്ടാക്കും എന്നാണ് ഞാൻ കരുതുന്നത്. മുൻപിലേക്ക് പോകുമ്പോൾ അത് കൂടുതൽ പ്രശ്നങ്ങളായി തീരും. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ പിതാവ് ഈ വിഷയത്തിൽ മാപ്പ് പറയണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സഞ്ജുവിന്റെ കരിയറിന് അത് ഗുണം ചെയ്യും.”- ഹോഗ് കൂട്ടിച്ചേർക്കുന്നു.
“ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചാണ് സഞ്ജു ദേശീയ ടീമിലെത്തിയത്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി മികവ് പുലർത്താൻ അവന് കഴിഞ്ഞിരുന്നു. നിലവിൽ ഇന്ത്യൻ ടീമിൽ ഒരുപാട് നിലവാരമുള്ള ബാറ്റർമാരും കളിക്കാരും അണിനിരക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കൃത്യമായ ഒരു ബ്രേക്ക് ലഭിച്ചാൽ മാത്രമേ ടീമിൽ ഇടം കണ്ടെത്താൻ സാധിക്കൂ. സെലക്ടർമാർ ഏതു തരത്തിലാണ് ചിന്തിക്കുന്നതെന്ന് നമുക്ക് പറയാൻ സാധിക്കില്ല. അവരെ നിയന്ത്രിക്കാൻ നമുക്ക് കഴിയില്ല. അതുകൊണ്ട് അവസരം ലഭിക്കുമ്പോൾ അത് നന്നായി മുതലാക്കുക എന്നതാണ് ചെയ്യേണ്ടത്. അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കി ബാറ്റ് കൊണ്ട് മറുപടി നൽകുക എന്നതാണ് ഉത്തമം.”- ഹോഗ് പറഞ്ഞുവയ്ക്കുന്നു..