ഐപിഎല്ലിന് ശേഷം ഏറ്റവുമധികം ചർച്ച ചെയ്യാവാൻ പോകുന്ന ടൂർണമെന്റാണ് 2023ലെ ഏകദിന ലോകകപ്പ്. 2011 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ മണ്ണിൽ ഒരു 50 ഓവർ ലോകകപ്പ് നടക്കുന്നത്. 2011ൽ ലോകകപ്പ് നടന്നപ്പോൾ ഇന്ത്യ തന്നെയായിരുന്നു ചാമ്പ്യന്മാർ. അതിനാൽതന്നെ ഇത്തവണ രോഹിത് ശർമയ്ക്കും വലിയൊരു അവസരം തന്നെയാണ് വന്നെത്തിയിരിക്കുന്നത്. മാത്രമല്ല ഒരുപക്ഷേ രോഹിത് ശർമ, വിരാട് കോഹ്ലി തുടങ്ങിയ അതികായന്മാരുടെ അവസാന ലോകകപ്പുമായി ഇത്തവണത്തെത് മാറിയേക്കാം. അതിനാൽ ഏതു വിധേനയും ജേതാക്കളാവുക എന്നത് തന്നെയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിനായി ഇന്ത്യൻ സാഹചര്യങ്ങളിൽ ഏറ്റവും മികച്ച രീതിയിൽ കളിക്കാൻ സാധിക്കുന്ന ക്രിക്കറ്റർമാരെയാണ് നമുക്ക് ആവശ്യം. പലപ്പോഴും ഇന്ത്യയിലെ പിച്ചുകൾ സ്പിന്നിനെ തുണക്കുന്നതിനാൽ തന്നെ സ്പിന്നിനെതിരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന ബാറ്റർമാരെ കണ്ടെത്തേണ്ടതുണ്ട്. ഈ ലിസ്റ്റിൽ ഏറ്റവും മികച്ച ഓപ്ഷൻ തന്നെയാണ് സഞ്ജു സാംസൺ.
2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ കണക്കുകൾ സൂചിപ്പിക്കുന്നത് സഞ്ജു സാംസന്റെ സ്പിന്നർമാർക്കെതിരെയുള്ള പ്രകടനം മികച്ചതാണ് എന്ന് തന്നെയാണ്. ഇന്ത്യയിലെ സ്ലോപിച്ചുകളിൽ വിരാട് കോഹ്ലിയെക്കാളും രോഹിത് ശർമയേക്കാളും മികച്ച രീതിയിൽ ഇത്തവണത്തെ ഐപിഎല്ലിൽ സഞ്ജു സാംസൺ ബാറ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല സ്പിന്നർമാർക്കെതിരെയുള്ള സഞ്ജുവിന്റെ പ്രകടനം സൂര്യകുമാർ യാദവിനെക്കാളും മെച്ചപ്പെട്ടതാണ് എന്ന് പറയാതിരിക്കാനാവില്ല. 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്പിന്നർമാർക്കെതിരെ 100 പന്തുകളെങ്കിലും നേരിട്ടിട്ടുള്ള ബാറ്റർമാരിൽ സ്പിന്നർമാർക്കെതിരെ ഏറ്റവുമധികം സ്ട്രൈക്ക് റേറ്റ് ഉള്ളത് സഞ്ജുവിനാണ്. ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനക്കാരനാണ് സൂര്യകുമാർ യാദവ്.
2023ലെ ഐപിഎല്ലിൽ സ്പിന്നർമാർക്കെതിരെ 170.3 സ്ട്രൈക്ക് റേറ്റിലാണ് ഈ മലയാളി താരം കളിച്ചിട്ടുള്ളത്. സൂര്യകുമാർ യാദവാകട്ടെ 153.3 സ്ട്രൈക്ക് റേറ്റ് ആണ് സ്പിന്നർമാർക്കെതിരെ പുലർത്തുന്നത്. രാജസ്ഥാന്റെ യുവ ഓപ്പണറായ ജെയിസ്വാളാണ് ലിസ്റ്റിൽ മൂന്നാമതുള്ളത്. ജയസ്വാളിന് സ്പിന്നർമാർക്കെതിരെ 141 സ്ട്രൈക്ക് റേറ്റുണ്ട്. അതിനു തൊട്ടുപിന്നിലാണ് ഗുജറാത്തിന്റെ താരം ശുഭ്മാൻ ഗില്ലിന്റെ സ്ഥാനം. ഗിൽ സ്പിന്നർമാർക്കെതിരെ 139 സ്ട്രൈക്ക് റേറ്റിൽ കളിച്ചിട്ടുണ്ട്. ഈ കണക്കുകൾ വ്യക്തമാക്കുന്നത് സ്പിന്നിനെതിരെ സഞ്ജുവിന്റെ ഡോമിനേഷൻ തന്നെയാണ്. റാഷിദ് ഖാൻ അടക്കമുള്ള മികച്ച ബോളർമാർക്കെതിരെ സഞ്ജു നിറഞ്ഞടിയിരുന്നു.
സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിൽ മാത്രമല്ല ബൗണ്ടറി ഹിറ്റിങ്ങിന്റെ കാര്യത്തിലും ഒരുപാട് മുൻപിലാണ് സഞ്ജു സാംസൺ. ഇതുവരെ 10 സിക്സറുകൾ സ്പിന്നർമാർക്കെതിരെ നേടാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. സൂര്യയ്ക്ക് ആകെ അഞ്ച് സിക്സറുകൾ മാത്രമാണ് സ്പിന്നിനെതിരെ നേടാൻ സാധിച്ചത്. ഇക്കാരണങ്ങൾ കൊണ്ടൊക്കെയും ഇന്ത്യൻ സാഹചര്യങ്ങളിൽ സഞ്ജു സാംസന്റെ സ്വാധീനം വളരെ വലുതാണ് എന്ന് വ്യക്തമാകുന്നു. അതിനാൽ തന്നെ ലോകകപ്പ് ടീമിലേക്ക് എപ്പോഴും പരിഗണിക്കാൻ സാധിക്കുന്ന ബാറ്റർ തന്നെയാണ് നിലവിൽ സഞ്ജു സാംസൺ.