അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20യിൽ കീപ്പിങ്ങിൽ കസറി സഞ്ജു സാംസൺ. മത്സരത്തിൽ ബാറ്റിംഗിൽ പരാജയപ്പെട്ട സഞ്ജു സാംസൺ കീപ്പിങ്ങിൽ തീയായി മാറുന്നതാണ് കാണാൻ സാധിച്ചത്. മത്സരത്തിൽ നിർണായകമായ ഒരു സ്റ്റമ്പിങ്ങിന് പിന്നാലെ അപകടകാരിയായ കരീം ജനതിനെ റണ്ണൗട്ടാക്കാനും സഞ്ജു സാംസണ് സാധിച്ചിട്ടുണ്ട്.
ഒരു കിടിലൻ ത്രോയിലൂടെയാണ് സഞ്ജു ജനതിനെ കൂടാരം കയറ്റിയിരിക്കുന്നത്. മത്സരത്തിൽ നിർണായക സാന്നിധ്യമാകും എന്ന് കരുതിയ ജനത് കൂടാരം കയറിയത് ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. മാത്രമല്ല സഞ്ജു സാംസന്റെ കീപ്പിംഗ് മികവും ഈ വിക്കറ്റൊടെ കൂടുതൽ ശ്രദ്ധേയമായി മാറി.
മത്സരത്തിന്റെ പതിനെട്ടാം ഓവറിലെ ആദ്യ പന്തിലാണ് സഞ്ജു ജനത്തിനെ റണ്ണൗട്ട് ആക്കിയത്. മുകേഷ് കുമാർ എറിഞ്ഞ പന്ത് ഗുൽബദീൻ നൈബാണ് നേരിട്ടത്. ബാറ്റിന്റെ എഡ്ജിൽ കൊണ്ട് പന്ത് കീപ്പറുടെ അടുത്തേക്ക് എത്തുകയായിരുന്നു. എന്നാൽ ഈ അവസരത്തിൽ കരീം ജനത് റൺസിനായി ഓടി.
എന്നാൽ പിന്നിൽ നിന്ന സഞ്ജു സാംസൺ പന്തിനടുത്തേക്ക് ഓടിയടുക്കുകയും ഒരു തകർപ്പൻ ഡയറക്റ്റ് ഹിറ്റിലൂടെ സ്റ്റമ്പ് പിഴുതെറിയുകയുമാണ് ചെയ്തത്. ഇതോടെ ജനത് മത്സരത്തിൽ പുറത്തായി. കേവലം രണ്ടു പന്തുകളിൽ രണ്ട് റൺസ് മാത്രമാണ് ഈ താരത്തിന് നേടാൻ സാധിച്ചത്. ഇന്ത്യയെ സംബന്ധിച്ച് ഈ വിക്കറ്റ് വളരെ നിർണായകമായിരുന്നു.