ഗുജറാത്തിനെതിരായ മത്സരത്തിൽ 58 റൺസിന്റെ പരാജയമാണ് രാജസ്ഥാൻ ടീമിന് ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരത്തിൽ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന് മികച്ച തുടക്കമായിരുന്നു ആദ്യ ഓവറുകളിൽ ലഭിച്ചത്. തുടക്കത്തിൽ തന്നെ ഗുജറാത്തിന്റെ ക്യാപ്റ്റനായ ശുഭമാൻ ഗില്ലിന്റെ വിക്കറ്റ് സ്വന്തമാക്കാൻ ടീമിന് സാധിച്ചു. എന്നാൽ അവസാന ഓവറുകളിൽ രാജസ്ഥാന്റെ ബോളിംഗ് പാളുകയായിരുന്നു. മത്സരത്തിലെ പരാജയത്തിൽ പ്രധാന കാരണമായി മാറിയത് ഡെത്ത് ഓവർ ബോളിംഗാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ഇപ്പോൾ.
“മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഈ വിക്കറ്റിൽ നിന്ന് ബോളർമാർക്ക് കുറച്ച് ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ആദ്യ ഓവറുകളിൽ ജോഫ്രാ ആർച്ചർ അടക്കമുള്ളവർക്ക് മുൻതൂക്കമുണ്ടായി.
ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് സ്വന്തമാക്കാൻ തുടക്കത്തിൽ തന്നെ ഞങ്ങൾക്ക് സാധിച്ചു. പവർപ്ലെയിൽ ബോളിങ്ങിൽ മികവ് പുലർത്താനും ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങൾ പദ്ധതി ഇട്ടതുപോലെയാണ് കാര്യങ്ങൾ മുൻപോട്ട് പോയത്. പക്ഷേ ഡെത്ത് ഓവറുകളിലേക്ക് വന്നപ്പോൾ ഞങ്ങളുടെ തന്ത്രങ്ങൾ പൂർണ്ണമായും മാറി. അവസാന ഓവറുകളിലേക്ക് ഞങ്ങൾ കുറച്ച് പ്ലാനുകൾ രൂപീകരിച്ചിരുന്നു. പക്ഷേ ബോളർമാർ മറ്റെന്തോ ചെയ്യാനാണ് ശ്രമിച്ചത്.”- സഞ്ജു പറയുന്നു.
“എന്തായാലും ഞങ്ങൾ ഈ പരാജയത്തെപ്പറ്റി ചർച്ച ചെയ്യും. നാളെയോ അതിന്റെ അടുത്ത ദിവസം ടീം മീറ്റിംഗിൽ ഇതേ സംബന്ധിച്ചുള്ള ചർച്ചകൾ ഉണ്ടാകും. അതിന് ശേഷം ഞങ്ങളുടെ പിഴവുകൾ തിരുത്തി ശക്തമായി തിരിച്ചുവരും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് വളരെ നന്നായി തന്നെ ബാറ്റ് ചെയ്തിരുന്നു. അനാവശ്യമായി കുറച്ച് സിക്സറുകൾ വഴങ്ങാനും 15- 20 റൺസ് അധികമായി നൽകാനും ഞങ്ങളുടെ ബോളർമാർ തയ്യാറായി. ഇതൊക്കെയും ബോളിങ്ങിൽ വന്ന പിഴവുകൾ തന്നെയാണ്.”- സഞ്ജു കൂട്ടിച്ചേർത്തു.
റൺസ് ചേസ് ചെയ്യുന്നതിൽ രാജസ്ഥാൻ ടീം ഇനിയും മുൻപിലേക്ക് പോകേണ്ടതുണ്ട് എന്നാണ് സഞ്ജു സാംസൺ കൂട്ടിച്ചേർത്തത്. “ഞങ്ങൾ കൃത്യമായി സാഹചര്യങ്ങൾ മനസ്സിലാക്കി അതിനെ ബഹുമാനിക്കേണ്ടതുണ്ട്. പ്രത്യേക സാഹചര്യങ്ങളിൽ എങ്ങനെയാണ് മുൻപോട്ടു പോകേണ്ടത് എന്നതിനെപ്പറ്റി ആലോചിക്കേണ്ടതുണ്ട്. ഒരു സ്കോർ സെറ്റ് ചെയ്ത് അതിനെ പ്രതിരോധിക്കുന്ന ഒരു ടീമായി മാത്രം മാറുക എന്നതല്ല ഞങ്ങളുടെ ലക്ഷ്യം. ചെയ്സ് ചെയ്യുന്ന മത്സരങ്ങളിലും ഞങ്ങൾക്ക് വിജയങ്ങൾ സ്വന്തമാക്കേണ്ടതുണ്ട്. ആദ്യം ബാറ്റ് ചെയ്ത് വിജയിക്കാൻ മാത്രമല്ല ശ്രദ്ധിക്കേണ്ടത്.”- സഞ്ജു പറഞ്ഞുവെക്കുന്നു.